പ്രവാസിയായ മലപ്പുറത്തുകാരി; നാട്ടില്‍ വിവാഹ മോചന കേസു കൊടുത്താല്‍ ബന്ധുക്കളുടെ എതിര്‍പ്പ് ഭയന്നു; തിരുവനന്തപുരത്തെ താമസക്കാരിയെന്നതിന് തെളിവായി കോടതിയില്‍ നല്‍കിയത് വാടക കരാര്‍; ആ അഡ്രസില്‍ അന്വേഷിച്ച ഭര്‍ത്താവ് തിരിച്ചറിഞ്ഞത് വ്യാജ രേഖ; ഹൈക്കോടതിയില്‍ പോയി വിവാഹ മോചന തര്‍ക്കത്തെ ക്രിമിനല്‍ കേസാക്കി; നിഷാന അഴിക്കുള്ളില്‍; നിലമ്പൂരുകാരിക്ക് സംഭവിച്ചത്

Update: 2025-08-06 06:20 GMT

തിരുവനന്തപുരം: വിവാഹ മോചനത്തിനു വേണ്ടി വാടകക്കു താമസിക്കുന്നതായി വ്യാജരേഖയുണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ച യുവതിയെ അറസ്റ്റു ചെയ്ത കേസില്‍ നിറയുന്നത് 'താമസ രേഖയിലെ' പ്രശ്‌നം. നിലമ്പൂര്‍ സ്വദേശിനി നിഷാന (34) യാണു പോലീസ് പിടിയിലായത്. കോടതിയെ കബളിപ്പിച്ചതിനാണ് നിഷാനയെ അറസ്റ്റു ചെയ്തത്. ഭര്‍ത്താവിന്റെ തന്ത്രപരമായ നീക്കങ്ങളാണ് ഈ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്.

ദുബായില്‍ താമസിക്കുന്ന നിഷാന തിരുവനന്തപുരം ശ്രീവരാഹത്തു താമസിക്കുന്നതായി വ്യാജരേഖയുണ്ടാക്കി വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. സ്വദേശമായ നിലമ്പൂരില്‍ വിവാഹമോചന കേസ് നല്‍കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ തിരുവനന്തപുരത്തു കേസു കൊടുക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങള്‍ കാരണം വേര്‍പിരിയാന്‍ തീരുമാനിച്ച നിഷാന 50 ലക്ഷംരൂപ ഭര്‍ത്താവില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ദുബായില്‍ ബിസിനസ്സാണ് നിഷാനയ്ക്ക്. വിവാഹ മോചന ഹര്‍ജി നല്‍കുന്നതിനോട് നിഷാനയുടെ കുടുംബത്തിന് താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് കേസ് കൊടുക്കാനായി മറ്റൊരു അഡ്രസിലേക്ക് കാര്യങ്ങളെത്തിച്ചത്.

ശ്രീവരാഹത്തെ വാടക കരാര്‍ അടക്കം നല്‍കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഇതേത്തുടര്‍ന്നു വാടക കരാര്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നു കാണിച്ച് ഇവരുടെ മുന്‍ ഭര്‍ത്താവ് തെളിവുസഹിതം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയ്ക്ക് വ്യാജ രേഖയില്‍ ബോധ്യം വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ഈ വിവാഹ മോചന കേസിന് ക്രിമിനല്‍ സ്വഭാവം വന്നത്. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ട് പോലീസ് കേസെടുക്കുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണെന്നും രേഖകള്‍ വ്യാജമാണെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടു കൂടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തുടര്‍ന്നാണ് നിഷാനയുടെ അറസ്റ്റുണ്ടായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹ മോചന കേസുകള്‍ എവിടെയാണോ വിവാഹം നടന്നത് അല്ലെങ്കില്‍ അവരിപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് ഫയല്‍ ചെയ്യാമെന്നാണ് ചട്ടം. ഇതിലെ സാധ്യത പ്രയോജനപ്പെടുത്തിയാണ് താമസം തിരുവനന്തപുരത്താണെന്ന് കാട്ടാനായി വാടക കരാര്‍ അടക്കം കോടതിയില്‍ നല്‍കിയത്. എന്നാല്‍ വാടക കരാറില്‍ പറയുന്ന സ്ഥലത്ത് യുവതി താമസിക്കുന്നില്ലെന്നും വാടക രേഖകള്‍ വ്യാജമാണെന്നും ഭര്‍ത്താവ് മനസ്സിലാക്കി. ഇതോടെയാണ് ആ വഴിക്ക് നിയമ പോരാട്ടം നടത്തിയത്. ഇത് ഹൈക്കോടതിയില്‍ അടക്കം ബോധ്യപ്പെടുത്താനായിടത്താണ് പ്രവാസി കൂടിയായ യുവതി അറസ്റ്റിലാകുന്നത്.

ഇതോടെ വിവാഹ മോചന കേസിനും പുതിയ തലം വരികയാണ്. നിഷാനയുടെ 50 ലക്ഷം രൂപയെന്ന നഷ്ടപരിഹാര ആവശ്യത്തെ പോലും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലേക്ക് ഈ കേസ് മാറി. കോടതിയില്‍ വ്യാജ വാടക കരാര്‍ നല്‍കിയതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം.

Tags:    

Similar News