ഉയർന്ന ലാഭം വാഗ്ദാനം നൽകി പണം സ്വീകരിച്ചു; നിക്ഷേപത്തുക തിരികെ ലഭിക്കാതായതോടെ പുറത്ത് വന്നത് കൊടും ചതി; തട്ടിയെടുത്ത തുക വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി; 'ഫിൻബ്രിഡ്ജ് കാപ്പിറ്റലി'ൻ്റെ പേരിൽ തട്ടിയത് കോടികൾ; അക്കൗണ്ട് വാടകയ്ക്ക് നൽകിയ യുവാവ് പിടിയിലാകുമ്പോൾ
കോട്ടയം: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ചങ്ങനാശ്ശേരി സ്വദേശിയിൽ നിന്ന് 1.6 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശി ഗോബിഷ് കെ.പി (36) ആണ് അറസ്റ്റിലായത്. ഫെബ്രുവരി മുതൽ മേയ് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
'ഫിൻബ്രിഡ്ജ് കാപിറ്റൽ' എന്ന കമ്പനിയുടെ പേരിൽ എഐ ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. വലിയ തുക നിക്ഷേപിച്ചിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ഇരയായയാൾ പോലീസിൽ പരാതി നൽകിയത്.
ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് അന്വേഷിച്ചുവരികയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ ഒരു വലിയ തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടുവണ്ണൂർ ശാഖയിലെ ഒരു അക്കൗണ്ടിലേക്ക് മാറ്റിയതായും പോലീസ് കണ്ടെത്തി.
തുടരന്വേഷണത്തിൽ ഈ അക്കൗണ്ടിന്റെ ഉടമ ഗോബിഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ നടുവണ്ണൂരിൽ നിന്ന് പോലീസ് പിടികൂടി. ഒരു ലക്ഷം രൂപയ്ക്ക് ആയിരം രൂപ കമ്മീഷൻ നിരക്കിൽ അക്കൗണ്ട് വാടകയ്ക്ക് നൽകുകയായിരുന്നുവെന്നും, അക്കൗണ്ടിൽ പണം വന്നാലുടൻ തട്ടിപ്പുകാരെ അറിയിച്ച് പണം കൈമാറുകയായിരുന്നു പതിവ് രീതി എന്നും ഗോബിഷ് പോലീസിനോട് സമ്മതിച്ചു. തട്ടിപ്പിൽ പങ്കാളികളായ മറ്റുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.