വഴക്കിനിടെ ഭാര്യയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി; വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞത് മഞ്ജു ഉറങ്ങുകയാണെന്ന്; സംശയം തോന്നിയ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഹാളില്‍ മരിച്ചു കിടക്കുന്ന സഹോദരിയെ: ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
മഞ്ജു കൊലക്കേസ്; ഭര്‍ത്താവിന് ജീവപര്യന്തം
കൊല്ലം: സംശയത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി തടവു അനുഭവിക്കണം. പുനലൂര്‍ മണിയാറിലെ മഞ്ജു കൊലക്കേസിലാണ് പ്രതിക്ക് കൊല്ലം നാലാം സെഷന്‍സ് കോടതി ജഡ്ജി സി.എം.സീമ ജീവപ്യന്തം തടവും പിഴയും ശിക്ഷ വിധിച്ചത്.
2022 ഫെബ്രുവരി 9ന് ആണ് കേസിന് ആസ്പദമായ സംഭവം. മണിയാറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇടക്കുന്ന് മുളവെട്ടിക്കോണം മഞ്ജു നിവാസില്‍ മഞ്ജു(36)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മണികണ്ഠനെ (42) പോലിസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധി. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. മഞ്ജുവിന്റെ മക്കള്‍ക്ക് വിക്ടിം കോംപന്‍സേഷന്‍ ആക്ട് പ്രകാരം ധനസഹായം ലഭ്യമാക്കണമെന്നും വിധി ന്യായത്തില്‍ പറഞ്ഞു.
മഞ്ജുവിന്റെയും മണികണ്ഠന്റെയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് പിന്നാലെ മണികണ്ടന് മഞ്ജുവിനെ സംശയമായി. കുരിയോട്ടുമല ഫാമിലെ താല്‍ക്കാലിക ജീവനക്കാരി ആയിരുന്ന മഞ്ജുവിനൊട് സഹപ്രവര്‍ത്തകരായ പുരുഷന്മാരുടെ പേരു പറഞ്ഞു മണികണ്ഠന്‍ നിരന്തരം വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകുംചെയ്യുമായിരുന്നു. വഴക്കിനിടെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്താനും നേരത്തേ ശ്രമിച്ചിച്ചിരുന്നു.
പതിവുപോലെ കൊലപാതക ദിവസവും മണികണ്ഠന്‍ മഞ്ജുവുമായി വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്തു. രാത്രി 8ന് മഞ്ജു അമ്മയോടു ഫോണില്‍ വിളിച്ച് മണികഠ്ന്‍ ഉപദ്രവിക്കുന്നതായി പറഞ്ഞിരുന്നു. രാത്രി 12 നു മഞ്ജുവിന്റെ ഫോണില്‍ നിന്ന് അച്ഛനെ ഫോണ്‍ വിളിച്ചെങ്കിലും ഫോണ്‍ പെട്ടെന്ന് കട്ട് ആയി. തിരിച്ചു പലതവണ വിളിച്ചപ്പോള്‍ മണികണ്ഠന്‍ ഫോണ്‍ എടുത്ത് മഞ്ജു ഉറങ്ങുകയാണെന്നു പറഞ്ഞു. അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചു മുതല്‍ മഞ്ജുവിന്റെ അമ്മ ഫോണ്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതിരുന്നതിനാല്‍ സഹോദരന്‍ മനോജ് വീട്ടിലെത്തിയപ്പോഴാണ് ഹാളില്‍ മഞ്ജുവിനെ മരിച്ച നിലയില്‍ കണ്ടത്. ഈ സമയം മണികണ്ഠന്‍ കൈത്തണ്ട മുറിച്ച് കയ്യില്‍ കത്തിയുമായി നില്‍ക്കുകയായിരുന്നു.
മഞ്ജുവിനെ കൊലപ്പെടുത്തിയതായി രാത്രി തന്നെ അയല്‍ക്കാരെയും മഞ്ജുവിന്റെ സഹപ്രവര്‍ത്തകരെയും മണികണ്ഠന്‍ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ മദ്യപിച്ച് വഴക്കുണ്ടാകുന്ന ദിവസങ്ങളില്‍ ഇങ്ങനെ വിളിക്കുന്നതും കൊല്ലുമെന്ന് പറയുന്നതും പതിവായതിനാല്‍ അവര്‍ കാര്യമാക്കിയില്ല. പുലര്‍ച്ചെ സഹോദരനെത്തി പരിശോധിച്ചതോടെയാണ് നാട്ടുകാരും കൊലപാതക വിവരം അറിയുന്നത്. പുനലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.രാജേഷ് കുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 26 സാക്ഷികളെ വിസ്തരിച്ചു. 35 പ്രമാണങ്ങളും തൊണ്ടിയും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കുന്നത്തൂര്‍ കെ.കെ.ജയകുമാര്‍ ഹാജരായി. എ.വിദ്യ പ്രോസിക്യൂഷന്‍ സഹായിയായി.
ദുരിതക്കയത്തില്‍ മഞ്ജുവിന്റെ കുട്ടികള്‍
അമ്മ മരിക്കുകയും അച്ഛന്‍ ജയിലിലാകുകയും ചെയ്തതോടെ ദുരിതക്കയത്തിലായത് മഞ്ജുവിന്റെ കുട്ടികളാണ്. മഞ്ജുവിന്റെ വേര്‍പാടോടെ കുടുംബവുംം നിലയില്ലാ കയത്തിലായി. ഇപ്പോള്‍ ജപ്തി ഭീഷണിയും. മഞ്ജുവിന്റെ മക്കളെ സംരക്ഷിച്ചിരുന്നത് മഞ്ജുവിന്റെ അമ്മയും അച്ഛനും ആയിരുന്നു. അച്ഛന്‍ അര്‍ബുദം ബാധിച്ചു മരിച്ചു. പിന്നീട് ഇടിമിന്നലേറ്റ് അമ്മയും മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏക സഹോദരന്‍ മനോജിന്റെ ചുമലില്‍ ആയി. ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബത്തോടൊപ്പമാണ് മഞ്ജുവിന്റെ മക്കളുടെ സംരക്ഷണച്ചുമതലയും.
മഞ്ജുവിന്റെ പേരില്‍ ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യതകളും അച്ഛനും അമ്മയും മണിയാര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പയും അടച്ചു തീര്‍ക്കാന്‍ കഴിയുന്നില്ല. ആകെയുള്ള 9 സെന്റ് വസ്തു ജപ്തി ഭീഷണിയിലാണ്. ജീവിതം ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴും സഹോദരിയുടെ കൊലപാതകിയെ നിയമത്തിനു മുന്നില്‍ എത്തിച്ചു ഉചിതമായ ശിക്ഷ വാങ്ങിച്ചു കൊടുത്ത ആശ്വാസത്തിലാണു മനോജ് .
