രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതികള്‍ അന്വേഷിക്കുന്ന അന്വേഷക സംഘത്തിന് ബംഗളൂരു ആശുപത്രി അധികൃതരില്‍ നിന്ന് നിര്‍ണായക രേഖകള്‍ ലഭിച്ചതായി വിവരമുണ്ടെന്ന് റിപ്പോര്‍ട്ട്: ഇരയുടെ മൊഴി എടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പി ക്രൈംബ്രാഞ്ച്; എല്ലാ പ്രതീക്ഷയും ബാഗ്ലൂരുവില്‍; അന്വേഷണം വേഗത്തിലാക്കും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അന്വേഷണം വേഗത്തിലാക്കാന്‍ ക്രൈംബ്രാഞ്ച്. സോഷ്യല്‍ മീഡിയയില്‍ രാഹുലിന് പിന്തുണ കൂടുന്ന സാഹചര്യത്തില്‍ ഉന്നത കേന്ദ്രങ്ങളും അതിവേഗ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികള്‍ അന്വേഷിക്കുന്ന അന്വേഷക സംഘത്തിന് ബംഗളൂരു ആശുപത്രി അധികൃതരില്‍ നിന്ന് നിര്‍ണായക രേഖകള്‍ ലഭിച്ചതായി വിവരമുണ്ടെന്ന് ദേശാഭിമാനിയും റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ അന്വേഷണത്തിനായി സംഘം ഉടന്‍ ബംഗളൂരുവിലേക്ക് പോകും.
രണ്ട് യുവതികളാണ് ഗര്‍ഭച്ഛിദ്രത്തിന് വിധേയരായത്. ഇതിലൊരാളെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ്. ഈ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയില്‍നിന്ന് പൊലീസ് നേരിട്ട് മൊഴിയെടുക്കും. രാഹുലിനെതിരെ യുവതി മൊഴി നല്‍കിയാല്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. അതിജീവിതമാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും അനുയായികളും ശ്രമിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ടെന്നും ദേശാഭിമാനി പറയുന്നു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എന്നാല്‍ രാഹുലിനെതിരെ ഇരകളാരും അന്വേഷണ സംഘത്തെ സമീപിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ കേസ് അപ്രസക്തമാകാനാണ് സാധ്യത. ഇതിനൊപ്പമാണ് ബംഗ്ലൂരു ആശുപത്രി കഥയില്‍ ക്രൈംബ്രാഞ്ച് അഭയം തേടുന്നത്.
നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ സന്ദേശം അയച്ചു, ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങള്‍ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റം ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്. നേരത്തെ ക്രൈംബ്രാഞ്ച് കേസിന്റെ എഫ്ഐആര്‍ പുറത്തു വന്നിരുന്നു. പത്തുപരാതികളാണ് മൊത്തത്തിലുള്ളത്. ഇതില്‍ രണ്ടു പരാതി, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണമുന്നയിച്ചവരെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ്. ഇതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എഫ്‌ഐആര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെപേരില്‍ മാത്രമാണ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്.
എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്ന കുറ്റം ഇങ്ങനെയാണ്: സ്ത്രീകളെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി പ്രതി സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യംചെയ്തു. സ്ത്രീകളുടെ മാനസികപീഡനത്തിന് ഇടയാക്കുന്നവിധത്തില്‍ പ്രവര്‍ത്തിച്ചു. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന മെസേജുകളയച്ചും ഭീഷണിപ്പെടുത്തി. അഡ്വ. ഷിന്റോ സെബാസ്റ്റ്യന്‍ ബാലാവകാശ കമ്മിഷന് നല്‍കിയ പരാതിയാണ് നേരിട്ട് അന്വേഷണത്തിനായി പ്രധാനമായും പരിഗണിച്ചത്. ബാക്കി പരാതികളെല്ലാം ഇ-മെയില്‍ വഴി ലഭിച്ചതാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ റിപ്പോര്‍ട്ടര്‍ ചാനല്‍ ആരോപണം ഉയര്‍ത്താന്‍ വ്യാജതെളിവ് നിര്‍മിച്ചുവെന്നാണ് മറ്റൊരു പരാതി.
ഡോ. സാറ തോമസാണ് പരാതിനല്‍കിയത്. ഗുവാഹാട്ടിയില്‍നിന്ന് ഷിജു പി. ജോണ്‍ നല്‍കിയ പരാതി, മാധ്യമങ്ങളില്‍ പേരുവെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ച യുവനടിയുടെപേരില്‍ അന്വേഷണം ആവശ്യപ്പെട്ടാണ്.