മകനുവേണ്ടി വധുവിനെ തേടി വൈവാഹിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു; പിന്നാലെ കുടുംബത്തെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുക്കി തട്ടിപ്പ് സംഘം: നഷ്ടമായത് 8.35 ലക്ഷം രൂപ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; ഒറ്റപ്പാലം സ്വദേശിയുടെ 8.35 ലക്ഷം പോയി

Update: 2024-09-28 03:53 GMT

ഒറ്റപ്പാലം: വധുവിനെ തേടി വൈവാഹിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുക്കി തട്ടിപ്പു സംഘം. വൈവാഹിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത ഒറ്റപ്പാലം സ്വദേശിക്കാണ് പണം നഷ്ടമായത്. വധുവെന്ന് പരിചയപ്പെടുത്തി വാട്‌സാപ്പില്‍ ചാറ്റ് ചെയ്തവര്‍ 8.35 ലക്ഷം രൂപയാണ് അടിച്ചു മാറ്റിയത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്നാണ് ഈമാസം വിവിധ ഘട്ടങ്ങളിലായി ലാഭം വാഗ്ദാനംചെയ്ത് പണം തട്ടിയത്.

മകനുവേണ്ടി വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് ഇദ്ദേഹം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ വന്നാണ് തട്ടിപ്പുകാര്‍ ഇവരെ കുടുക്കിയത്. ദുബായില്‍ ഫാഷന്‍ഡിസൈനറെന്ന് അവകാശപ്പെട്ട് ഇതില്‍ ഒരു പ്രൊഫൈലില്‍നിന്ന് വിവാഹത്തെക്കുറിച്ച് ആശയവിനിമയം നടത്തി. പെണ്‍കുട്ടിയെന്ന് പരിചയപ്പെടുത്തി വാട്ട്‌സാപ്പ് ചാറ്റ് വഴി പരിചയപ്പെട്ടു. പിന്നാലെ ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ വിഷയം എടുത്തിട്ടു. ഗ്ലോബല്‍ട്രേഡര്‍ എന്ന ട്രേഡിങ് ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

പെണ്‍കുട്ടിയെ വിശ്വാസത്തിലെടുത്ത കുടുംബം ഈമാസം രണ്ടിന് 40,000 രൂപ നിക്ഷേപിച്ചു.അന്നുതന്നെ 6,000 രൂപ ലാഭവിഹിതമായി അക്കൗണ്ടിലെത്തി. തുടര്‍ന്ന് 95,000 രൂപയടക്കം 14വരെയുള്ള തീയതികളിലാണ് 8.35 ലക്ഷം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കയച്ചത്. പിന്നീട് ലാഭം കിട്ടാതായതോടെ പണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 75,885 യു.എസ്. ഡോളര്‍ ലാഭവിഹിതമായി ആപ്പില്‍ കിടക്കുന്നുണ്ടെന്ന് അറിയിച്ചു. ഇത് ലഭിക്കാന്‍ ലാഭവിഹിതത്തിന്റെ 30 ശതമാനം യു.എസ്. ഡോളറായി നികുതിയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നികുതി കിഴിച്ചുള്ള തുക നല്‍കിയാല്‍ മതിയെന്ന് അറിയിച്ചപ്പോള്‍ അത് പറ്റില്ലെന്നായി.

ഇതിനുപിന്നാലെ ഒറ്റപ്പാലംസ്വദേശി ഈ ട്രേഡിങ് ആപ്പിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന്, നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ചെയ്തു. പരാതി ജില്ലാ പോലീസ് മേധാവി മുഖേന ഒറ്റപ്പാലംപോലീസിന് കൈമാറി അന്വേഷണം തുടങ്ങി. ആഗ്ര, നോയ്ഡ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളത്. ഇതിലുള്ള അഞ്ചുലക്ഷം രൂപയോളം മരവിപ്പിച്ചതായി പോലീസ് അറിയിച്ചു. അക്കൗണ്ട് നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്.

Tags:    

Similar News