തിരിച്ചറിഞ്ഞ പ്രതികളുടെ ഫോണ്‍കോള്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു; മുഴുവന്‍ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാന്‍ നീക്കം; വിദേശത്തുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും; പത്തനംതിട്ട ബലാത്സംഗക്കേസില്‍ ഇതുവരെ അറസ്റ്റിലായത് മുപ്പത് പേര്‍; അന്വേഷണം തുടരുന്നു
പത്തനംതിട്ട ബലാത്സംഗക്കേസില്‍ ഇതുവരെ അറസ്റ്റിലായത് മുപ്പത് പേര്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ അറുപതിലേറെപ്പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കായിക താരമായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ നാലു പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മുപ്പതായി. ഞായറാഴ്ച രാവിലെയും ശനിയാഴ്ച രാത്രിയിലുമായി പതിമൂന്ന് പേരെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തു. അതില്‍ പത്തുപേരുടെ അറസ്റ്റ് രണ്ടു ഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റു മൂന്നു പേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഇതിനിടെ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് നീക്കങ്ങള്‍ ശക്തമാക്കിയതോടെ കേസില്‍ പ്രതിയാകാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയ ചിലര്‍ ജില്ലയ്ക്കു പുറത്തേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇതര ജില്ലകളിലെ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഡി.ഐ.ജി യുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തന്നെ പീഡനത്തിനിരയാക്കിയവരുടെ പലരുടെയും പേരും നമ്പറുകളും പെണ്‍കുട്ടി സൂക്ഷിച്ച് വെച്ചിരുന്നു. പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തില്‍ നിന്നും വനിതാ സ്റ്റേഷനില്‍ എത്തിച്ച് ശനിയാഴ്ച വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ പമ്പയില്‍നിന്നാണ് പ്രതികളില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശബരിമല തീര്‍ഥാടനകാലത്തോട് അനുബന്ധിച്ച് പമ്പയില്‍ താത്കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവര്‍. ഇവരുടെ കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ അറസറ്റിലായതില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളും അടുത്തിടെ വിവാഹംകഴിഞ്ഞയാളും ഉള്‍പ്പെടും.
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം വിദേശത്തേയ്ക്കും വ്യാപിപ്പിക്കും. പ്രതികളില്‍ വിദേശത്ത് ഉള്ള ആള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. അറുപത്തി രണ്ട് പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം കൂടുകയാണ്. മൊഴിയുടെ അടിസ്ഥാനത്തില്‍ പലരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ജില്ലയ്ക്കുള്ളിലെ മുഴുവന്‍ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്. തിരിച്ചറിഞ്ഞ പ്രതികളുടെ ഫോണ്‍കോള്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തിട്ടുണ്ട്.
വീണ്ടും കൗണ്‍സിലിംഗ് നടത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. കേസില്‍ അന്വേഷണസംഘത്തെ വിപുലീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേല്‍ നോട്ടത്തിലാണ് അന്വേഷണം. പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാര്‍ ,ഡിവൈഎസ്പി എസ് നന്ദകുമാര്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ച് പേരാണ് സംഘത്തിലുള്ളത്.
13 വയസ്സുമുതല്‍ പലതവണകളായി 64-ഓളം പേര്‍ പീഡിപ്പിച്ചെന്നായിരുന്നു കായികതാരം കൂടിയായ 18 വയസ്സുള്ള ദളിത് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അടുപ്പം സ്ഥാപിച്ച സുബിന്‍ എന്നയാളാണ് പെണ്‍കുട്ടിയെ ആദ്യം ചൂഷണംചെയ്തത്. ഇയാള്‍ പെണ്‍കുട്ടിക്ക് നഗ്‌നദൃശ്യങ്ങളും അശ്ലീലസന്ദേശങ്ങളും അയച്ചിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങളും പ്രതി കൈക്കലാക്കി. പിന്നാലെ ഈ ദൃശ്യങ്ങള്‍ സുബിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. തുടര്‍ന്ന് ദൃശ്യങ്ങള്‍ കിട്ടിയവര്‍ ഇത് പെണ്‍കുട്ടിക്ക് അയച്ചുനല്‍കി സമ്മര്‍ദത്തിലാക്കി. പിന്നാലെ ഇവരും പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നു.
അച്ഛന്റെ സ്മാര്‍ട്ഫോണ്‍ ആണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഈ ഫോണിലൂടെയായിരുന്നു പ്രതികളെല്ലാം കുട്ടിയെ ബന്ധപ്പെട്ടിരുന്നത്. ഈ ഫോണിലേക്ക് തന്നെയാണ് പ്രതികള്‍ നഗ്‌നദൃശ്യങ്ങളും അയച്ചുനല്‍കിയത്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലടക്കംവെച്ച് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍വെച്ചും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പലരും പെണ്‍കുട്ടിയെ മറ്റുവാഹനങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ചൂഷണംചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരുദിവസം തന്നെ നാലുപേര്‍ മാറിമാറി ബലാത്സംഗംചെയ്തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഈ ഫോണിലേക്ക് രാത്രികാലങ്ങളില്‍വന്ന ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളില്‍ 32 പേരുടെ നമ്പരുകള്‍ പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ സേവ് ചെയ്തതായാണ് വിവരം. കേസിന്റെ ആദ്യഘട്ടത്തില്‍ ഈ 32 പേരും പ്രതികളാകും. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ പെണ്‍കുട്ടിയുടെ മൊഴിയെടുക്കല്‍ ശനിയാഴ്ചയും തുടര്‍ന്നു. ആര്, എവിടെവെച്ച് ഉപദ്രവിച്ചു തുടങ്ങിയവിവരങ്ങളാണ് പോലീസ് പ്രധാനമായും ശേഖരിക്കുന്നത്. മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടികയുടെ വലുപ്പം കൂടിവരുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, കോന്നി, ആറന്മുള എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലേക്ക് കേസ് വ്യാപിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി നല്‍കുന്ന സൂചന.
നേരത്തെ കേസില്‍ അറസ്റ്റിലായവര്‍: പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30) കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30) കൊച്ചുപറമ്പില്‍ കെ. അനന്ദു (21) ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി (ശ്രീനി-24) ഷംനാദ് (20) അഫ്സല്‍ (21), ഇയാളുടെ സഹോദരന്‍ ആഷിക്ക് (20) നിധിന്‍ പ്രസാദ് (21) അഭിനവ് (18) കാര്‍ത്തിക്ക് (18) സുധീഷ് (27), അപ്പു (നിഷാദ്-31), അരവിന്ദ് (23), അനന്ദു പ്രദീപ് (24), വിഷ്ണു (24), ദീപു പി.സുരേഷ് (22), ബിനു കെ.ജോസഫ് (39), അഭിലാഷ് കുമാര്‍ (19) എന്നിവരും പതിനേഴുകാരനുമാണ് ഇതുവരെ അറസ്റ്റിലായവര്‍.