കാണാതായിട്ട് ആറ് ദിവസം; ഹോസ്റ്റലില്‍ അവധി അപേക്ഷ നല്‍കിയ ശേഷം ആരും കണ്ടിട്ടില്ല; ചിത്രദൂര്‍ഗയില്‍ 20 കാരിയായ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട നിലയില്‍; നഗ്നമായ മൃതദേഹം പാതി കത്തിയ നിലയില്‍; ബലാല്‍സംഗത്തിന് ഇരയായെന്ന് സംശയം; ആണ്‍സുഹൃത്തിനായി തെരച്ചില്‍
ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20 വയസ്സുള്ള ഡിഗ്രി വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ ശേഷം കാണാതായ പെണ്‍കുട്ടിയുടെ നഗ്‌നമായ മൃതദേഹം പാതി കത്തിയ നിലയിലാണ് റോഡരികില്‍ നിന്ന് കണ്ടെടുത്തത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
സര്‍ക്കാര്‍ വനിതാ ഫസ്റ്റ് ഗ്രേഡ് കോളേജിലെ രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിനിയായ വര്‍ഷിതയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 14 മുതല്‍ കാണാതായ വര്‍ഷിതയെക്കുറിച്ച് ഹോസ്റ്റല്‍ അധികൃതര്‍ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ അവധി അപേക്ഷ നല്‍കിയതിന് ശേഷം വര്‍ഷിതയെ ആരും കണ്ടിട്ടില്ല. അന്നുമുതല്‍ അവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മകളെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ വീട്ടുകാര്‍ തീരുമാനിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. തിപ്പേസ്വാമി-ജ്യോതി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട വര്‍ഷിത. തുടര്‍ന്ന് മൃതദേഹം തിരിച്ചറിയുന്നതിനായി വീട്ടുകാരെ ജില്ലാ ആശുപത്രിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
കൊലപാതകത്തിന് മുമ്പ് യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വര്‍ഷിതയ്ക്ക് ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നെന്നും ഇയാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടായിരിക്കാമെന്നും കുടുംബം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ചിത്രദുര്‍ഗ റൂറല്‍ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ ഉടന്‍ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പോലീസ് ശ്രമം തുടങ്ങി. കേസില്‍ കാമുകനെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.
കുറ്റക്കാരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. ചിത്രദുര്‍ഗയില്‍ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.