ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈദരാബാദുകാരന്‍ നാഗേഷിലേക്ക്; സ്വര്‍ണം അടിച്ചു മാറ്റിയതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രധാന സഹായിത്ത് നിര്‍ണായക റോളെന്ന് നിഗമനം; സന്നിധാനത്ത് നിന്ന് കൊണ്ടു പോയ സ്വര്‍ണപ്പാളികള്‍ ഏറെ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തില്‍; ശില്‍പ്പപാളികളില്‍ നിന്ന് നഷ്ടമായത് 222 പവന്‍ സ്വര്‍ണം
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈദരാബാദുകാരന്‍ നാഗേഷിലേക്ക്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ അന്വേഷണം നീളുന്നത് ഹൈദരാബാദുകരനെ കേന്ദ്രീകരിച്ച്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായി നാഗേഷാണ് സ്വര്‍ണം നഷ്ടമായതിനെ മുഖ്യകണ്ണിയെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ശബരിമലയിലെ യഥാര്‍ത്ഥ ദ്വാരപാലക ശില്‍പപാളികള്‍ നാഗേഷ് എന്നയാള്‍ കൈക്കലാക്കുകയൊ വില്‍ക്കുകയോ ചെയ്തിരിക്കാമെന്നും സംശയിക്കുന്നു. സന്നിധാനത്ത് നിന്ന് കൊണ്ടു പോയ സ്വര്‍ണപ്പാളികള്‍ ഏറെ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തിലാണ്. സ്വര്‍ണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണെന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഈസമത്തിനിടെയിലാണ് ശില്‍പ്പ പാളികളുടെ ഭാരത്തില്‍ നാലരകിലോയുടെ വ്യത്യാസമുണ്ടായത്. അതിനാല്‍ യഥാര്‍ത്ഥ പാളി മാറ്റിയ ശേഷം ഡ്യൂപ്ലിക്കേറ്റ് പാളിയാണ് ചെന്നൈയിലെത്തിച്ചതെന്നും കരുതുന്നു. ഇതോടെയാണ് നാഗേഷിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയത്. അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പ പാളികളില്‍ നിന്ന് മാത്രം ഉണ്ണികൃഷ്ണന്‍ പോറ്റി അടിച്ചെടുത്തത് ഇരുന്നൂറ് പവനിലേറെ സ്വര്‍ണം എന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
ശില്പ പാളികളില്‍ വിജയ് മല്യ സ്വര്‍ണ്ണം പൊതിഞ്ഞ് നല്‍കിയത് മുതല്‍ കഴിഞ്ഞമാസം ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണം പൂശി തിരികെ എത്തിച്ചപ്പോള്‍ വരെയുള്ള ഭാരം കണക്കിലെടുത്താണ് വന്‍ സ്വര്‍ണ്ണ കവര്‍ച്ചയുടെ കണക്കുകള്‍ എസ്.ഐ.ടി കണ്ടെത്തിയത്. 1999 ല്‍ സ്വര്‍ണ്ണം പൊതിഞ്ഞശേഷം 258 പവന്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നെങ്കില്‍ ശില്പ പാളികളില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 36 പവന്‍ മാത്രമാണ്. അതായത് 222 പവന്‍ കുറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ ചോദ്യം ചെയ്യും.പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി എച്ച് വെങ്കിടേഷ് ഇന്നോ നാളെയോ സന്നിധാനത്ത് എത്തും.
2019ലും 2025 ലും ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചു സ്വര്‍ണ്ണം പൂശി തിരികെ കൊണ്ടുവന്നപ്പോഴാണ് ഇത്രയും സ്വര്‍ണം കുറഞ്ഞത്. ഇതില്‍ സ്വാഭാവിക നഷ്ടമുണ്ടാകാമെങ്കിലും 200 പവനില്‍ കൂടുതല്‍ കവര്‍ച്ച ചെയ്യപ്പെട്ടിരിക്കാമെന്ന് കരുതുന്നു. അതിനിടെ ദ്വാര പാലക ശില്‍പ്പ പാളികളുടെ പരിശോധനയ്ക്കും ഭാരം രേഖപ്പെടുത്തിയ ദേവസ്വം രേഖകള്‍ പരിശോധിക്കുന്നതിനുമായി പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി എച്ച് വെങ്കിടേഷും ഇന്നോ നാളെയോ സന്നിധാനത്ത് എത്തും.
എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധനകള്‍ തുടരുകയാണ്. സന്നിധാനത്ത് വെച്ച് എസ്‌ഐടിയുടെ വിപുലമായ യോഗം ചേര്‍ന്ന് തുടര്‍ അന്വേഷണ രീതികളും തീരുമാനിക്കും. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍പോറ്റി സ്‌പോണ്‍സറായി അവതരിച്ച് നടപ്പാക്കിയ കാര്യങ്ങളില്‍ പലതിനും പണം മുടക്കിയത് മറ്റുള്ളവരാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ വിശദാംശങ്ങളും പോറ്റി ശബരിമലയില്‍ നല്‍കിയ സംഭാവനകളുടെ വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചു.
ദേവസ്വം ബോര്‍ഡിനെ പറ്റിച്ച് പാളികളില്‍നിന്ന് രണ്ടുകിലോ സ്വര്‍ണം കൈവശപ്പെടുത്താമെന്ന് ലക്ഷ്യമിട്ടാണ് തകിടുകള്‍ അറ്റകുറ്റപ്പണി നടത്തി പുതുക്കിത്തരാമെന്നുപറഞ്ഞ് ബോര്‍ഡിനെ സമീപിച്ചതെന്നാണ് വിജിലന്‍സ് നിഗമനം.സ്‌പോണ്‍സറായി നടത്തിയ എല്ലാകാര്യങ്ങളും അന്വേഷിക്കണമെന്നും യഥാര്‍ഥ സ്‌പോണ്‍സറെ കണ്ടെത്തണമെന്നും ദേവസ്വം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേടായ വാതില്‍മാറ്റി പുതിയത് നിര്‍മിച്ച് സ്വര്‍ണംപൂശിയത് പോറ്റിയാണെന്നാണ് പറഞ്ഞിരുന്നത്. യഥാര്‍ഥ സ്‌പോണ്‍സര്‍ കര്‍ണാടക ബല്ലാരി സ്വദേശിയായ ബിസിനസുകാരന്‍ ഗോവര്‍ധനനായിരുന്നു. ശ്രീകോവിലിന്റെ കട്ടിളയില്‍പ്പൊതിഞ്ഞ ചെമ്പുപാളികളില്‍ സ്വര്‍ണംപൂശി നല്‍കി. ഇതിന് പണംചെലവിട്ടത് മലയാളിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ അജികുമാര്‍.
ഇക്കൊല്ലം ജനുവരിയില്‍ അന്നദാനം, പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം, 2017-ല്‍ ക്ഷേത്രാലങ്കാരം, പടിപൂജ, ഉദയാസ്തമയപൂജ, മേളം തുടങ്ങിയ വഴിപാടുകള്‍ നടത്തി. പതിനെട്ടാംപടിക്കു ഇരുവശവുമായി മണിമണ്ഡപങ്ങളും മണികളും നിര്‍മിച്ചു. അന്നദാനമണ്ഡപത്തിന് ലിഫ്റ്റ് പണിയാന്‍ 10 ലക്ഷം രൂപയും ഇക്കൊല്ലം ജനുവരിയില്‍ അന്നദാനത്തിന് ആറുലക്ഷവും മകരവിളക്കിന് സംഭാവനായി 10 ലക്ഷവും 2017-ല്‍ 8.2 ലക്ഷം രൂപയുടെ ചെക്കും 17 ടണ്‍ അരിയും 30 ടണ്‍ പച്ചക്കറിയും നല്‍കി. പല 'സഹായ'ത്തിന്റെയും യഥാര്‍ഥ സ്‌പോണ്‍സര്‍ വേറെ ആരൊക്കെയോ ആണ്.