ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം: കൊലപാതക കാരണം സ്ത്രീധന പീഡനമെന്ന് യുവതിയുടെ ബന്ധുക്കള്‍: ഭര്‍ത്താവിനായി തിരച്ചില്‍
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച ശേഷം കടന്നു കളഞ്ഞ ഭര്‍ത്താവിനായി തിരച്ചില്‍. സാക്ഷി എന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ആകാശ് കാമ്പാറിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
നാലു മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ബന്ധുവിന്റെ വീട്ടില്‍ പോയ ആകാശിന്റെ അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സാക്ഷിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിന് ശേഷം ആകാശ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ആകാശിന്റെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ സ്ത്രീധന പീഡനമാണ് കൊലപാതക കാരണമെന്ന് സാക്ഷിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ കേസും പുറത്തുവരുന്നത്.