നെഞ്ചിൽ ആഞ്ഞ് കുത്തിയത് മൂന്ന് തവണ; അലറിനിലവിളിച്ച് പാതി ജീവനുമായി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി വെള്ളം ചോദിച്ച ആ ബിജെപി നേതാവിൻ്റെ ബന്ധു; അരുംകൊലയുടെ കാരണം തേടി പോലീസ്

Update: 2025-12-14 01:06 GMT

ജലന്ധർ: പഞ്ചാബ് ബി.ജെ.പി. നേതാവും മുൻ എം.എൽ.എയുമായ ശീതൾ അംഗുറലിന്റെ ബന്ധുവായ 17 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. പഞ്ചാബിലെ ജലന്ധറിലെ ശിവാജി നഗർ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ബി.ജെ.പി. നേതാവിന്റെ കസിൻ്റെ മകനായ വികാസ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഈ കൊലപാതകത്തിന് പിന്നിൽ പ്രദേശത്തെ മയക്കുമരുന്ന് മാഫിയയുടെ സ്വാധീനമാണെന്ന് ശീതൾ അംഗുറൽ ആരോപിച്ചു. മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, റോഡിൽ വെച്ചുണ്ടായ ഒരു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പ്രതികളിലൊരാളായ 'കാലു' എന്ന് തിരിച്ചറിഞ്ഞയാളാണ് വികാസിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. വികാസിന്റെ നെഞ്ചിൽ ഇയാൾ മൂന്ന് തവണ കുത്തിപ്പരിക്കേൽപ്പിച്ചു. കുത്തേറ്റ ശേഷം ജീവനുവേണ്ടി അടുത്തുള്ള ഒരു തെരുവിലേക്ക് ഓടിക്കയറിയ വികാസ് അവിടെയുണ്ടായിരുന്നവരോട് വെള്ളം ചോദിച്ചെങ്കിലും അധികം വൈകാതെ ബോധരഹിതനായി നിലത്തുവീഴുകയായിരുന്നു. ഉടൻതന്നെ വികാസിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഏകദേശം 11.30-ഓടെ മരണം സ്ഥിരീകരിച്ചു.

പുറത്തുപോയ താൻ രാത്രി 10 മണിയോടെയാണ് മകനെ ആക്രമിച്ചുവെന്ന വിവരം ലഭിച്ചതെന്ന് ശീതൾ അംഗുറൽ മാധ്യമങ്ങളോട് പറഞ്ഞു. "മുനിസിപ്പൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്റ് ഏരിയയിൽ ആയിരുന്നപ്പോഴാണ് എനിക്ക് എൻ്റെ ജ്യേഷ്ഠന്റെ കോൾ വന്നത്. ആരോ വികാസിനെ ആക്രമിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് വികാസ് മരിച്ചുപോയ വിവരം ഞാൻ അറിയുന്നത്," അദ്ദേഹം വേദനയോടെ പങ്കുവെച്ചു.

പ്രദേശത്ത് മയക്കുമരുന്നിന്റെ ശല്യം രൂക്ഷമാണെന്നും, മയക്കുമരുന്ന് സംഘങ്ങളുടെ ആക്രമണത്തിനാണ് തൻ്റെ അനന്തരവൻ ഇരയായതെന്നും ശീതൾ അംഗുറൽ ആരോപിച്ചു. പ്രതിയായ കാലു മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടിട്ടുള്ളയാളാണെന്നും ഇയാൾ ഇതിനുമുമ്പും പോലീസുകാരെ ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തിൽ ഡിവിഷൻ നമ്പർ 5 പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ പോലീസ് ഇൻസ്പെക്ടർ യാദ്‌വീന്ദർ റാണ അറിയിച്ചു.

Tags:    

Similar News