അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലായിരുന്നു, അനസ്തേഷ്യ നൽകുന്നതിലുൾപ്പെടെ പിഴവ്; ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ 49കാരൻ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ; മരണ കാരണം ശ്വാസതടസ്സമെന്ന് ആശുപത്രി അധികൃതർ
തൃശൂർ: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ 49കാരൻ മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ബന്ധുക്കൾ. വെള്ളറക്കാട് സ്വദേശി ഇല്യാസ് മുഹമ്മദ് ആണ് മരിച്ചത്. ചികിത്സാ പിഴവ് കാരണമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഇല്യാസ് മുഹമ്മദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൈകുന്നേരത്തോടെ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മരണവിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ സംഘടിപ്പിച്ച പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് നയിച്ചു. എന്നാൽ, അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലാതിരുന്നിട്ടും ഇത് നടത്തിയെന്നും, അനസ്തേഷ്യ നൽകുന്നതിലുൾപ്പെടെ പിഴവുണ്ടായെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം, ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ഡി.എം.ഒക്കും പൊലീസിലും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ചികിത്സാ പിഴവുണ്ടെന്ന് രേഖാമൂലം എഴുതി നൽകിയാൽ മാത്രമേ മൃതദേഹം കൊണ്ടുപോകുകയുള്ളു എന്ന നിലപാടിലായിരുന്നു ബന്ധുക്കൾ. ഇത് സംബന്ധിച്ച് രാത്രി വൈകിയും ആശുപത്രി അധികൃതരുമായി തർക്കം നീണ്ടുനിന്നു. ല്യാസിന്റെ പിതാവ്: മുഹമ്മദാലി. ഭാര്യ: റഹീന. മക്കൾ: ഐഷ, സൈനുലാബിദീൻ, മിസിരിയ.