സമ്പന്ന കുടുംബത്തിലെ ആണ്‍പിള്ളാരെ കണ്ടെത്തി വിവാഹം കഴിക്കും; രണ്ട് നാള്‍ കൂടെ താമസിച്ച ശേഷം പണവും ആഭരണങ്ങളുമായി മുങ്ങും; വിവാഹ തട്ടിപ്പ് നടത്തുന്നത് കുടുംബത്തോടെ: ഒളിവില്‍ കഴിഞ്ഞിരുന്ന യുവതി അറസ്റ്റില്‍
വിവാഹ തട്ടിപ്പ് നടത്തുന്നത് കുടുംബത്തോടെ:യുവതി അറസ്റ്റില്‍
ഗുരുഗ്രാം: കുടുംബത്തോടെ വിവാഹത്തട്ടിപ്പ് നടത്തിപ്പോന്ന സംഘത്തിലെ യുവതിയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്തു. കാജല്‍ എന്ന യുവതിയെയാണ് ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റു ചെയ്തത്. സമ്പന്ന കുടുംബത്തിലെ ആണ്‍പിള്ളേരെ കണ്ടെത്തി വിവാഹം കഴിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്ന സംഘത്തിലെ അംഗമായിരുന്നു കാജല്‍. കുടുംബത്തോടെയാണ് ഇവര്‍ തട്ടിപ്പ് നടത്തി പോന്നച്.
ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്ന കാജലിനെ കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ പോലിസ് പിടികൂടിയത്. വിവാഹ തട്ടിപ്പ് കേസില്‍ കാജലിന്റെ മാതാപിതാക്കളും സഹോദരനും സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു. കാജലിന്റെ പിതാവിന്റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ് നടന്നത്. കാജലിന്റെ പിതാവ് ഭഗത് സിങ് സമ്പന്നരായ കുടുംബത്തിലെ ആണ്‍പിള്ളാരെ കണ്ടെത്തി തന്റെ പെണ്‍മക്കളായ കാജലിനും തമന്നയ്ക്കും വിവാഹം ആലോചിക്കും. വിവാഹം നടന്നു കഴിഞ്ഞാല്‍ രണ്ടാം നാള്‍ പണവും സ്വര്‍ണവുമായി സ്ഥലത്ത് നിന്നു മുങ്ങും. ഇതാണ് ഇവരുടെ പതിവ് പരിപാടി.
2024 മേയില്‍ യുപി സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് ആണ്‍മക്കള്‍ക്ക് ഇയാള്‍ തന്റെ പെണ്‍മക്കളെ വിവാഹം ആലോചിച്ചു. സമ്പന്ന കുടുംബമായിരുന്നു താരാചന്ദിന്റേത്. വിവാഹ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ഭഗത് സിങ് 11 ലക്ഷം രൂപ താരാചന്ദില്‍ നിന്നു വാങ്ങുകയും ചെയ്തു. മേയ് 21ന് കുടുംബാംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് വിവാഹവും നടന്നു. കാജലിന്റെയും തമന്നയുടെയും മാതാവ് സരോജ്, സഹോദരന്‍ സുരാജ് എന്നിവരും വിവാഹത്തിനുണ്ടായിരുന്നു. കുടുംബം മുഴുവനും ഉണ്ടായിരുന്നതിനാല്‍ തട്ടിപ്പ് എന്ന് ആരും കരുതിയതുമില്ല.
വിവാഹം കഴിഞ്ഞ് വധുവിന്റെ കുടുംബം രണ്ടുനാള്‍ വരന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞു. എന്നാല്‍ മൂന്നാം നാള്‍ ഇവരെ കുടുംബത്തോടെ കാണാതായി. വിവാഹത്തിന് നല്‍കിയ ആഭരണങ്ങളും വസ്ത്രങ്ങളും പണവും ഇവര്‍ കൊണ്ടുപോവുകയും ചെയ്തു. ഇതോടെയാണ് വിവാഹ തട്ടിപ്പാണെന്ന് മനസ്സിലായത്. തുടര്‍ന്ന് താരാചന്ദ് പൊലീസില്‍ പരാതി നല്‍കി. ആദ്യം ഭഗത് സിങ്ങിനെയും ഭാര്യയെയും അറസ്റ്റു ചെയ്തു. പിന്നീട് വധുമാരിലൊരാളായ തമന്നയെയും സഹോദരന്‍ സുരാജിനെയും അറസ്റ്റു ചെയ്തു.
കുടുംബത്തെ ഒന്നടങ്കം ചോദ്യം ചെയ്തതോടെയാണ് ഇവര്‍ സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണെന്നു തെളിഞ്ഞത്. കാജലിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിലാണ് കാജലിനെ അറസ്റ്റു ചെയ്തത്. തന്റെ പിതാവാണ് എല്ലാ തട്ടിപ്പും ആസൂത്രണം ചെയ്തതെന്നാണ് കാജല്‍ പൊലീസിനോടു പറഞ്ഞത്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും സഹായികളായി വേറെ ആളുകളുണ്ടോയെന്നും അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു.