ഭീകരവും ഭയാനകവുമായ മോഷണ ശൈലി; വളരെ വേഗത്തില്‍ വേഷപ്രച്ഛന്നന്‍ ആകാന്‍ കഴിവുള്ള ശരീര പ്രകൃതം; പകല്‍ ഹോട്ടലില്‍ ജോലി; രാത്രി മോഷണ കലയിലെ വിശ്വരൂപം പുറത്തെടുക്കും; കേസുകള്‍ മറികടക്കാന്‍ തുങ്ങി മരണക്കഥയും; ഒടുവില്‍ ശബരിമല സീസണില്‍ വീണ്ടും എത്തി; പാണ്ടി ചന്ദ്രനെ കുടുക്കിയ കഥ

Update: 2024-11-14 02:52 GMT

പത്തനംതിട്ട: ശബരിമല കേന്ദ്രമാക്കി മോഷണമാണ് ചന്ദ്രന്റെ പണി. ഹോട്ടലില്‍ പൊറോട്ട വീശുന്നതുള്‍പ്പെടെയുള്ള ജോലികള്‍ അറിയാം. പക്ഷേ ഈ ജോലിക്കായി ശബരിമലയില്‍ എത്തുന്നത് മോഷണത്തിനാണ്. അടുത്ത സീസണിലും ശബരിമലയില്‍ എത്താന്‍ ചാണ്ടി ചന്ദ്രന്‍ വന്നു. പക്ഷേ ഇത്തവണ കളി നടക്കില്ല. ശബരിമല സീസണുകളില്‍ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങുന്ന വിരുതനെ കേരളാ പോലീസ് വലയിലാക്കി. അക്രമാസക്തനായ പ്രതിയെ സാഹസികമായാണു പൊലീസ് കീഴടക്കിയത്. എല്ലാ വിവരങ്ങളും ശേഖരിച്ചായിരുന്നു അറസ്റ്റ്.

തമിഴ്‌നാട്ടിലെ തൃച്ചിയില്‍ പറങ്കിമാവുതോട്ടത്തില്‍ തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ചരിത്രമാണ് ചന്ദ്രന്റേത്. മോഷ്ടാവിനെ പത്തനംതിട്ട പൊലീസ് പിടികൂടിയത് തന്ത്രങ്ങളിലൂടേയും നിരീക്ഷണത്തിലൂടേയുമാണ്. മലയാലപ്പുഴ താഴം വഞ്ചിയില്‍ കുഴിപ്പടി സുധീഷ് ഭവനില്‍ പാണ്ടി ചന്ദ്രന്‍ എന്ന് വിളിക്കുന്ന ചന്ദ്രന്‍ (52) കൊടും ക്രിമിനലാണ്. ഇയാള്‍ക്കെതിരെ 4 മോഷണക്കേസുകള്‍ നിലവിലുണ്ട്. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രന്‍ കുടുങ്ങിയത്.

മലയാലപ്പുഴ സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥലം വിറ്റ് തമിഴ്‌നാട്ടിലേക്കു പോയിരുന്നു. അതിന് ശേഷം മരിച്ചുവെന്ന് നാട്ടിലാകെ പ്രചരിപ്പിച്ചു. ഇതോടെ പഴയ കേസുകളെല്ലാം അപ്രസക്തമാകുമെന്നും കരുതി. ഇതിനിടെ ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനന്‍ നായരെ പോലീസ് കണ്ടെത്തി. വിശദ ചോദ്യം ചെയ്യലില്‍ ചന്ദ്രന്‍ മരിച്ചെന്ന് പറഞ്ഞു വച്ചു. ചന്ദ്രന് അറസ്റ്റ് വാറന്റ് വന്നതോടെ മോഹനന്‍ നായര്‍ക്കായി പലയിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ തൃച്ചിയില്‍ പറങ്കിമാവ് തോട്ടത്തില്‍ ചന്ദ്രന്‍ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാള്‍ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തി. ഇതോടെ മോഷണ കേസ് ഫയലും അടഞ്ഞു.

ചന്ദ്രനെന്ന് പേരുള്ള തമിഴ്‌നാട്ടുകാരനായ ഒരാള്‍ ശബരിമലയിലെ കടയില്‍ പണിയെടുക്കുന്നുണ്ടെന്ന വിവരം പത്തനംതിട്ട സ്റ്റേഷനിലെ സിപിഒ രജിത് പി.നായര്‍ക്കു ലഭിച്ചതാണ് നിര്‍ണ്ണായകമായത്. അന്വേഷണത്തില്‍ ഇത് പാണ്ടി ചന്ദ്രനാണെന്ന് മനസ്സിലാക്കി. ഇയാളുടെ മകന്‍ കായംകുളം മുതുകുളത്തുണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി രഹസ്യമായി അന്വേഷണം നടത്തി. ശക്തമായ നിരീക്ഷണവും. ഇതാണ് നടപടികളിലേക്ക് കടന്നത്. ശബരിമല സീസണ്‍ അടുത്തതിനാല്‍ ചന്ദ്രന്‍ വീണ്ടും കേരളത്തിലെത്തുമെന്ന പോലീസ് നിഗമനവും ശരിയായി. അങ്ങനെയാണ് ചന്ദ്രനെ തേടി പോലീസ് ഇറങ്ങിയത്.

ഇന്നലെ രാത്രി ഒന്നരയോടെ മകന്റെ വീടിന്റെ പുറത്ത് ചന്ദ്രന്‍ കിടന്നുറങ്ങുന്നതായി പൊലീസിനു വിവരം കിട്ടി. പത്തനംതിട്ട എസ്‌ഐ ജിനുവും സംഘവും അവിടെയെത്തിയെങ്കിലും ചന്ദ്രനെ കണ്ടില്ല. പിന്നീടു നടത്തിയ തിരച്ചിലില്‍ കനകക്കുന്ന് ബോട്ട് ജെട്ടിയില്‍ നിന്നും പുലര്‍ച്ചെ പിടികൂടി. അക്രമാസക്തനായ പ്രതിയെ സാഹസികമായാണു പൊലീസ് കീഴടക്കിയത്. ജീവന്‍ പണയം വച്ചുള്ള മല്‍പ്പിടിത്തം പോലീസിന് നടത്തേണ്ടി വന്നു. പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍, പൊലീസ് ഇന്‍സ്പെക്ടര്‍ ഷിബുകുമാര്‍, എസ്‌ഐമാരായ ജിനു, ഷിജു പി.സാം, രാജേഷ് കുമാര്‍, എസ്സിപിഒ വിജീഷ്, സിപിഒമാരായ രാജേഷ്, രഞ്ജിത്ത്, സെയ്ദ് അലി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഭീകരവും ഭയാനകവുമായ മോഷണ ശൈലിയാണ് ചന്ദ്രന്റേത്. തമിഴ്‌നാട്ടില്‍ ട്രിച്ചില്‍യില്‍ ജനിച്ചു വളര്‍ന്ന ചന്ദ്രന്‍ ഹോട്ടല്‍ പണിക്കായിട്ടാണ് കേരളത്തില്‍ വന്നത്. പത്തനംതിട്ടയില്‍ മലയാലപ്പുഴ താവളം ആക്കിയാണ് ചന്ദ്രന്‍ വിവിധ ഭാഗങ്ങളില്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്. വളരെ വേഗത്തില്‍ വേഷപ്രച്ഛന്നന്‍ ആകാന്‍ കഴിവുള്ള ശരീര പ്രകൃതമാണ് പാണ്ടിയുടേത്. പകല്‍ ഹോട്ടലില്‍ ജോലി ചെയ്യും. രാത്രികാലങ്ങളില്‍ മോഷണ കലയിലെ വിശ്വരൂപം പുറത്തെടുക്കും. പത്തനംതിട്ട പോലീസിന് എന്നും തലവേദനയായിരുന്നു പാണ്ടിചന്ദ്രന്‍ എന്ന പിടികിട്ടാപ്പുള്ളി. 15 വര്‍ഷം മുന്‍പ് മലയാലപ്പുഴയില്‍ നിന്നും വീടും വസ്തുവും വിറ്റ് തമിഴ്‌നാട്ടിലേക്ക് നാടുവിട്ടു . ഇയാളെ പിന്നീട് ആരും കണ്ടതായി അറിവില്ല.

ഒടുവില്‍ ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനന്‍ നായരെ കണ്ടെത്തി. അയാളോട് അന്വേഷിച്ചപ്പോള്‍ പാണ്ടി ചന്ദ്രന് വേണ്ടി ജാമ്യം നിന്നതില്‍ മോഹനന്‍ നായര്‍ക്ക് വാറണ്ടായി. കോടതിയില്‍ 10000 രൂപ കെട്ടിവയ്‌ക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് മോഹനന്‍ നായര്‍ തമിഴ്‌നാട്ടിലെ പാണ്ടിചന്ദ്രന്റെ ജന്മസ്ഥലമായ തൃച്ചിയില്‍ ഇയാളെപ്പറ്റി അന്വേഷിച്ചു. 10 വര്‍ഷം മുന്‍പ് ഇയാള്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ കെട്ടിത്തൂങ്ങി മരിച്ചുവെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന് കിട്ടിയത്. ഈ മറുപടിയില്‍ പൂര്‍ണമായും വിശ്വാസം വരാത്ത പത്തനംതിട്ട സ്റ്റേഷനിലെ കോടതി ഡ്യൂട്ടിക്കാരന്‍ സി.പി.ഓ രജിത്. കെ. നായര്‍ തമിഴ്‌നാട്ടുകാരായ പലരോടും പാണ്ടി ചന്ദ്രനെ അന്വേഷിച്ചു. ഇതാണ് നിര്‍ണ്ണായകമായത്.

ശബരിമല കേന്ദ്രീകരിച്ച് ഹോട്ടല്‍ ജോലി ചെയ്യുന്ന ചന്ദ്രന്‍ എന്നയാളെ പറ്റി അറിഞ്ഞു. അയാള്‍ക്ക് മോഷണക്കേസുകള്‍ ഉണ്ടെന്നും വിവരം ലഭിച്ചു. അയാളുടെ മക്കള്‍ കായംകുളം മുതുകുളം ഭാഗത്ത് താമസിക്കുന്നു എന്നുള്ള വിവരവും കിട്ടി. മുതുകുളം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ മലയാലപ്പുഴ ഭാഗത്ത് നിന്നും വന്ന താമസിക്കുന്ന ചന്ദ്രന്‍ എന്ന ആളിന്റെ മകനെ തിരിച്ചറിഞ്ഞു. പാണ്ടി ചന്ദ്രന്റെ മകനാണ് ഇതെന്ന് സ്ഥിരീകരിച്ചു. അയല്‍വാസികളോട് ചന്ദ്രന്‍ എപ്പോള്‍ വീട്ടില്‍ വന്നാലും വിവരം അറിയിക്കണമെന്ന് രഹസ്യം നിര്‍ദ്ദേശം നല്‍കി പോലീസുകാരന്‍ മടങ്ങി. ഒടുവില്‍ അഞ്ചു മാസത്തോളം പോലീസ് കാത്തിരുന്ന വിളി 13 ന് പുലര്‍ച്ചെ 1.30 ന് എത്തി. പാണ്ടി ചന്ദ്രന്‍ മകന്റെ വീട്ടില്‍ എത്തിയിട്ടുണ്ട് എന്ന വിവരമായിരുന്നു അത്. വീണ്ടും ശബരിമലയിലേക്ക് പോകാനായിരുന്നു ഈ വരവ്.

Tags:    

Similar News