ഭര്‍ത്താവിനെ ഒഴിവാക്കാന്‍ പറഞ്ഞത് രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ഓട്ടോറിക്ഷാ ഡ്രൈവറെന്ന്; ഭര്‍ത്താവിന്റെ ബന്ധുവായ പോലീസുകാരനും അച്ഛന്‍ ആകാന്‍ സാധ്യത; കാക്കിക്കാരനെ രക്ഷപ്പെടുത്താന്‍ ഇനി 'ഡിഎന്‍എ' പരിശോധനകളുണ്ടാകില്ല; ഹരികുമാറിന്റെ 'നുണ പരിശോധന' നിര്‍ണ്ണായകമായി; കൂസലില്ലാതെ ശ്രീതു വീണ്ടും അഴിക്കുള്ളില്‍; ബാലരാമപുരത്ത് പൊളിഞ്ഞത് ഭര്‍ത്താവിനെ ജയിലിലാക്കാനുള്ള ശ്രീതുവിന്റെ കുതന്ത്രം
ബാലരാമപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കുഞ്ഞിന്റെ മാതാവ് ശ്രീതു(30) അറസ്റ്റിലാകുന്നത് പോലീസിന്റെ ചടുലമായ നീക്കങ്ങള്‍ക്കൊടുവില്‍. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ശ്രീതു കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് പാലക്കാട്ടേക്ക് കടന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്തല്ല ദേവേന്ദുവിന്റെ അച്ഛനെന്നു ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായി.സഹോദരന്‍ ഹരികുമാറുമായി ശ്രീതുവിന് അസ്വാഭാവിക ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തലെങ്കിലും കുഞ്ഞിന്റെ ഡി എന്‍ എ ഇയാളുടേതുമായും യോജിക്കുന്നില്ല.നാലിലേറെ പേരുടെ ഡിഎന്‍എ സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്. കുട്ടിയുടെ കൊലപാതകത്തിന് പിന്നില്‍ ഇതാണോ കാരണമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ തന്നെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ഭര്‍ത്താവല്ലെന്ന് ഭര്‍ത്താവിനോട് ശ്രീതു പറഞ്ഞിരുന്നു. ഭര്‍ത്താവിനെ ഒഴിവാക്കാന്‍ പറഞ്ഞ കള്ളമാണ് ഇതെന്നാണ് ഏവരും കരുതിയത്. ഡിഎന്‍എ പരിശോധനാ ഫലത്തിലൂടെ അച്ഛന്‍ ഭര്‍ത്താവ് അല്ലെന്ന് വ്യക്തമായി. ഓട്ടോ ഡ്രൈവര്‍ ആരെന്ന് കണ്ടെത്താനാണ് പോലീസ് ശ്രമം. ഇതിനൊപ്പം ഒരു പോലീസുകാരനും സംശയ നിഴലിലുണ്ട്. പിതൃത്വം സംബന്ധിച്ച് പരാതികളൊന്നും ലഭിക്കാത്തതിനാല്‍ അതു കണ്ടെത്താനുള്ള ശ്രമം പൊലീസ് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. പോലീസുകാരനെ രക്ഷിക്കാനാണിതെന്നും സൂചനകളുണ്ട്. ശ്രീതുവിന്റെ ഭര്‍ത്താവിന്റെ ബന്ധുവാണ് ഈ പോലീസുകാരന്‍.
വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ ശ്രീതുവും ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് കണ്ടെത്തി. ശാസ്ത്രീയ തെളിവുകളും ഫോണ്‍ സംഭാഷണങ്ങളും ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ശ്രീതുവിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് വീട്ടിലെത്തിയ ദിവസമാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനു കുട്ടികളെ ഇഷ്ടമല്ലായിരുന്നെന്നു പൊലീസ് പറയുന്നു. രാവിലെ 5ന് ശ്രീതു ശുചിമുറിയില്‍ പോയ സമയത്താണ് അവരുടെ മുറിയില്‍ കിടന്ന കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റിലിട്ടതെന്നു ഹരികുമാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ശ്രീതുവിന്റെ ഭര്‍ത്താവാണ് കൊലപാതകം നടത്തിയതെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. ഭര്‍ത്താവിനെ ജയിലിലാക്കാന്‍ ശ്രീതു അതിബുദ്ധിപരമായി കരുക്കള്‍ നീക്കി. ഒടുവില്‍ അവര്‍ കുടുങ്ങുകയും ചെയ്തു.
കുട്ടിയെ കൊന്ന കേസിലെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിനു പുറമേ തെളിഞ്ഞത് ശ്രീതു ഉള്‍പ്പെട്ട സാമ്പത്തിക തിരിമറിയുമാണ്. തന്റെ വീട്ടില്‍നിന്ന് 30 ലക്ഷം രൂപ മോഷണം പോയതായി മകളുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് ശ്രീതു ബാലരാമപുരം പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, രേഖാമൂലം പരാതി നല്‍കിയില്ല. അന്വേഷണത്തിന്റെ ഭാഗമായി ശ്രീതുവുമായി ബന്ധമുണ്ടായിരുന്ന ഒട്ടേറെപ്പേരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ദേവസ്വം ബോര്‍ഡിലാണു ജോലിയെന്നും താന്‍ വിചാരിച്ചാല്‍ അവിടെ ജോലി തരപ്പെടുത്താമെന്നും ശ്രീതു അവകാശപ്പെട്ടിരുന്നതായി കണ്ടെത്തി. ഇതു വിശ്വസിച്ചു പലരും ശ്രീതുവിനു പണം നല്‍കിയെങ്കിലും ജോലി ലഭിച്ചില്ല. ചിലര്‍ക്ക് ഇവര്‍ വ്യാജ നിയമന ഉത്തരവും നല്‍കി. ദേവസ്വം ബോര്‍ഡില്‍ ജോലിക്കെന്നു പറഞ്ഞ് കാറില്‍ രാവിലെ പോകുന്ന ഇവര്‍ പല ദിവസങ്ങളിലും രാത്രി വൈകിയാണ് തിരികെ എത്തിയിരുന്നത്. പണം നഷ്ടപ്പെട്ട കാര്യം സ്ത്രീകളടക്കം ഏതാനും പേര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദ അന്വേഷണത്തിലാണു ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് കണ്ടെത്തിയത്. ഈ തട്ടിപ്പില്‍ ഒരു പോലീസുകാരനും ശ്രീതുവിനെ സഹായിച്ചിരുന്നു.
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസില്‍ അമ്മ ശ്രീതുവിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തതിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് ശ്രീതു. കുട്ടിയെ കിണറ്റില്‍ എറിഞ്ഞത് അമ്മയുടെ അറിവോടെയെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീതുവിന്റെ സഹോദരന്റെ മൊഴിയാണ് നിര്‍ണായകമായത്. ജനുവരി 27നായിരുന്നു ബാലരാമപുരത്ത് കൊല നടന്നത്. കുഞ്ഞിനെ കാണാനില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് കണ്ടെത്തിയിരുന്നു.
പാലക്കാട് പൊഴിഞ്ഞാറാംപാറയില്‍ നിന്നു റൂറല്‍ എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ശ്രീതുവിനെ പിടികൂടിയത്. ഹരികുമാറിനെ നുണപരിശോധന നടത്തിയപ്പോഴാണ് ശ്രീതുവിന്റെ പങ്ക് വ്യക്തമായത്. ശ്രീതു നുണപരിശോധനയ്ക്ക് വിസമ്മതിച്ചിരുന്നു. കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധനയില്‍ ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്തിന്റെ ഫലവും ഹരികുമാറിന്റെ ഫലവും നെഗറ്റീവാണെന്നും കണ്ടെത്തി. ശ്രീതു കുറേക്കാലമായി ഭര്‍ത്താവുമായി പിണങ്ങി സഹോദരനും മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ അന്നേ കുറ്റം സമ്മതിച്ചിരുന്നു. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഹരികുമാറിന്റെയും ശ്രീതുവിന്റെയും മൊഴികളിലെ വൈരുദ്ധ്യം പൊലീസില്‍ സംശയം ജനിപ്പിച്ചു. കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. നാട്ടുകാരും പൊലീസും തെരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.
ഹരികുമാറിന്റെ ചില താല്‍പര്യങ്ങള്‍ക്കു കുട്ടി തടസ്സമായതിനാല്‍ സഹോദരിയോട് ഇയാള്‍ക്കു ദേഷ്യമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ശ്രീതുവിന്റെ ബന്ധങ്ങളില്‍ സംശയമുണ്ടായിരുന്നതിനാലാണ് പിതൃത്വം സംബന്ധിച്ച ഡിഎന്‍എ പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കുട്ടിയെ ഒഴിവാക്കാനുള്ള കാരണം അറിയാന്‍ കൂടിയായിരുന്നു ഇത്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ബാലരാമപുരം സ്റ്റേഷനിലെ 4 പൊലീസുകാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച അന്വേഷണ സംഘം 8 മാസം നടത്തിയ അന്വേഷണമാണ് ശ്രീതുവിന്റെ അറസ്റ്റില്‍ കലാശിച്ചത്.