രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരിസേവയും; ചോദ്യം ചെയ്ത അമ്മയുടെ കൈവിരലുകള്‍ വെട്ടിമാറ്റി; അച്ഛന്‍ നടരാജന്റെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി; തുറന്നുകിടന്ന ജനലിലൂടെ നാട്ടുകാര്‍ കണ്ട കാഴ്ച ഭയാനകം; ചോരയില്‍ മുങ്ങിക്കുളിച്ച് വെട്ടുകത്തിയുമായി ഭ്രാന്തനെ പോലെ നവജിത്ത്; പുല്ലുകുളങ്ങരയിലെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍

പുല്ലുകുളങ്ങരയിലെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍

Update: 2025-12-01 10:08 GMT

കായംകുളം: നാടിനെ നടുക്കിയ കൊടുംക്രൂരതയുടെ ഞെട്ടലിലാണ് ആലപ്പുഴ ജില്ലയിലെ പുല്ലുകുളങ്ങര ഗ്രാമം. സ്വന്തം മകന്റെ വെട്ടേറ്റ് പിതാവിന് ദാരുണാന്ത്യം സംഭവിച്ചതിന്റെ മരവിപ്പിലാണ് നാട്ടുകാര്‍. പീടികച്ചിറ നടരാജന്‍ (63)ഭാര്യ സിന്ധു (48) എന്നിവരെയാണ് അഭിഭാഷകന്‍ കൂടിയായ മകന്‍ നവജിത്ത് (30)അതിക്രൂരമായി ആക്രമിച്ചത്. അക്രമം നടത്തിയ നവജിത്തിനെ കനകക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണ് നടരാജന്റേത്. പ്രധാനമായും, വീടിന്റെയും ബിസിനസ് സ്ഥാപനങ്ങളുടെയും സാമ്പത്തികപരമായ നിയന്ത്രണം നടരാജനായിരുന്നു നോക്കിയിരുന്നത്. ഇതിനെച്ചൊല്ലി മകന്‍ നവജിത്ത് വീട്ടില്‍ പതിവായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.

ഇന്നലെ രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും തുടര്‍ന്ന നവജിത്ത്, ഇത് മാതാപിതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് നിയന്ത്രണം വിട്ട് ആക്രമണം നടത്തിയത്. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനിരിക്കെയാണ് ഈ കൊടുംക്രൂരത.

വീടിനകത്ത് നിന്ന് കരച്ചിലും ബഹളവും കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. തുറന്നുകിടന്ന ജനലിലൂടെ കണ്ട കാഴ്ച ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. ചോരയില്‍ കുളിച്ചു കിടക്കുന്ന മാതാപിതാക്കള്‍ക്കരികില്‍ വെട്ടുകത്തിയുമായി ഭ്രാന്തനെപ്പോലെ ഇരിക്കുന്ന നവജിത്തിനെയാണ് നാട്ടുകാര്‍ കണ്ടത്.

ശരീരമാസകലം വെട്ടേറ്റ മുറിവുകള്‍: അതിക്രൂരമായ ആക്രമണം

വിവരം അറിഞ്ഞ് പോലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുമ്പോള്‍, കൈയ്യില്‍ വെട്ടുകത്തിയുമായി ഇരുന്ന നവജിത്ത് പതിയെ മുകള്‍നിലയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഏറെ നേരത്തെ മല്‍പ്പിടിത്തത്തിനൊടുവിലാണ് പോലീസ് ഇയാളെ കീഴടക്കി കസ്റ്റഡിയിലെടുത്തത്. അക്രമത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു മാതാപിതാക്കളുടെ ശരീരത്തിലെ മുറിവുകള്‍.

നടരാജന്റെ ശരീരമാസകലം വെട്ടേറ്റു, കണ്ണിന് ഉള്‍പ്പെടെ ആഴത്തില്‍ മുറിവേറ്റു. കൈപ്പത്തി പൂര്‍ണ്ണമായും വെട്ടിമാറ്റപ്പെട്ട നിലയിലായിരുന്നു. സിന്ധുവിന്റെ കൈവിരലുകളെല്ലാം അറുത്തു മുറിച്ച നിലയിലായിരുന്നു. പൊലീസ് എത്തുമ്പോള്‍ രണ്ടുപേര്‍ക്കും ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ നടരാജന്‍ മരണപ്പെട്ടു. ഭാര്യ സിന്ധു ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

മാവേലിക്കര കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന നവജിത്തിന് രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ട്. ഇരുവരും ആയുര്‍വേദ ഡോക്ടര്‍മാരാണ്. കുടുംബപരമായ സാമ്പത്തിക നിയന്ത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കവും ലഹരിയുടെ സ്വാധീനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News