ഓണ്‍ലൈന്‍ ഓഹരിത്തട്ടിപ്പ്; തൃക്കുന്നപ്പുഴ സ്വദേശിയില്‍ നിന്നു 16.6 ലക്ഷം രൂപ തട്ടിയ സംഘത്തിലെ യുവതി അറസ്റ്റില്‍: ആര്യാ ദാസിനെതിരെ വിവിധ സംസ്ഥാനങ്ങളിലായി 28 കേസുകള്‍
ഓൺലൈൻ ഓഹരിത്തട്ടിപ്പ്: 16.6 ലക്ഷം തട്ടിയ യുവതി അറസ്റ്റില്‍
ആലപ്പുഴ: ഓണ്‍ലൈന്‍ ഓഹരിത്തട്ടിപ്പിലൂടെ ആലപ്പുഴ സ്വദേശിയെ കബളിപ്പിച്ച് 16.6 ലക്ഷം രൂപ തട്ടിയ സംഘത്തിലെ യുവുതി അറസ്റ്റില്‍. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ തിരുവനന്തപുരം തിരുമല പൂത്തേരില്‍ വീട്ടില്‍ ആര്യ ദാസിനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മുപ്പത്തിമൂന്ന് കാരിയായ ആര്യക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായ 28 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. ഓഹരി തട്ടിപ്പ് കേസുകളാണ് കൂടുതലും. സ്വകാര്യ ഓഹരി ട്രേഡിങ് കമ്പനിയുടെ പ്രതിനിധി എന്നു പരിചയപ്പെടുത്തിയാണു യുവതിയും സംഘവും സമൂഹമാധ്യമം വഴി തട്ടിപ്പിനിരയായ ആലപ്പുഴ സ്വദേശിയെ പരിചയപ്പെട്ടത്.
ഓഹരി വിപണിയിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ ഓഹരി ട്രേഡിങ് ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ഇതിലൂടെ പ്രതികള്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്കു പണം അയച്ചു. 2 മാസത്തിനിടെ 16.6 ലക്ഷം രൂപ കൈമാറി. പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പറ്റാതെ വന്നതോടെയാണു തട്ടിപ്പാണെന്നു ബോധ്യമായത്.