പന്തളം കുരമ്പാലയില്‍ മോഷ്ടാക്കള്‍ വിളയാടി; ആറു വീടുകളില്‍ മോഷണശ്രമം; വീട്ടമ്മയുടെ മാലയും കൊലുസും അടക്കം നാലരപവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു
പന്തളം: കുരമ്പാലയില്‍ മോഷണ പരമ്പര. രണ്ടു ഭാഗങ്ങളിലായി ആറു വീടുകളില്‍ മോഷണശ്രമം. ഒരു വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കുരമ്പാല തെക്ക് പെരുമ്പാലൂര്‍ ക്ഷേത്രത്തിന് സമീപമുള്ള വീടുകളിലാണ് മോഷണശ്രമം നടന്നത്. കുരമ്പാല തെക്ക് ഗൗരീശത്തില്‍ ദിനേശ് കുമാറിന്റെ ഭാര്യ രജിതയുടെ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്.
മറ്റു വീടുകളില്‍ അടുക്കള ഭാഗം കേന്ദ്രീകരിച്ച് മോഷണശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രജിതയുടെ രണ്ടേകാല്‍ പവന്റെ മാലയും രണ്ടു പവന്റെ കൊലുസുകളും ആണ് നഷ്ടപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോട് കൂടിയാണ് വീട്ടില്‍ മോഷണം നടന്നത്. കുരമ്പാല തെക്ക് കരൂര്‍ വീട്ടില്‍ വിനോദ് കുമാര്‍, കോടിയാട്ട് ഗോപിനാഥക്കുറുപ്പ്, ശ്രീരാഗത്തില്‍ ശ്രീകുമാര്‍ എന്നിവരുടെ വീടുകളിലും, ഇവിടെ നിന്നും അര കിലോമീറ്റര്‍ അകലെ കുരമ്പാലയില്‍ പെരുമ്പാലൂര്‍ ക്ഷേത്രത്തിന് സമീപമുള്ള ഭഗവതി വടക്കേതില്‍ ലളിത, നന്മ വീട്ടില്‍ പ്രസന്ന മുകളയ്യത്ത് മധു, കച്ചിറ മണ്ണില്‍ രാജു എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു.
എല്ലാ വീടുകളുടെയും അടുക്കള ഭാഗം ലക്ഷ്യമാക്കിയാണ് മോഷ്ടാക്കള്‍ എത്തിയത്. ചില വീടുകളില്‍ അടുക്കള വാതിലിനു പുറത്തായി ഇരുമ്പ് പട്ട സ്ഥാപിച്ചിരുന്നതിനാല്‍ മോഷ്ടാക്കള്‍ക്ക് തുറക്കാന്‍ കഴിഞ്ഞില്ല. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ട ദിനേശ് കുമാറും കുടുംബവും മൂകാംബിക യാത്ര കഴിഞ്ഞ് ചൊവ്വാഴ്ച വൈകുന്നേരം ആണ് മടങ്ങിയെത്തിയത്. ക്ഷീണം കാരണം ഇവര്‍ നല്ല ഉറക്കത്തിലായിരുന്നു.
കാലില്‍ ആരോ തൊടുന്നതായി തോന്നിയ രജിത ബഹളം വച്ചതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. രജിതയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. മേശപ്പുറത്തിരുന്ന ഇവരുടെ ബാഗ് മോഷ്ടാക്കള്‍ തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. വീട്ടിലെ അലമാരയും തുറന്നു പരിശോധിച്ചിട്ടുണ്ട്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എസ്.ഐഅനീഷ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.