രണ്ടാഴ്ച 200 രൂപവിതം അടയ്ക്കണം, നറുക്കെടുപ്പില്‍ സ്വര്‍ണമോതിരം, സ്‌കൂട്ടി എന്നീ ബമ്പര്‍ സമ്മാനങ്ങള്‍; നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ലോകം എന്ന ടാഗ് ലൈന്‍ ഉപയോഗിച്ച് പറ്റിച്ച് സാധരണക്കാരെ; തിരക്കി വന്നപ്പോള്‍ നടത്തിപ്പുകാരന്‍ മുങ്ങിയെന്ന് പരാതി
പാലക്കാട്: നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ലോകം. ഈ ടാഗ് ലൈന്‍ ഉപയോഗിച്ചാണ് പാലക്കാട്ടെ സാധരണക്കാരായ ജനങ്ങളെ വിശ്വാസത്തിലെടുത്തത്. ആഴ്ച തോറും 200 രൂപ, നറുക്കെടുപ്പിലൂടെ വമ്പന്‍ സമ്മാനങ്ങളുടെ ഓഫര്‍. കൈരളി ഹോം അപ്ലയന്‍സ് സ്‌കീമിന്റെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്. പണം പിരിച്ച് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ച് മാസം തോറും പണം പിരിച്ചെടുത്ത് ഉടമകള്‍ മുങ്ങിയെന്ന് പരാതി.
30 ആഴ്ചയുടെ പദ്ധതി, ഓരോ ആഴ്ചയും നല്‍കേണ്ടത് 200 രൂപ. എല്ലാ ആഴ്ചയും നറുക്കെടുപ്പ്. സ്‌കൂട്ടി, സ്വര്‍ണ മോതിരം, മൊബൈല്‍ ഫോണ്‍, മിക്‌സി, ഗ്രൈന്‍ഡര്‍, സൈക്കിള്‍- എല്ലാമുണ്ട് സമ്മാനപ്പട്ടികയില്‍. 30 ആഴ്ച മുഴുവന്‍ തുകയും അടച്ചവര്‍ക്കായി ബമ്പര്‍ നറുക്കെടുപ്പ് വേറെയും. നറുക്ക് വീണില്ലെങ്കില്‍ കടയില്‍ എത്തി സാധനങ്ങള്‍ വാങ്ങാം. ഇതായിരുന്നു ഓഫര്‍. ഈ ഓഫറില്‍ വീണത് പാലക്കാട്ടെ സാധരണക്കാരായ കച്ചവടക്കാരും ജീവനക്കാരും.
ആഴ്ച തോറും ഇവര്‍ എത്തി പണം പിരിച്ചു. എല്ലാ മാസത്തെയും തുക രേഖപ്പെടുത്താന്‍ പാസ്ബുക്കും ഉണ്ട്. ഇതില്‍ തുക പിരിക്കുന്നത് അപ്പോള്‍ തന്നെ രേഖപ്പെടുത്തും. ആളുകളെ വിശ്വസിപ്പിക്കാന്‍ നറുക്കെടുക്കുന്ന വീഡിയോ സഹിതം വാട്‌സ് ആപ്പ് ഗ്രൂപ്പിലിട്ടിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ കുറുവമ്പലം സ്വദേശി മുബഷീറിന്റെയും പാലക്കാട് സ്വദേശികളായ മറ്റു രണ്ടു പേരുടെയും നേതൃത്വത്തില്‍ ഏപ്രിലിലാണ് കൈരളി ഹോം അപ്ലയന്‍സ് സ്‌കീം ആരംഭിച്ചത്.
പണമടച്ച ആര്‍ക്കും ഒരിക്കല്‍ പോലും നറുക്ക് വീണില്ലെന്ന് പണമടച്ചവര്‍ പറയുന്നു. ഇതിനിടയ്ക്ക് എപ്പഴോ നടത്തിപ്പുകാര്‍ സ്ഥാപനം പൂട്ടി സ്ഥലം വിട്ടു. 30 ആം ആഴ്ച വരെ പണമടച്ചവര്‍ ബമ്പര്‍ നറുക്കെടുപ്പ് എന്നാണെന്ന് അന്വേഷിച്ച് ഫോണില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പു മനസിലായതെന്ന് പറഞ്ഞു.തട്ടിപ്പിനിരയായവരുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കി. 40 ലധികം പേര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ടൗണ്‍ സൗത്ത് പൊലീസ് അറിയിച്ചു.