മധുവിധു യാത്രയുടെ മറവില്‍ രാജയെ ഇല്ലാതാക്കാന്‍ സോനവും കുശ്വാഹയും ഗൂഢാലോചന നടത്തി; മൂന്ന് തവണ പരാജയപ്പെട്ട കൊലപാതക ശ്രമം വിജയിച്ചത് നാലാമത്തെ ശ്രമത്തില്‍; രാജ രഘുവംശിയെ കുത്തി കൊലപ്പെടുത്തി കൊക്കയില്‍ എറിഞ്ഞത് അഞ്ചംഗ സംഘം; ഹണിമൂണ്‍ മര്‍ഡറില്‍ കുറ്റപത്രം സമര്‍പ്പിച്ചു
മധുവിധു യാത്രയുടെ മറവില്‍ രാജയെ ഇല്ലാതാക്കാന്‍ സോനവും കുശ്വാഹയും ഗൂഢാലോചന നടത്തി
ഇന്‍ഡോര്‍: കോളിളക്കം സൃഷ്ടച്ച ഹണിമൂണ്‍ കൊലപാതക കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മേഘാലയില്‍ എത്തിച്ചു ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. അഞ്ചുപേരെ മുഖ്യപ്രതികളാക്കിയാണ് സോഹ്‌റ കോടതിയില്‍ വിശദമായ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ ഭാര്യ സോനം രഘുവംശി, അവരുടെ കാമുകന്‍ രാജ് കുശ്വാഹ, വാടകക്കൊലയാളികളായ വിശാല്‍ സിങ് ചൗഹാന്‍, ആകാശ് രജ്പുത്, ആനന്ദ് കുര്‍മി എന്നിവരെ പ്രതികളാക്കി 790 പേജുള്ള റിപ്പോര്‍ട്ടാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) സമര്‍പ്പിച്ചത്.
ഒന്നാം പ്രതിയായ സോനം രഘുവംശി, രാജയുമായുള്ള വിവാഹത്തിന് ശേഷവും രാജ് കുശ്വാഹയുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. മധുവിധു യാത്രയുടെ മറവില്‍ രാജയെ ഇല്ലാതാക്കാന്‍ സോനവും കുശ്വാഹയും ഗൂഢാലോചന നടത്തി കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
മേയ് 20-ന് ദമ്പതിമാര്‍ ഷില്ലോങ്ങിലേക്കും തുടര്‍ന്ന് സോഹ്‌റയിലേക്കും മധുവിധുയാത്ര തിരിച്ചു. മൂന്ന് തവണ കൊലപാതകശ്രമം പരാജയപ്പെട്ടതായും നാലാമത്തെ ശ്രമത്തിലാണ് രാജയെ അഞ്ചംഗ സംഘം കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
മേയ് 23-ന്, സോഹ്‌റയിലെ വെയ് സോഡോങ് വെള്ളച്ചാട്ടത്തിനടുത്ത് വെച്ചായിരുന്നു കൃത്യം നടത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തില്‍. സോനത്തിന് മുന്നില്‍വെച്ചാണ് മറ്റുള്ളവര്‍ രാജയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. തുടര്‍ന്ന് മൃതദേഹം കൊക്കയിലെറിഞ്ഞു. ജൂണ്‍ 2നാണ് മൃതദേഹം കണ്ടെടുത്തത്. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമായി നടത്തിയ അന്വേഷണത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘം പ്രതികളെ പിടികൂടി.
തെളിവുകള്‍ നശിപ്പിച്ചതിന് പ്രോപ്പര്‍ട്ടി ഡീലര്‍ സിലോം ജെയിംസ്, ഫ്‌ലാറ്റുടമ ലോകേന്ദ്ര തോമര്‍, സെക്യൂരിറ്റി ഗാര്‍ഡ് ബല്‍ബീര്‍ അഹിര്‍വാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. മൂവരും ഇപ്പോള്‍ ജാമ്യത്തിലാണ്. കുറ്റപത്രം സമര്‍പ്പിച്ചതിനെ സ്വാഗതം ചെയ്ത രാജയുടെ സഹോദരന്‍ വിപിന്‍ രഘുവംശി എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് ഇതുവരെ കുറ്റപത്രം ലഭിച്ചിട്ടില്ലെന്നും തിങ്കളാഴ്ച മേഘാലയിലെത്തി കുറ്റപത്രം വായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ആഭരണങ്ങള്‍ കൈക്കലാക്കാന്‍ എത്തിയ അക്രമിസംഘത്തിനോട് പൊരുതുമ്പോഴാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്നും തനിക്ക് മറ്റൊന്നും ഓര്‍മ്മയില്ലെന്നുമാണ് സോനം നേരത്തെ പോലീസിനോട് പറഞ്ഞത്. തന്നെ മയക്കുമരുന്ന് നല്‍കി ആരോ ഗാസിയാബാദില്‍ എത്തിച്ചുവെന്നും താന്‍ ഇരയാണെന്നും സോനം അവകാശപ്പെട്ടിരുന്നു. എന്നാല്‍, പോലീസിന്റെ ശാസ്ത്രീയ പരിശോധനയില്‍ ഈ വാദങ്ങളെല്ലാം കള്ളമാണെന്ന് തെളിഞ്ഞു.
തന്റെ സഹോദരന്റെ കടയില്‍ ജോലി ചെയ്തിരുന്ന രാജ് കുശ്വാഹയുമായി സോനം അടുപ്പത്തിലായിരുന്നു. ഇയാളുമായുള്ള ബന്ധം തുടരുന്നതിനായി ഭര്‍ത്താവിനെ മേഘാലയയില്‍വെച്ച് കൊലപ്പെടുത്താന്‍ സോനം പദ്ധതിയിട്ടത്. സോനം ആവശ്യപ്പെട്ടത് പ്രകാരം മുഴുവന്‍ സ്വര്‍ണാഭരണങ്ങളും ധരിച്ചാണ് രാജ മധുവിധുവിനെത്തിയത്. രാജ ആഭരണവും ധരിച്ച് പോകുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, സോനം പറഞ്ഞിട്ടാണ് അങ്ങനെ പോവുന്നതെന്നും അവള്‍ക്ക് അങ്ങനെയാണ് തന്നെ കാണാന്‍ ആഗ്രഹമെന്നും രാജ മാതാപിതാക്കളോട് പറഞ്ഞു. ഡയമണ്ട്, സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ പത്തുലക്ഷത്തോളം രൂപയുടെ ആഭരണങ്ങളുണ്ടായിരുന്നു അവ. മാത്രവുമല്ല, യാത്ര കഴിഞ്ഞുള്ള മടക്ക ടിക്കറ്റ് സോനം എടുത്തിരുന്നുമില്ല. ഷില്ലോങ് എന്ന സ്ഥലം തീരുമാനിച്ചതും യാത്രയിലുടനീളമുള്ള ബുക്കിങ്ങും മറ്റു കാര്യങ്ങളുമെല്ലാം തീരുമാനിച്ചതും സോനംതന്നെയായിരുന്നു.