ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മയുടെ മരണ കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ്; മൃതദേഹത്തിന് സമീപം വാക്കത്തി; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; അന്വേഷണം തുടങ്ങി
കോട്ടയം: ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. തെള്ളകം പൂഴിക്കുന്നേല്‍ വീട്ടില്‍ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസി (55) നെയാണ് കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശത്തെ അടുക്കളയുടെ സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ലീന ജോസിന്റെ മരണത്തിന് കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബലം പ്രയോഗിച്ച് മുറിവേല്‍പ്പിച്ചത് ആകാനുള്ള സാധ്യത ഉണ്ടെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ലീനയുടെ ഭര്‍ത്താവ് ജോസ് ചാക്കോയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ജോസ് ചാക്കോയുടെ മൊഴിയില്‍ അവ്യക്തത ഉണ്ടെന്ന് പൊലീസ് പറയുന്നു. ലീനയുടെ ഇളയമകന്‍ തോമസ് ജോസിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
ലീനയുടെ മകന്‍ ജെറിന്‍ തോമസ് ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് വീട്ടിലെത്തിയത്. അമ്മയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ലീനയുടെ കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വാക്കത്തിയും ഒരു കറിക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് ഭര്‍ത്താവ് ജോസ് ചാക്കോയും ഇളയ മകന്‍ തോമസ് ജോസും വീട്ടില്‍ ഉണ്ടായിരുന്നു.
അതേസമയം, സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായും വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും ഏറ്റുമാനൂര്‍ പോലീസ് പറഞ്ഞു. രണ്ട് മക്കളും ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനുമാണ് വീട്ടില്‍ താമസിക്കുന്നത്. ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാടും സ്ഥലത്ത് പരിശോധന നടത്തി. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ലീന എന്ന് ബന്ധുക്കള്‍ പറഞ്ഞു.