'റോഡില്‍നിന്ന് ചാല്‍ കടന്ന് വേണം കുളത്തിനരികിലെത്താന്‍; ചെറിയ പാലങ്ങളിലൂടെയോ ചാലുകളിലൂടെയോ ഒരു ആറ് വയസ്സുകാരന്‍ തനിയെ അങ്ങോട്ട് പോകുന്നത് അസ്വാഭാവികം; ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയും ആളുകള്‍ അവിടെ കുളിച്ചിരുന്നു'; ചിറ്റൂരിലെ ആറുവയസുകാരന്റെ മരണത്തില്‍ ദുരൂഹത; വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കളും നഗരസഭാ ചെയര്‍മാനും
പാലക്കാട്: ചിറ്റൂരില്‍ ആറ് വയസ്സുകാരനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ശനിയാഴ്ച രാവിലെ 11 മണിയോടെ കാണാതായ ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെ ഞായറാഴ്ച രാവിലെ വീടിനു സമീപമുള്ള കുളത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറ്റൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ 21 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡ് എത്തിയത് മറ്റ് രണ്ട് കുളങ്ങളിലേക്ക് ആയതിനാല്‍ അവിടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. മൃതദേഹം കണ്ടെത്തിയ കുളത്തില്‍ ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയും ആളുകള്‍ കുളിച്ചിരുന്നുവെന്നും എന്നാല്‍, അപ്പോഴൊന്നും ഒന്നും ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കാണായായതില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാനെ സഹോദരന്‍ 'ബാഡ് ബോയ്' എന്ന് വിളിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ കുട്ടി പിണങ്ങി പുറത്തേക്ക് പോയതായിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാലും നിമിഷങ്ങള്‍ക്കകം കുട്ടിക്ക് ഇത്ര ദൂരം തനിയെ പോകാന്‍ അറിയില്ലെന്നും ആരോ കുട്ടിയെ എടുത്തുകൊണ്ടുപോയതുപോലെയാണ് തോന്നുന്നതെന്നും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.
കുട്ടിയുടെ വീടിന് സമീപത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ആ കുളത്തിലേക്ക് കുട്ടി തനിയെ എത്താനുള്ള സാധ്യത വളരെ കുറവാണെന്ന് നഗരസഭാ ചെയര്‍മാനും നാട്ടുകാരും ചൂണ്ടിക്കാട്ടി. പ്രധാന റോഡിനോട് ചേര്‍ന്നല്ല ഈ കുളം സ്ഥിതി ചെയ്യുന്നത്. റോഡില്‍നിന്ന് ചാല്‍ കടന്ന് വേണം കുളത്തിനരികിലെത്താന്‍. ചെറിയ പാലങ്ങളിലൂടെയോ ചാലുകളിലൂടെയോ ഒരു ആറ് വയസ്സുകാരന്‍ തനിയെ അങ്ങോട്ട് പോകുന്നത് അസ്വാഭാവികമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. കുട്ടി സാധാരണയായി സഹോദരനൊപ്പം സമീപത്തുള്ള പാര്‍ക്കില്‍ കളിക്കാന്‍ പോകാറുണ്ടെങ്കിലും ഈ കുളത്തിന്റെ ഭാഗത്തേക്ക് വരാറില്ല.
കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റക്കിറങ്ങുന്നത് പതിവായിരുന്നതിനാല്‍ കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ വൈകിയാണ് അറിഞ്ഞത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തിരച്ചിലിന്റെ ഭാഗമായി ശനിയാഴ്ച സ്ഥലത്തെത്തിയ ഡോഗ് സ്‌ക്വാഡിലെ പോലീസ് നായ മണം പിടിച്ച് വീടിന് സമീപത്തെ ഒരു കുളത്തിന് അരികില്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുളത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത് ഇതിന് 100 മീറ്റര്‍ അപ്പുറത്തുള്ള കുളത്തില്‍നിന്നാണ്.
മൃതദേഹം കണ്ടെത്തിയ കുളത്തിന്റെ ഘടന അനുസരിച്ച് അവിടെ കാല്‍ വഴുതി വീഴാനുള്ള സാധ്യത കുറവാണെന്നും ആരെങ്കിലും കുളത്തിലേക്ക് ഇറങ്ങിയാല്‍ മാത്രമേ അപകടം സംഭവിക്കൂ എന്നും ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ വ്യക്തമാക്കി. റോഡിലൂടെ നടക്കുമ്പോള്‍ അബദ്ധത്തില്‍ കുളത്തിലേക്ക് വീഴാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈ കുളത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എപ്പോഴും ആള്‍പ്പെരുമാറ്റം ഉണ്ടാകാറുള്ള കുളമാണ്. പക്ഷെ കുട്ടി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു. കുട്ടി അപകടത്തില്‍പ്പെട്ടതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന് കണ്ടെത്താന്‍ പോലീസിന്റെ വിശദമായ അന്വേഷണം വേണമെന്നാണ് നഗരസഭാ ചെയര്‍മാനും കുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെടുന്നത്.
'കുളത്തിന് പിന്നിലായി ചില്‍ഡ്രന്‍സ് പാര്‍ക്കുണ്ട്. കുട്ടി സഹോദരന്മാരും കൂട്ടുകാരുമൊത്ത് കളിക്കാന്‍ വരാറുണ്ട്. പക്ഷെ കുളത്തിന്റെ ഭാഗത്തുള്ള വഴിയിലൂടെ പോകേണ്ട കാര്യമില്ല, മറ്റൊരു വഴിയുണ്ട്. അതിലൂടെ പോകാന്‍ കഴിയും. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കണം. അപകടം നടന്ന കുളം റോഡിനോട് ചേര്‍ന്നല്ല. അതിനാല്‍ റോഡിലൂടെ നടന്ന് പോകുമ്പോള്‍ അബദ്ധത്തില്‍ വീണു എന്ന് കരുതാനാകില്ല. മുതിര്‍ന്ന ആളുകള്‍ക്ക് പോലും കടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കനാല്‍ റോഡിനും പാലത്തിനും നടുവിലുണ്ട്. സംഭവത്തില്‍ പൊലീസിന്റെ വിശദമായ അന്വേഷണം വേണം.' സുമേഷ് അച്യുതന്‍ പ്രതികരിച്ചു.
പാര്‍ക്കിനകത്ത് അല്ലാതെ കുളത്തിന്റെ പരിസരത്ത് സിസിടിവി ക്യാമറകളില്ല. പാര്‍ക്കിലെ സിസിടിവി പരിശോധിച്ചിരുന്നു. എന്നാല്‍ അവിടേക്ക് കുട്ടി എത്തിയതായി ദൃശ്യങ്ങളിലില്ല. കുളത്തിന്റെ അരികിലെ വഴിയിലൂടെ സാധാരണ പാര്‍ക്കിലേക്ക് പോകാറില്ല. പക്ഷെ കുട്ടിയുടെ അമ്മ ഇന്നലെ ഈ വഴി വന്നിരുന്നു. അമ്മയുടെ പിറകെ വന്നതാണോ കുട്ടി എന്ന് അറിയില്ലെന്നും സുമേഷ് അച്യുതന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു. ഇതിനിടെ സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ഡോഗ് സ്‌ക്വാഡും തിരച്ചില്‍ നടത്തുകയായിരുന്നു. കുളങ്ങളും ബസുകളും അടക്കം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലും കുഞ്ഞിനെ കണ്ടെത്താന്‍ പറ്റിയിരുന്നില്ല. ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. സുഹാന്‍ പോകാന്‍ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്‌കൂള്‍ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇതിനിടെ സുഹാനെ അവസാനമായി കണ്ടെന്ന് പറയുന്ന സ്ത്രീകളില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. സുഹാന്റെ വീട്ട് പരിസരത്ത് നിന്ന് 100 മീറ്റര്‍ ദുരത്ത് വെച്ച് കുട്ടിയെ കണ്ടെന്നായിരുന്നു രണ്ട് സ്ത്രീകളുടെ മൊഴി. എന്നാല്‍ സ്ത്രീകളില്‍ നിന്ന് ലഭിച്ച വിവര പ്രകാരം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.
