മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; കൊടുങ്ങല്ലൂര്‍ സ്വദേശിയില്‍ നിന്നും 9.90 ലക്ഷം തട്ടിയെടുത്ത യുവതി അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍ സ്വദേശിയില്‍ നിന്നും 9.90 ലക്ഷം തട്ടിയെടുത്ത യുവതി അറസ്റ്റില്‍

Update: 2025-11-14 04:16 GMT

കൊടുങ്ങല്ലൂര്‍: മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് കൊടുങ്ങല്ലൂര്‍ സ്വദേശിയില്‍നിന്ന് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഹരിയാണ ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പില്‍ തോമസ് ലാലാണ് തട്ടിപ്പിന് ഇരയായത്. തോമസ് ലാലിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത സമയം ഫോണില്‍ ആര്‍.ടി.ഒ. ചലാന്‍ എന്ന എ.പി.കെ. ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തതു വഴിയാണ് പണം നഷ്ടപ്പെട്ടത്.

ബിസിനസ് സംബന്ധമായ ആവശ്യത്തിനായി പണം എടുക്കുന്നതിനായി ബാങ്കില്‍ ചെന്നപ്പോള്‍ ബാങ്ക് മാനേജര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നും 2025 സെപ്റ്റംബര്‍ 29ന് മൂന്ന് തവണകളായി ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം രൂപ ഓണ്‍ലൈന്‍ ആയി ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പൊലീസ് ആസ്ഥാനത്തുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഫോണ്‍ പരിശോധിച്ചു. പരിശോധനയില്‍ ഫോണില്‍ ആര്‍ടിഒ ചലാന്‍ എന്ന പേരിലുള്ള എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി കണ്ടെത്തി.

തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത് പ്രകാരം കേസെടുക്കുകയായിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ഹരിയാണയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹരിയാണയിലെത്തി ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജവിലാസത്തില്‍ തുടങ്ങിയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ബാങ്ക് അക്കൗണ്ട് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

സൈബര്‍ പോലീസ് സ്റ്റേഷന്‍ ഗ്രേഡ് എസ്ഐ സുജിത്ത്, സിപിഒ സച്ചിന്‍, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ബി.കെ. അരുണ്‍, എസ്ഐ മനു, തോമസ്, അസ്മാബി, സിപിഒ ജിഷാ ജോയ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News