പന്തം കത്തിച്ച് പാത്രത്തില്‍ തിന്നറുമായെത്തിയ രാമാമൃതം യുവതിയുടെ മേലേക്ക് തിന്നറൊഴിച്ചു; അയല്‍വാസി ദൃക്‌സാക്ഷിയായതു കൊണ്ട് ബസുകാരുടെ സഹായത്താല്‍ രാമാമൃതത്തെ പിടിച്ചു; ചിന്നപട്ടണത്തുകാരന്റെ ക്രൂരതയുടെ ഇരയായ രമിതയുടെ മരണത്തില്‍ ഞെട്ടി മണ്ണടുക്കം; റിമാന്‍ഡിലുള്ള പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും

Update: 2025-04-15 02:46 GMT

കാസര്‍കോട്: കാസര്‍കോട് കടമുറിയ്ക്കകത്തിട്ട് യുവാവ് തീ കൊളുത്തിയ യുവതി മരിച്ചു. മണ്ണടുക്കത്ത് സ്റ്റേഷനറി കട നടത്തുന്ന രമിത (27)യാണ് മരിച്ചത്. കടമുറി ഒഴിയാന്‍ ആവശ്യപ്പെട്ടതിന്റെ പ്രതികാരമായി യുവാവ്, യുവതിയെ കടമുറിക്കകത്തിട്ട് ദേഹത്ത് മരപ്പണിക്ക് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മുന്നാട് മണ്ണടുക്കത്ത് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 3.15നായിരുന്നു സംഭവം. തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചാണ് രമിത അന്ത്യശ്വാസം വലിച്ചത്. റിമാന്റില്‍ കഴിയുന്ന പ്രതി രാമാമൃതത്തിനെതിരെ ഇനി കൊലക്കുറ്റം ചുമത്തും.

രമിതയുടെ കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കട നടത്തിപ്പുകാരനാണ് രാമാമൃതം. പതിവായി മദ്യപിച്ച് കടയില്‍ വന്ന് രാമാമൃകം പ്രശ്‌നമുണ്ടാക്കുന്നത് രമിത കടയുടമയോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് രാമാമൃതത്തോട് കടയുടമ കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിരോധമാണ് രമിതയെ ആക്രമിക്കാന്‍ കാരണം. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അതീവ ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. രാമാമൃതത്തെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സാധനങ്ങള്‍ എടുത്ത് കൊണ്ടുപോകാന്‍ മാത്രം ചില ദിവസങ്ങളില്‍ കടയിലെത്തിയ രാമാമൃതം ചൊവ്വ വൈകിട്ട് ചെറിയ ഒരു പന്തവും തീപ്പെട്ടിയും കൈയില്‍ കരുതിയാണ് വന്നത്. നേരെ യുവതിയുടെ കടയിലെത്തി ദേഹത്ത് തിന്നര്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഉടന്‍ ബസ് സ്റ്റോപ്പിലുണ്ടായ ബസില്‍ കയറി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ചു. തുടര്‍ന്ന് യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി ബേഡകം പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഈ മാസം 8ന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫര്‍ണിച്ചര്‍ ജോലിക്ക് ഉപയോഗിക്കുന്ന തിന്നര്‍ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യില്‍ കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനിടെയാണ് കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച രാമാമൃതത്തെ നാട്ടുകാര്‍ കണ്ടത്. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും തലനാരിഴയ്ക്കാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

മദ്യപിച്ചെത്തി ശല്യംചെയ്യുന്നെന്ന രമിതയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഫര്‍ണിച്ചര്‍ കട അടപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. നേരത്തേ, ഇയാള്‍ രമിതയ്‌ക്കെതിരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. സാധനം വാങ്ങാനെത്തിയ അയല്‍വാസി സജിതാ പുരുഷോത്തമന്‍ കടയില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം. പന്തം കത്തിച്ച് പാത്രത്തില്‍ തിന്നറുമായെത്തിയ രാമാമൃതം യുവതിയുടെ മേലേക്ക് തിന്നറൊഴിക്കുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ രക്ഷപ്പെടാന്‍ രമിത വരാന്തയിലേക്ക് ചാടി. ഈ സമയം പൊയിനാച്ചി ഭാഗത്തുനിന്നെത്തിയ ശ്രീകൃഷ്ണ ബസ് സംഭവം കണ്ട് നിര്‍ത്തി.

അപ്പോഴേക്കും രമിത തളര്‍ന്ന് വീണിരുന്നു. യാത്രക്കാര്‍ ലഭ്യമായ തുണിയും മറ്റും പൊതിഞ്ഞ് തീ അണച്ചു. അതിനിടെ പ്രതി രക്ഷപ്പെടാന്‍ ബസില്‍ കയറി. സജിതാ പുരുഷോത്തമന്‍ കാര്യം ബസിലുള്ളവരോട് പറഞ്ഞപ്പോഴാണ് ബസില്‍ ഉള്ളയാളാണ് തീവെച്ചതെന്ന് മനസ്സിലായത്. ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി. ഉടന്‍ ബസിനെ അരക്കിലോമീറ്റര്‍ അകലെയുള്ള ബേഡകം പോലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.

Tags:    

Similar News