പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത് സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങില്‍; പോലീസ് നടപടി സ്വീകരിച്ചത് വിശദമായ പരിശോധനകള്‍ക്ക് ശേഷം; പലതവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി; ഒന്നിച്ചുപോയെന്ന് സമ്മതിച്ച് ഫിലിപ്പ് മമ്പാടും; കേസ് വന്നാല്‍ ജീവനൊടുക്കുമെന്നും ഭീഷണി മുഴക്കി മമ്പാട്
പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത് സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങില്‍
നിലമ്പൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന 16കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ എസ്.ഐ.യും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഫിലിപ്പ് മമ്പാട് (49) റിമാന്‍ഡിലായി. കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത് വിശദമായ അന്വേഷണത്തിന് ശേഷമാണ്. പെണ്‍കുട്ടി കോഴിക്കോട് ചേവായൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ചേവായൂര്‍ പോലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ വസ്തുത പരിശോധിക്കാനായി കൗണ്‍സിലറുടെ മൊഴിയും മറ്റു തെളിവുകളും പോലീസ് ശേഖരിച്ചിരുന്നു. പെരിന്തല്‍മണ്ണ എസ്.ഐ. ആയിരുന്ന ഫിലിപ്പ് ഒരുവര്‍ഷം മുന്‍പാണ് ലഹരിവിരുദ്ധ ക്ലാസുകള്‍ നടത്താനായി സ്വയംവിരമിച്ചത്. കൗണ്‍സിലിങ് നടത്തുന്നതിനായി മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടില്‍ രക്ഷിതാക്കള്‍ കൊണ്ടാക്കിയതിനെത്തുടര്‍ന്ന് അതിജീവിത അവിടെ താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ പെണ്‍കുട്ടിയെ കാസര്‍കോട് കൊണ്ടുപോയെന്നും കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് പലതവണകളായി ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. അതിജീവിതയുടെ മൊഴി ചേവായൂര്‍ പോലീസ് രേഖപ്പെടുത്തി. കാരച്ചാലിലെ വീട്ടില്‍നിന്ന് ഇരുവരും ഒന്നിച്ചുപോയതായി ഫിലിപ്പ് പോലീസിനോട് സമ്മതിച്ചു.എന്നാല്‍ നിരപരാധിയാണെന്നും കേസ് വന്നാല്‍ ആത്മഹത്യചെയ്യുമെന്നും ഫിലിപ്പ് പറഞ്ഞതായി പോലീസ് അറിയിച്ചു.
ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കറും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് ലൈംഗിക പീഡന കേസില്‍ പിടിയിലായതില്‍ പലരും ഞെട്ടിയിരുന്നു. കുട്ടികളെ കൈയിലെടുക്കുന്നതിലെല്ലാം മിടുക്കനാണ് ഫിലിപ്പ് മമ്പാട്. അവനെയൊന്ന് ചേര്‍ത്തു നിര്‍ത്തി നെറ്റിയിലൊരു ഉമ്മ കൊടുക്ക്' എന്നു പറഞ്ഞ് കൗമാരക്കാരുടെ വേവലാതികള്‍ പരിഹരിക്കുന്നതില്‍ മിടുക്കനായിരുന്നുയ ഇയാള്‍.
സ്‌കൂളുകളിലെ സ്ഥിര സാന്നിധ്യം, കുട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ ഫെയ്സ്ബുക്ക് ലൈവിട്ടും വീഡിയോ പങ്കുവച്ചും സോഷ്യല്‍മീഡിയില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ്. ഒട്ടേറെ ഫോളോവേഴ്സുമുണ്ട്. മിടുക്കരായ കുട്ടികള്‍ക്കൊപ്പം എന്നും ചിരിച്ചും കളിച്ചും അവര്‍ക്ക് നേര്‍വഴി പറഞ്ഞുകൊടുത്ത മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ പോക്സോ കേസില്‍ പിടിയിലായിരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഫിലിപ് മമ്പാട് സര്‍വീസിലിരിക്കെ തന്നെ മോട്ടിവേഷണല്‍ സ്പീച്ചിലും ടിവി ഷോകളിലും നിറസാന്നിധ്യമായിരുന്നു. വെറുതേയല്ല ഭാര്യ എന്ന ടെലിവിഷന്‍ ഷോയില്‍ മത്സരാര്‍ഥിയായി ഇയാള്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചതും മോട്ടിവേഷണല്‍ പരിപാടികളില്‍ മുഴുവന്‍ നേരം ഭാഗമായതും.
കുഞ്ഞുകുട്ടികളുമായുള്ള അനുഭവങ്ങളും, സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങളും റീല്‍സായി സോഷ്യല്‍മീഡിയകളില്‍ പങ്കുവച്ചിരുന്നു. ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പരിപാടികളിലും ഫിലിപ് മമ്പാട് എത്തിയിരുന്നു. സോഷ്യല്‍മീഡിയകളില്‍ അദ്ദേഹം പങ്കുവച്ച വീഡിയോകള്‍ കണ്ട് സാറിനെ ഒരുതവണയെങ്കിലും കാണണമെന്ന് പറഞ്ഞവരും നിരവധി. ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലുമെത്തി വിഡിയോ പങ്കുവെച്ചിരുന്നു.
