രാജേഷ് സക്രിയ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍; മുഖ്യമന്ത്രിക്ക് അടുത്തേക്ക് പോയത് മൂന്ന് ലക്ഷം തെരുവുനായ്ക്കളെ കുറിച്ച് പറയാന്‍; രേഖാ ഗുപ്തയെ ആക്രമിച്ചയാളുടെ മൊഴി പുറത്ത്: പോലിസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം
മുഖ്യമന്ത്രിക്ക് അടുത്തേക്ക് പോയത് മൂന്ന് ലക്ഷം തെരുവുനായ്ക്കളെ കുറിച്ച് പറയാന്‍; രേഖാ ഗുപ്തയെ ആക്രമിച്ചയാളുടെ മൊഴി പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം നടത്തിയ ഗുജറാത്ത് സ്വദേശിയായ യുവാവ് പോലീസിന് നല്‍കിയ മൊഴി പുറത്ത്. തെരുവ് നായ്ക്കളെ കുറിച്ച് പറയാനാണ് താന്‍ മുഖ്യമന്ത്രിക്ക് അടുത്തേക്ക് പോയതെന്നാണ് ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയയുടെ മൊഴി. ഡല്‍ഹിയില്‍നിന്ന് തെരുവുനായകളെ മുഴുവന്‍ നീക്കംചെയ്യണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് മൂന്ന് ലക്ഷം തെരുവുനായകളുടെ ജീവനെ ബാധിക്കും ഇക്കാര്യം പറയാനാണ് താന്‍ മുഖ്യമന്ത്രിക്കടുത്തേക്ക് പോയതെന്നാണ് പറഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി രാജേഷിന്റെ മൊഴി പോലീസ് പരിശോധിച്ചുവരികയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് രാജേഷെന്നാണ് ഡല്‍ഹി പോലീസിന്റെ കണ്ടെത്തല്‍. ആക്രമണത്തിന്റെ യഥാര്‍ഥ ലക്ഷ്യം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് ആദ്യം രാജേഷ് പോലീസിന് നല്‍കിയതെന്നാണ് വിവരം. പിന്നീട് മൊഴിമാറ്റി.തിഹാര്‍ ജയിലിലുള്ള തന്റെ ബന്ധുവിന് നീതി ലഭിക്കാനാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ അടുത്തെത്തിയതെന്നാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥനോട് രാജേഷ് പറഞ്ഞത്.
പിന്നീട് തെരുവുനായ വിഷയത്തിലേക്ക് മൊഴിമാറ്റി. തെരുവുനായ വിഷയം സംബന്ധിച്ച് രാജേഷ് ഡല്‍ഹിയിലുണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നതിനാല്‍ ഈ മൊഴി പോലീസ് തളളികളയുകയായിരുന്നു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കാറുള്ള രാജേഷിന്റെ പശ്ചാത്തലം അറിയുവാനായി ഗുജറാത്ത് പോലീസിന്റെ സഹായവും ഡല്‍ഹി പോലീസ് തേടിയിട്ടുണ്ട്.
ഗുജറാത്തില്‍ 2017-നും 2023-നുമിടയില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഈ കേസുകള്‍. എന്നാല്‍, അഞ്ചില്‍ നാല് കേസുകളിലും രാജേഷിനെ കുറ്റവിമുക്തനാക്കിയിരുന്നു. മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ചതിന് രാജേഷിനെതിരെ കൊലപാതക ശ്രമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.