പയ്യന്നൂരില്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്റെ കടയ്ക്കു മുന്‍പില്‍ റീത്ത് പ്രത്യക്ഷപ്പെട്ടു; വധഭീഷണി മുഴക്കി റീത്തുവെച്ചതിനെതിരെ കേസെടുത്ത് പോലീസ്

പയ്യന്നൂരില്‍ വീട്ടിലും സ്ഥാപനങ്ങളിലും റീത്തുവയ്ക്കല്‍ വ്യാപകമാവുന്നു

By :  Remesh
Update: 2024-09-06 03:56 GMT


കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ എതിരാളികളെ ഭയപ്പെടുത്തുന്നതിനായി വീട്ടിലും തൊഴില്‍ സ്ഥാപനങ്ങളിലും റീത്തുവയ്ക്കല്‍ വ്യാപകമാവുന്നു. പയ്യന്നൂരിലെ വ്യാപാരി വ്യവസായി സമിതി ഏരിയാ നേതാവും കാങ്കോല്‍ ശിവക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും സി.പി. എം പ്രവര്‍ത്തകനുമായ കുണ്ടയം കൊവ്വല്‍ വലിയചാലിലെ കെ.വി മുരളീധരന്റെ കാങ്കോലിലെ ഷോപ്പിനു മുന്‍പില്‍ അജ്ഞാതര്‍ റീത്തുവെച്ചു.

കാങ്കോലില്‍ സ്റ്റേഷനറി കച്ചവടം നടത്തിവരികയാണ്മുരളീധരന്‍. വ്യാഴാഴ്ച്ച രാവിലെ പത്രവിതരണക്കാരനാണ് കടയ്ക്കു മുന്‍പില്‍ ഭീഷണിസന്ദേശമെഴുതിയ റീത്ത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ വിവരം ഉടമയെ അറിയിക്കുകയായിരുന്നു. മഴംവെളളം വീണു അക്ഷരങ്ങള്‍ പലതും മാഞ്ഞ നിലയിലാണ്. നിന്റെ അനുമതി ആര്‍ക്കു വേണം, ഞങ്ങള്‍ നടത്താന്‍ തീരുമാനിച്ചാല്‍ നടത്തും, തടയാന്‍ ശ്രമിച്ചാല്‍ അങ്ങ് തീര്‍ക്കും,ഓര്‍ത്താല്‍ നല്ലതെന്ന് അവസാനിക്കുന്ന എഴുത്തുകളില്‍ ഒരുഅവ്യക്തമാണ്. റീത്തിന് മുകളില്‍ നീലമഷി കൊണ്ടു കടലാസിലെഴുതി പതിച്ച നിലയിലാണ് ഭീഷണി.

വിവരമറിഞ്ഞെത്തിയ പെരിങോം പൊലിസ് റീത്ത് കസ്റ്റഡിയിലെടുത്തു.ക്ഷേത്രം കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് റീത്തുവെച്ചതിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇതുവരെ ഗണേശോത്സവം നടത്താത്ത പ്രദേശത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടു ചിലര്‍ ഗണേശോത്സവം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്ന പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കടയ്ക്കു മുന്‍പില്‍ റീത്തു പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം അഴീക്കോട് ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിനു മുന്‍പിലും റീത്ത് വെച്ചിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരെ വധശ്രമക്കേസ് നല്‍കിയ യുവാവിന്റെവീടിനു മുന്‍പിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്.

അഴീക്കോട് വെളളക്കല്ലില്‍ ബി.ജെ.പി പ്രവര്‍ത്തകനായ നിഥിന്റെ വീട്ടിന് മുന്‍പിലാണ് രണ്ടുദിവസം മുന്‍പ് റീത്തുവെച്ചത്. ബി.ജെ.പി പ്രവര്‍ത്തകരായ നിഥിന്‍, അശ്വിന്‍, എന്നിവരെ അക്രമിച്ച കേസില്‍ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെയുളള എട്ടു സി.പി. എം പ്രവര്‍ത്തകരെ കോടതി എട്ടുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ച അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെ രണ്ടു പേര്‍ കോടതി വിധിച്ച രണ്ടു ലക്ഷം രൂപ പിഴയടച്ചതിനു ശേഷം ജയിലില്‍ നിന്നും ഇറങ്ങിയിരുന്നു. ഈ വിവരം അര്‍ജുന്‍ ആയങ്കി നവമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിഥിന്റെ വീടിനു മുന്‍പില്‍ റീത്ത് പ്രത്യക്ഷപ്പെട്ടത്.

Tags:    

Similar News