സ്‌കൂള്‍ വിട്ട ശേഷം അകന്ന ബന്ധുവായ ആണ്‍സുഹൃത്തിനൊപ്പം വഴിയരികിലെ ഹോട്ടലില്‍ മകളെ കണ്ടു; അമ്മയുമായി തര്‍ക്കിക്കുന്നതിനിടെ തോക്കുമായി എത്തി വെടിവച്ച് അച്ഛന്‍; 16കാരിക്ക് ദാരുണാന്ത്യം; 20കാരന് പരിക്കേറ്റു
ലഖ്‌നൗ: ഹോട്ടലില്‍ ആണ്‍സുഹൃത്തിനൊപ്പം കണ്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളെ പിതാവ് വെടിവെച്ചുകൊലപ്പെടുത്തി. വെടിവെപ്പില്‍ അകന്ന ബന്ധുകൂടിയായ ആണ്‍സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ അസംഗഢിലാണ് 16 വയസുള്ള മകളെ തോക്കുപയോഗിച്ച് പിതാവ് വെടിവെച്ച് കൊന്നത്. വെടിയേറ്റ പെണ്‍കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. മകളെയും ആണ്‍സുഹൃത്തിനെയും ഒരുമിച്ച് കണ്ടതിലുള്ള പ്രകോപനമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
സ്‌കൂള്‍ വിട്ട ശേഷം പെണ്‍കുട്ടിയും അകന്ന ബന്ധുവായ ആണ്‍സുഹൃത്തും വഴിയരികിലെ ഹോട്ടലില്‍ ഇരിക്കുകയായിരുന്നു. ഇരുവരെയും ഒരുമിച്ച് കണ്ട പെണ്‍കുട്ടിയുടെ അമ്മ സ്ഥലത്തെത്തി വഴക്കുപറഞ്ഞു. ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് മകളെയും ആണ്‍സുഹൃത്തിനെയും മര്‍ദിക്കാന്‍ തുടങ്ങി. പെണ്‍കുട്ടിയുടെ അമ്മയും മറ്റ് ആളുകളും ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവ് തന്റെ ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ച് മകളെയും ആണ്‍സുഹൃത്തിനെയും ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് പരിഭ്രാന്തരായ ആളുകള്‍ പുറത്തേക്ക് ഓടി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും വഴിയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റ ഇരുവരെയും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും പരിക്ക് ഗുരുതരമായതിനാല്‍ വാരണാസിയിലെ ബി.എച്ച്.യു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ വാരണാസിയില്‍ എത്തിച്ചപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ 20 കാരന്റെ നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.
ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന ഗ്രാഹക് സേവാ കേന്ദ്രം നടത്തി വരുന്നയാളാണ് പെണ്‍കുട്ടിയുടെ പിതാവ്. പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തെ പിതാവ് എതിര്‍ത്തിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്നു ഓടി രക്ഷപ്പെടുകയായിരുന്നു.