കാളികാവില്‍ ഗഫൂറിനെ അക്രമിച്ചത് വനം വകുപ്പിന്റെ ഡാറ്റാ ബേസിലുളള കടുവ; തോട്ടത്തിന് സമീപം സ്ഥാപിച്ച ക്യമറയില്‍ നരഭോജി കടുവയുടെ ദൃശ്യം പതിഞ്ഞു; ദൗത്യം പ്രധാന ഘട്ടത്തിലിരിക്കെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം
കാളികാവില്‍ ഗഫൂറിനെ അക്രമിച്ചത് വനം വകുപ്പിന്റെ ഡാറ്റാ ബേസിലുളള കടുവ
നിലമ്പൂര്‍: കാളികാവില്‍ ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കൊന്നത് വനം വകുപ്പിന്റെ ഡാറ്റാ ബേസിലുളള കടുവയെന്ന് സ്ഥിരീകരണം. ഗഫൂറിനെ അക്രമിച്ച തോട്ടത്തില്‍ ഇന്നലെ രാത്രി 12.30 ഓടെ കടുവ എത്തിയതായും വനം വകുപ്പ് അറിയിച്ചു. തോട്ടത്തിന് സമീപം സ്ഥാപിച്ച ക്യമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞതായി വൈല്‍ഡ് ലൈഫ് ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ പറഞ്ഞു. അതേ സമയം നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനെ സ്ഥലം മാറ്റിയിരുന്നു. ദൗത്യം പ്രധാന ഘട്ടത്തിലിരിക്കെയാണ് സ്ഥലംമാറ്റം ഉണ്ടാകുന്നത്. മൂവാറ്റുപുഴയിലെ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ടുള്ള സ്ഥലം മാറ്റമെന്നാണ് ഉത്തരവില്‍ വനം വകുപ്പ് പറയുന്നത്.
ദൗത്യത്തിന് നേതൃത്വം നല്‍കുന്ന നിലമ്പൂര്‍ ഡിഎഫ്ഒയെ സ്ഥലം മാറ്റിയത് ദൗത്യത്തെ ബാധിക്കുമെന്നും കടുവയെ ട്രാക്ക് ചെയ്യുവാനുള്ള നടപടികള്‍ ഇന്ന് തന്നെ ആരംഭിക്കുമെന്നും അരുണ്‍ സക്കറിയ കൂട്ടിച്ചേര്‍ത്തു. കടുവ ആക്രമണമുണ്ടായ പ്രദേശത്ത് 50ലധികം കാമറകള്‍ സ്ഥാപിച്ചാണ് നിരീക്ഷണം നടത്തുന്നത്. ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. കടുവയെ പിടികൂടാന്‍ കുങ്കിയാന കുഞ്ചുവിനെ വയനാട്ടില്‍ നിന്ന് പാറശ്ശേരി ജി.എല്‍.പി സ്‌കൂളില്‍ എത്തിച്ചിരുന്നു.
മലയോരമേഖലയായ കാളികാവിനടുത്ത് അടയ്ക്കാക്കുണ്ട് റാവുത്തന്‍കാട് മലയിലെ റബ്ബര്‍ത്തോട്ടത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് കടുവ ഒരാളെ കൊന്ന് തിന്നത്. കല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിക്കാണ് (44) ദാരുണാന്ത്യമുണ്ടായത്. സഹതൊഴിലാളി അബ്ദുല്‍സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനുമേല്‍ ചാടിവീണ് കഴുത്തിനുപിന്നില്‍ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ആറോടെ ഇരുവരും തോട്ടത്തിലെത്തി. ഒരേ നിരയില്‍ മുന്നിലും പിന്നിലുമായി നിന്ന് റബ്ബര്‍ ടാപ്പ് ചെയ്യുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് സ്ലോട്ടര്‍ ടാപ്പിങ്ങിന് എടുത്തതാണ് തോട്ടം. കുറച്ചു മരം ടാപ്പ് ചെയ്തുകഴിഞ്ഞപ്പോള്‍ പൊടുന്നനെ പിന്നില്‍ കടുവയുടെ മുരള്‍ച്ചയും ഗഫൂറിന്റെ നിലവിളിയും കേട്ടതായി സമദ് പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍ കടുവ ഗഫൂറിന്റെ പിന്‍കഴുത്തില്‍ കടിച്ച് വീഴ്ത്തിയിരുന്നു. വീണുപോയ ഗഫൂറിനെ കടുവ കടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി.
ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കുക ദുഷ്‌കരമാണെന്ന് വനമേഖലയെ പരിചയമുള്ള വിദഗ്ധര്‍ പറയുന്നു. നിലമ്പൂര്‍, സൈലന്റ്‌വാലി കാടുകളോട് ചേര്‍ന്നു കിടക്കുന്ന ചെങ്കുത്തായ വനപ്രദേശമാണിത്. കണ്ണത്ത്, പുല്ലങ്കോട് മലവാരങ്ങളുടെ തുടര്‍ച്ചയായി സൈലന്റ് വാലി ബഫര്‍ സോണിന് ചേര്‍ന്നാണ് ഈ വനമേഖല.
ഇടതൂര്‍ന്ന് അടിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതിനാലും കിഴുക്കാംതൂക്കായ മലഞ്ചരിവുകള്‍ ഉള്ളതിനാലും കടുവയെ പിന്തുടര്‍ന്ന് കണ്ടെത്തുക എളുപ്പമാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ മയക്കുവെടി വെക്കുന്നതും അപകടകരമായിരിക്കും. വെടിയേറ്റാലും മയങ്ങിവീഴാന്‍ സമയമെടുക്കും. ഈ സമയം കടുവ ആക്രമണകാരിയാകാനും സാധ്യതയുണ്ട്.
കുങ്കിയാനകളെ വെച്ച് കടുവയെ ട്രാക് ചെയ്യുന്നത് കൂടുതല്‍ സുരക്ഷിതമാണെങ്കിലും ചെങ്കുത്തായ സ്ഥലങ്ങളില്‍ മയക്കുവെടിവെക്കുക പ്രയാസമാകും. വെടിവെക്കുന്നതിനു മുമ്പ് സംഘത്തിലെ ഡോക്ടര്‍മാര്‍ തിരിച്ചറിയുകയും ആരോഗ്യസ്ഥിതി മനസ്സിലാക്കുകയും വേണം. കാട്ടിനുള്ളില്‍ ആള്‍പെരുമാറ്റമുണ്ടായാല്‍ കടുവ ഉള്‍വനത്തിലേക്ക് മാറാനുള്ള സാധ്യതയേറെയാണ്.