യുഎസ് കമ്പനി പ്രതിനിധിയാണെന്ന പേരില്‍ വാട്സാപ്പ് വഴി ബന്ധപ്പെട്ട് പരിചയപ്പെട്ടു; കമ്പനിയില്‍ അംഗമായി ഷെയര്‍ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വാസിപ്പിച്ചു; ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ മാവേലിക്കര സ്വദേശിനിയില്‍ നിന്ന് തട്ടിയത് 13.60 ലക്ഷം രൂപ; യുവതി അറസ്റ്റില്‍

യുഎസ് കമ്പനി പ്രതിനിധിയാണെന്ന പേരില്‍ വാട്സാപ്പ് വഴി ബന്ധപ്പെട്ട് പരിചയപ്പെട്ടു

Update: 2025-10-05 05:01 GMT

ആലപ്പുഴ:ഇരട്ടിലാഭം കൊതിച്ച് തട്ടിപ്പില്‍ വീഴുന്നവര്‍ നിരവധിയാണ്. എത്രയൊക്കെ മുന്നറിയിപ്പു നല്‍കിയാലും ഇത ആവര്‍ത്തിക്കുന്നതാണ് പതിവായി സംഭവിക്കുന്നത്. മാവേലിക്കര സ്വദേശിനിയില്‍നിന്ന് 13.60 ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി തട്ടിയ സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റിലായി. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് കമ്പനിയുടെ പേരില്‍ പണംതട്ടിയ സംഘത്തിലെ അഞ്ചാമത്തെയാളാണ് അറസ്റ്റിലായത്. ബെംഗളൂരു ജെപി നഗര്‍ മുനിയപ്പ കോമ്പൗണ്ട് സ്വദേശിനിയായ വര്‍ഷിനി(23)യെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. പരാതിക്കാരിയില്‍നിന്ന് 9.41 ലക്ഷം രൂപ വാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് വര്‍ഷിനി.

സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആള്‍മാറാട്ടം നടത്തി വാട്സാപ്പ്, ടെലിഗ്രാം എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികള്‍ തട്ടിപ്പു നടത്തിയത്. 'റെന്റ് ഹൗസ്' എന്ന യുഎസ് കമ്പനി പ്രതിനിധിയാണെന്ന പേരില്‍ വാട്സാപ്പ് വഴി ബന്ധപ്പെട്ട് പരാതിക്കാരിയെ കമ്പനിയില്‍ അംഗമായി ഷെയര്‍ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വെബ്സൈറ്റില്‍ രജിസ്റ്റര്‍ചെയ്യിപ്പിക്കുകയും ശേഷം ട്രേഡിങ് നിക്ഷേപം എന്നപേരില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വാങ്ങുകയുമായിരുന്നു.

അയച്ച പണം വ്യാജ വെബ്സൈറ്റില്‍ ലാഭംസഹിതം പ്രദര്‍ശിപ്പിച്ചു വിശ്വസിപ്പിച്ചാണ് തട്ടിപ്പു തുടര്‍ന്നത്. ഇത്തരത്തില്‍ 13.60 ലക്ഷം രൂപയാണ് പ്രതികള്‍ അയച്ചുവാങ്ങിയത്. തുടര്‍ന്ന്, ലാഭം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ തുക ടാക്സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പു ബോധ്യമായത്. കേസിലെ മറ്റു നാലുപ്രതികളെ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.

ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പി എം.എസ്. സന്തോഷിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഏലിയാസ് പി. ജോര്‍ജിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി.എസ്. ശരച്ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.എം. മഹേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജേക്കബ് സേവ്യര്‍, പി.ജെ. റോബിന്‍, കെ.യു. ആരതി, ഒ.കെ. വിദ്യ എന്നിവരടങ്ങുന്ന അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരു നിവാസിയായ പ്രതിയെ അറസ്റ്റുചെയ്തത്.

Tags:    

Similar News