സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത ഏറ്റവും കൂടുതല്‍ പ്രതികളുള്ള പോക്സോ കേസ്; ഇര ദളിത് പെണ്‍കുട്ടി; 18 വയസില്‍ താഴെ പ്രായമുള്ളപ്പോള്‍ മൂന്നരവര്‍ഷ കാലയളവില്‍ പീഡിപ്പിച്ചത് 62 പേര്‍; കാമുകന്റെ പീഡനത്തിന് പിന്നാലെ അച്ഛന്റെ കൂട്ടുകാരും ക്രൂരത കാട്ടി; സഹികെട്ട് എല്ലാം തുറന്നു പറഞ്ഞ ഇര; പത്തനംതിട്ട പീഡനത്തില്‍ അകത്തായത് 15പേര്‍
പത്തനംതിട്ട: കായികതാരമായ ദലിത് പെണ്‍കുട്ടിയെ 60ലധികം പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പത്തു പേര്‍ കൂടി കസ്റ്റഡിയിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇന്നലെ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ പതിനഞ്ചു പേര്‍ അറസ്റ്റിലായി 62 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള പോക്സോ കേസാണിത്. ദളിത് പെണ്‍കുട്ടി, 18 വയസില്‍ താഴെ പ്രായമുള്ളപ്പോള്‍, മൂന്നരവര്‍ഷ കാലയളവില്‍ പീഡിപ്പിക്കപ്പെട്ടു എന്നതാണ് കേസിനെ ശ്രദ്ധേയമാക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി കാമുകനാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു പ്രതികള്‍. ശേഷം കാമുകന്റെ സുഹൃത്തുക്കള്‍, സഹപാഠികള്‍, കായിക പരിശീലകര്‍, കായിക താരങ്ങള്‍, സമീപവാസികള്‍ എന്നിവരില്‍ നിന്നാണ് പീഡനം നേരിടേണ്ടിവന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആയവരെല്ലാം 19-നും 30-നും ഇടയില്‍ പ്രായമുള്ളവരാണ്. പെണ്‍കുട്ടി ഇപ്പോള്‍ മഹിളാമന്ദിരത്തിലാണ് ഉള്ളത്.
പത്തനംതിട്ട ജില്ലയിലെ ആറോളം സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന സൂചന പൊലീസ് നല്‍കുന്നുണ്ട്. പതിമൂന്നാം വയസില്‍ ആദ്യം പീഡിപ്പിച്ചത് ആണ്‍ സുഹൃത്താണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിതാവിന്റെ സുഹൃത്തുക്കളും ആണ്‍ സുഹൃത്തിന്റെ കൂട്ടുകാരും പീഡിപ്പിച്ചു. പിതാവിന്റെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികള്‍ നഗ്‌നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയില്‍ എത്തിച്ചും പീഡിപ്പിച്ചു. പൊതുസ്ഥലങ്ങളിലും പീഡനം നടന്നു. സ്‌കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ വീട്ടിലെത്തിയും പീഡിപ്പിച്ചു. ഫോണ്‍ രേഖകള്‍ വഴി നാല്‍പതോളം പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. പ്രതികള്‍ക്കെതിരെ എസസി, എസ്ടി പീഡന നിരോധന നിയമവും ചുമത്തും.
പോക്‌സോ കേസില്‍ 62 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞു എന്ന് സി ഡബ്ല്യു സി ചെയര്‍മാന്‍ അഡ്വ.രാജീവ് പ്രതികരിച്ചു. സന്നദ്ധ സംഘടനയോട് തനിക്ക് പലതും തുറന്നു പറയാനുണ്ടെന്ന് പെണ്‍കുട്ടി തന്നെയാണ് അറിയിച്ചത്. അവരാണ് തങ്ങളെ പെണ്‍കുട്ടിയെ ഏല്‍പ്പിച്ചത്. വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നത്. കായികതാരമായ പെണ്‍കുട്ടി പരിശീലകരാലും പീഡിപ്പിക്കപ്പെട്ടു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഞ്ചുപേരുടെ അറസ്റ്റിലേക്ക് എത്തിയത്. 42 പേരുടെ ഫോണ്‍ നമ്പറുകള്‍ പെണ്‍കുട്ടി അച്ഛന്റെ ഫോണില്‍ സേവ് ചെയ്തിരുന്നു. സി ഡബ്ല്യൂ സിയുടെ ഗൃഹസന്ദര്‍ശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങള്‍ പുറത്തെത്തിയത്.
പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിലാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. ഐടിഐ വിദ്യാര്‍ഥിനിയായിരിക്കെ കായികതാരങ്ങളും പരിശീലകരും സമീപവാസികളും അടങ്ങുന്ന നിരവധിപേര്‍ പീഡനത്തിന് ഇരയാക്കിയെന്നാണ് വെളിപ്പെടുത്തല്‍. പതിനെട്ടുകാരി 13ാം വയസുമുതല്‍ പീഡനം നേരിട്ടതായാണ് മൊഴി നല്‍കിയിട്ടുള്ളത്. മറ്റുള്ളവരുടെ പേരുവിവരങ്ങളും കൂട്ടിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. 2019മുതലാണ് പീഡനം തുടങ്ങിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ സുഹൃത്ത് ആദ്യം പീഡിപ്പിയ്ക്കുന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ തോട്ടത്തിലും പിന്നീട് വാഹനത്തിലും കൊണ്ടുപോയി പീഡിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രവും വീഡിയോയും എടുത്ത പ്രതി സുഹൃത്തുക്കളെ കാണിച്ചു. പിന്നീട് സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പ്രാഥമിക വിവരം.
ഇക്കൂട്ടത്തില്‍ പോക്‌സോ കേസില്‍ പിടിയിലായി ജയില്‍വാസമനുഭവിയ്ക്കുന്ന പ്രതിയും ഉണ്ടെന്നന്നാണ് വിവരം. മഹിളാ സമഖ്യ പദ്ധതി പ്രവര്‍ത്തകരോടാണ് കുറച്ച് പ്രശ്നങ്ങള്‍ നേരിടുന്നത് കുട്ടി ആദ്യമറിയിച്ചത്. പ്രവര്‍ത്തകര്‍ ശിശുക്ഷേമ സമിതിയെ അറിയിച്ചു. സമിതി ഏര്‍പ്പെടുത്തിയ സൈക്കോളജിസ്റ്റിന് മുന്നിലാണ് പെണ്‍കുട്ടി വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കായികതാരമായ പെണ്‍കുട്ടിയെ ചൂഷണം ചെയ്തവരില്‍ പരിശീലകരും കായിക താരങ്ങളും ഉള്‍പ്പെടുന്നുണ്ട്. മുപ്പതോളം പേരുടെ പേരു വിവരങ്ങള്‍ പെണ്‍കുട്ടി എഴുതി സൂക്ഷിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി എല്ലാ പ്രതികളേയും തിരിച്ചറിയുകയും ആരൊക്കെ എവിടെയൊക്കെവെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്നതൊക്കെ സംബന്ധിച്ച് തെളിവുശേഖരണം പുരോഗമിക്കുന്നുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. കേസ് രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്കും അറസ്റ്റുകള്‍ നടക്കുന്ന മുറയ്ക്കും റിപ്പോര്‍ട്ടുകള്‍ അപ്പപ്പോള്‍ സി.ഡബ്ല്യു.സി.ക്ക് കൈമാറണം എന്നാണ് നിയമം. ഇപ്പോള്‍ത്തന്നെ നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അടുത്ത രണ്ടുമൂന്ന് ദിവസങ്ങളില്‍ തന്നെ പൂര്‍ണമായോ അല്ലെങ്കില്‍ ബഹുഭൂരിപക്ഷം റിപ്പോര്‍ട്ടുകളോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.ഡബ്ല്യു.സി. ചെയര്‍മാന്‍ പറഞ്ഞു.