പ്രേതബാധ ഒഴിപ്പിക്കാന്‍ കുറഞ്ഞത് 30,000 രൂപ; പ്രേതത്തിന്റെ 'ശക്തി' കൂടുമ്പോള്‍ ലക്ഷങ്ങള്‍; ചിലര്‍ക്ക് ഉസ്താദ്, മറ്റു ചിലര്‍ക്ക് സിദ്ധനും വിശ്വസ്തര്‍ക്ക് തങ്ങളും; വീട്ടമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ എത്തിയ വ്യാജചികിത്സകന്‍ 18 വയസുളള മകളുമായി മുങ്ങി; ഹോസ്ദുര്‍ഗ് പൊലീസ് പിന്നാലെ

പ്രേതബാധ ഒഴിപ്പിക്കാന്‍ എത്തിയ 'ഉസ്താദ്', 18 കാരി വിദ്യാര്‍ത്ഥിനിയുമായി മുങ്ങി

Update: 2025-09-24 16:22 GMT

കാഞ്ഞങ്ങാട് (കാസര്‍കോട്): വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാന്‍ വീട്ടില്‍ വന്ന ആത്മീയ ചികിത്സകന്‍, 18 കാരി മകളുമായി കടന്നുകളഞ്ഞു. 50 വയസ്സുള്ള 'ഉസ്താദ്' എന്നറിയപ്പെടുന്ന റാഷിദ് എന്നയാളാണ് കോളേജ് വിദ്യാര്‍ഥിനിയുമായി കടന്നു കളഞ്ഞത് . ഹോസ്ദുര്‍ഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വയനാട്, കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ആത്മീയതയുടെ മറവില്‍ തട്ടിപ്പും അന്ധവിശ്വാസവും

കാസര്‍കോട് ജില്ലയിലുടനീളം റാഷിദ് നിരവധി വീടുകളില്‍ 'ആത്മീയ ചികിത്സ' നടത്തി വരികയായിരുന്നുവെന്നും, പെണ്‍കുട്ടിയുടെ ഉമ്മയുടെ പ്രേതബാധയെ ഒഴിവാക്കാന്‍ വന്നതായിരുന്നു ഇയാള്‍ എന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ചിലര്‍ക്കു അദ്ദേഹം 'ഉസ്താദ്' ആയിരുന്നപ്പോള്‍, മറ്റുചിലര്‍ക്കു 'സിദ്ധന്‍'. വിശ്വസ്തര്‍ക്കു 'തങ്ങള്‍' എന്ന പേരിലും വിളിക്കപ്പെട്ടു. ആദ്യകാലത്ത് ഒരു ഹോട്ടലില്‍ പൊറോട്ട ചുട്ടെടുക്കുന്ന ജോലിയിലൂടെയാണ് റാഷിദ് ജീവിതം തുടങ്ങിയത്. പിന്നീട് അന്ധവിശ്വാസവും കപട ആത്മീയതയും ചൂഷണം ചെയ്ത് അയാള്‍ 'സിദ്ധനായി' മാറുകയായിരുന്നു.

മൊബൈല്‍ ഓഫില്‍, കുടുംബം അറിയാതെ മുങ്ങിയ സംഭവം

കഴിഞ്ഞ ദിവസം കോളേജിലേക്ക് പോകുമെന്ന് പറഞ്ഞ പെണ്‍കുട്ടിയും റാഷിദും ഒരുമിച്ച് കാണാതാകുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും സ്വിച്ച് ഓഫ് നിലയിലാണ്. കുടുംബാംഗങ്ങളും പൊലീസും വ്യാപകമായ തിരച്ചിലിലാണ്.

മറ്റൊരു യുവതിയില്‍ നിന്ന് 80 പവന്‍ തട്ടിയെടുത്ത തട്ടിപ്പു കേസും റാഷിദിന് എതിരെ ഉയര്‍ന്നിട്ടുണ്ട്. കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയില്‍ നിന്ന് ആത്മീയ ചികിത്സയുടെ പേരില്‍ 80 പവന്‍ തട്ടിയെടുത്ത കേസിലാണ് ആരോപണം. എന്നാല്‍ അന്ന് മധ്യസ്ഥതയിലൂടെ പരാതി ഒതുക്കിയതായും, സ്വര്‍ണം ഇതുവരെ തിരിച്ചു ലഭിച്ചിട്ടില്ലെന്നുമാണ് വിവരം.

അന്ധവിശ്വാസത്തിന്റെ ചതിയിലൂടെ കോടികള്‍?

രോഗശാന്തി, കുടുംബശാന്തി, പ്രേതബാധ, ശാപമോചനങ്ങള്‍ തുടങ്ങിയ തലക്കെട്ടുകള്‍ ചേര്‍ത്ത് വിശ്വാസികളെ വശത്ത് ആക്കുന്നതിനായി ആത്മീയ ക്ലാസുകള്‍, പ്രത്യേക പൂജകള്‍, ഉപവാസദിവസങ്ങള്‍ എന്നിങ്ങനെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്ധവിശ്വാസ തന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ 'ഉസ്താദ്' എന്ന റാഷിദിന്റെ തട്ടിപ്പ് ഓപ്പറേഷന്‍. ക്രിയകള്‍ക്ക് ആയിരക്കണക്കിന് രൂപ ഈടാക്കിയിരുന്നത്. ഒരു പ്രേതബാധ ഒഴിപ്പിക്കാന്‍ ഉള്ള കുറഞ്ഞത് 30,000 രൂപ മുതലായിരിക്കും. പ്രേതത്തിന്റെ ''ശക്തി'' കൂടുതലാകുമ്പോള്‍ ഈടാക്കുന്ന തുക ലക്ഷങ്ങളില്‍ എത്തും.

പോലീസ് കടുത്ത ജാഗ്രതയില്‍; ആഹ്വാനം: അന്ധവിശ്വാസത്തിന് എതിരെ ഉണരുക

ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. റാഷിദിന്റെ നിലവിലെ വിലാസം കാസര്‍കോട് കൊല്ലം ഖാനത്താണെന്നും, ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തിയ വിവരം.

സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യാജ ആത്മീയരും തങ്ങള്‍മാരും ജനങ്ങള്‍ക്കും സമൂഹത്തിനും വലിയ ഭീഷണിയാണെന്ന് വ്യാജന്മാരെ തുറന്നുകാട്ടാന്‍ യഥാര്‍ത്ഥ പണ്ഡിതമാര്‍ രംഗത്തിറങ്ങണമെന്ന് നാഷണല്‍ മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കദിജ മൊഗ്രാല്‍ ആവശ്യപ്പെട്ടു.

അതേസമയം, അന്ധവിശ്വാസത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മലബാര്‍ കേന്ദ്രീകരിച്ച് പ്രത്യേകിച്ചു പാലക്കാട് ഇത്തരത്തിലുള്ള നിരവധി സിദ്ധന്‍മാര്‍ വിലസുകയാണെന്നും കോടികളാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തി കൈവശപ്പെടുത്തുന്നതൊന്നും നിയമപരമായി പരാതി കൊടുക്കുന്നുണ്ട്. എന്നാല്‍, ഇത്തരക്കാര്‍ക്ക് എതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുണ്ട് .

Tags:    

Similar News