വഴി വിട്ട ബന്ധത്തിന് തടസം; ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ പഞ്ചായത്തംഗമായ ഭാര്യ കാമുകനുമായി ഒന്നിച്ചു; സംഭവം നടന്ന നാലു വര്‍ഷമായിട്ടും പ്രധാന പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സാധിക്കാതെ പോലീസ്

Update: 2026-01-08 07:34 GMT

വണ്ടന്മേട്: വഴിവിട്ട ബന്ധത്തിന് തടസമായ ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ മുന്‍ പഞ്ചായത്തംഗവും കാമുകനും ചേര്‍ന്ന് നടത്തിയ 'കൊടുംചതി'ക്ക് നാല് വയസ്. കേരളത്തെ നടുക്കിയ വണ്ടന്മേട് എം.ഡി.എം.എ കേസില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. ഗൂഢാലോചനയുടെ മുഖ്യസൂത്രധാരനും വിദേശമലയാളിയുമായ കൊച്ചറ ബാര്‍ദ്ദാന്‍മുക്ക് വെട്ടത്താഴത്ത് വിനോദ് രാജേന്ദ്രനെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ഇന്നും പൊലീസിന് സാധിച്ചിട്ടില്ല.

2022 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍ പഞ്ചായത്തംഗമായ സൗമ്യയും കാമുകന്‍ വിനോദും ചേര്‍ന്ന് ഭര്‍ത്താവ് സുനിലിന്റെ ബൈക്കില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെച്ച് പൊലീസിനെക്കൊണ്ട് പിടിപ്പിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സൗമ്യയും സഹായികളും കുടുങ്ങിയെങ്കിലും വിനോദ് മാത്രം ഇന്നും അദൃശ്യനായി തുടരുന്നു. പ്രതി വിദേശത്താണെന്ന 'പതിവ് പല്ലവി' ആവര്‍ത്തിച്ച് തടിയൂരുകയാണ് അന്വേഷണസംഘം.

പ്രതിയെ നാട്ടിലെത്തിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിലോ ഇന്റര്‍പോള്‍ സഹായം തേടുന്നതിലോ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയെന്ന ആക്ഷേപം ശക്തമാണ്.വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാനുള്ള നയതന്ത്ര ചര്‍ച്ചകളോ കൃത്യമായ നിയമനടപടികളോ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.പ്രതിയെ സംരക്ഷിക്കാന്‍ രാഷ്ട്രീയതലത്തിലോ മറ്റോ അദൃശ്യ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് നാട്ടുകാര്‍.

സംഭവം വിവാദമായതോടെ എല്‍.ഡി.എഫ് പഞ്ചായത്തംഗമായിരുന്ന സൗമ്യയെ സി.പി.എം പുറത്താക്കിയിരുന്നു. രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിട്ടതോടെയാണ് പാര്‍ട്ടി സൗമ്യയെ കൈവിട്ടത്. വാടക ഗുണ്ടകളെ ഉപയോഗിച്ച് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച സംഭവം അന്ന് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിതെളിച്ചത്. എന്നാല്‍, സൂത്രധാരന്‍ വിദേശത്തിരുന്ന് അന്വേഷണത്തെ പരിഹസിക്കുമ്പോഴും പൊലീസ് നിസ്സംഗത തുടരുകയാണ്.

Tags:    

Similar News