പാലക്കാട് കല്ലടിക്കോട് നടന്ന ഇരട്ടമരണം; യുവാവിനെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് ലൈസന്‍ ഇല്ലാത്തത് എന്ന് പോലീസ്; തോക്ക് വാങ്ങിയത് കാട്ടുപന്നികളെ വേട്ടയാടാന്‍; ബിനുവിന്റെ അരയില്‍ നിന്നും 17 വെടിയുണ്ടകളും കണ്ടെത്തി; കൊലപാതകത്തിലേക്ക് നയിച്ചത് നിതിന്റെ അമ്മയെ സംബന്ധിച്ചുണ്ടായ വാക്ക് തര്‍ക്കം

Update: 2025-10-15 01:08 GMT

പാലക്കാട്: കല്ലടിക്കോട് പ്രദേശം നടുക്കിയ ഇരട്ടമരണകേസില്‍ പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കി. യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത ബിനു ഉപയോഗിച്ചത് അനധികൃതമായ തോക്കാണെന്ന് സ്ഥിരീകരിച്ചു. ബിനുവിന്റെ അരയിലുണ്ടായിരുന്ന പൗച്ചില്‍ നിന്ന് 17 വെടിയുണ്ടകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണപ്രകാരം, ബിനു നാടന്‍ തോക്കുപയോഗിച്ച് കാട്ടുപന്നികളെ വേട്ടയാടാറുണ്ടായിരുന്നു. ഈ ആയുധം തന്നെയാണ് പിന്നീട് കൊലപാതകത്തിനും സ്വയംഹത്യയ്ക്കും ഉപയോഗിച്ചതെന്ന് പൊലീസ് സൂചന നല്‍കി. നിതിന്റെ വീട്ടിലേക്കെത്തിയത് പദ്ധതിപൂര്‍വമായ ആക്രമണ ഉദ്ദേശത്തോടെയായിരുന്നു. പഴയ സൗഹൃദം തകരാന്‍ കാരണം നിതിന്റെ അമ്മയെ സംബന്ധിച്ച് ബിനു മോശമായി സംസാരിച്ചതാണ്. തുടര്‍ന്ന് വാക്കേറ്റമാകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് പ്രദേശത്ത് രണ്ട് തവണ വെടിയൊച്ച കേട്ടതെന്ന് നാട്ടുകാര്‍ മൊഴിനല്‍കി. പൊലീസെത്തിയപ്പോള്‍ നിതിന്റെ വീട്ടിനടുത്ത് ബിനുവിന്റെ മൃതദേഹം തോക്കിനൊപ്പം കണ്ടെത്തി. കുറച്ച് ദൂരത്തുള്ള വീടിന്റെ സിറ്റൗട്ടില്‍ ഇടത് കൈയില്‍ കത്തിയുമായി വീണുകിടന്ന നിലയിലാണ് നിതിനെ കണ്ടെത്തിയത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ ബിനു തോക്കുമായെത്തി, വീടിനകത്തുകയറിയതും പ്രതിരോധം തീര്‍ക്കാന്‍ നിതിന്‍ കത്തിയുമായെത്തും മുമ്പെ വെടിയുതിര്‍ത്തതാകാമെന്നാണ് പൊലീസ് പറയുന്നത്.

12 വര്‍ഷം മുമ്പാണ് നിതിനും അമ്മയും സഹോദരനും മരുതംകാട് മൂന്ന് സെന്റ് ഭൂമി വാങ്ങി വീടുവെച്ചത്. അച്ഛന്റെ മരണത്തിന് ശേഷം അമ്മ കൂലിപ്പണിയിലൂടെയാണ് വീട്ടുചിലവ് നയിച്ചിരുന്നത്. സാധാരണയായി വീട്ടില്‍ നിന്ന് പുറത്തു പോകാറില്ലായിരുന്ന നിതിന്‍, ബീഡിയും സിഗരറ്റും വാങ്ങാന്‍ വേണ്ടി മാത്രമാണ് പുറത്തേക്ക് ഇറങ്ങുന്നത്. ഇന്നലെയും ബീഡി വാങ്ങാന്‍ നിതിന്‍ എത്തിയിരുന്നു. അതേസമയം ഒറ്റയ്ക്കാണ് ബിനു കഴിഞ്ഞിരുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് ബിനുവിന്റെ അമ്മ മരിക്കുന്നത്. ടാപ്പിംഗ് തൊഴിലാളിയായിരുന്ന അദ്ദേഹം, ഭക്ഷണവും കഴിഞ്ഞ് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ശേഷമാണ് സംഭവം നടന്നത്.

ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ബിനുവിന് നാടന്‍ തോക്ക് എവിടെ നിന്നാണ് കിട്ടിയത് എന്ന് കണ്ടെത്തണം. കൂടാതെ ആക്രമണത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നീ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പൊലീസ് ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്താനിരിക്കുകയാണ്.

Tags:    

Similar News