ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചു; രണ്ടാമത്തെ ഗര്‍ഭഛിത്രം നിര്‍ബന്ധപൂര്‍വ്വം; ആശുപത്രിയില്‍ നിന്നും രേഖകള്‍ വാങ്ങാന്‍ അന്വേഷകര്‍ ബാംഗ്ലൂരുവിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പോലീസ് ഇപ്പോള്‍ പറയുന്നത് ഈ കഥകള്‍

Update: 2025-09-03 01:41 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ഉയര്‍ന്ന ലൈംഗികപീഡന ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പുതിയ നീക്കങ്ങള്‍ക്ക്. അന്വേഷണം ബംഗളൂരുവിലേക്ക് പോവുകയാണ്. രണ്ടു സ്ത്രീകളെ ബംഗളൂരുവിലെ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിനു വിധേയമാക്കിയെന്ന വിവരത്തെത്തുടര്‍ന്നാണ് ആശുപത്രിയിലെ രേഖകള്‍ തേടി ക്രൈംബ്രാഞ്ച് സംഘം പോയത്. ഈ ആശുപത്രികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഇരകളാരെന്ന് ഉറപ്പിച്ചോ എന്ന് വ്യക്തമല്ല. ബംഗ്ലൂരുവിലെ ആശുപത്രികളില്‍ ഇരകളെന്ന് കരുതുന്നവര്‍ ചികില്‍സ തേടിയോ എന്ന് കണ്ടെത്താനാണ് പോലീസ് ശ്രമം.

ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചെന്നാണു വിവരം. ഇവിടെനിന്ന് ഇതു സംബന്ധിച്ച വിവരം ലഭിച്ചാല്‍ പരാതിക്കാരെ സമീപിച്ചു മൊഴിയെടുത്ത ശേഷം തുടര്‍നടപടിയിലേക്കു കടക്കും. പരാതിയോ മൊഴിയോ നല്‍കാന്‍ യുവതികള്‍ തയാറായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയില്ല. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കേസെടുക്കണമെന്നു പരാതിപ്പെട്ട ഹൈക്കോടതി അഭിഭാഷകന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. അതിന് അപ്പുറമൊന്നും പോലീസിന്റെ കൈയ്യില്‍ ഇല്ല.

രണ്ട് യുവതികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരായതായി അന്വേഷക സംഘത്തിന് വിവരം ലഭിച്ചു. ഇതിലൊരാളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയത് ബംഗളൂരുവില്‍വച്ചാണ്. ഇത് സ്ഥിരീകരിക്കാനാണ് അന്വേഷക സംഘം ബംഗളൂരുവിലേക്ക് പോകുന്നത്. ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രിയില്‍നിന്ന് വിവരം ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. പുറത്തു വന്ന ശബ്ദസന്ദേശം രാഹുലിന്റേതാണെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ ശബ്ദപരിശോധന നടത്തണം. ഇതിനായി രാഹുലിന്റെ ശബ്ദസാന്പിള്‍ ശേഖരിക്കണം. യുവതികളുമായി അടുപ്പമുള്ള മൂന്നു മാധ്യമ പ്രവര്‍ത്തകരെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സമീപിച്ചിരുന്നു.

നിര്‍ബന്ധിത ഗര്‍ഭഛിദ്രം ആരോപിച്ച് രാഹുലിനെതിരെ ബാലാവകാശ കമീഷനില്‍ പരാതി നല്‍കിയ ഷിന്റോ സെബാസ്റ്റ്യന്റെ മൊഴി അന്വേഷക സംഘം രേഖപ്പെടുത്തിയിരുന്നു. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതിലൂടെ, ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടുവെന്ന പരാതി കമീഷന്‍ പൊലീസിനു കൈമാറിയിരുന്നു. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ച് സന്ദേശമയച്ചു, ഫോണില്‍ ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങള്‍ വഴി പിന്തുടര്‍ന്ന് ശല്യംചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുംവിധം പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി 13 ഓളം പരാതികളാണ് ലഭിച്ചത്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യം ചെയ്യുക. വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരില്‍കണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടും. ആര്‍ക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കില്‍ അതുകൂടി ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.

തിരുവനന്തപുരത്തും എറണാകുളത്തും അടക്കം പൊലീസില്‍ ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. നിലവില്‍ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക.

Tags:    

Similar News