മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ ചൊടിപ്പിച്ചു; ബൈക്കു വാങ്ങി നല്‍കിയപ്പോള്‍ മൈലേജ് പോരെന്ന് പറഞ്ഞ് മാതാപിതാക്കളെ മര്‍ദ്ദിച്ചു; പുതിയ വാഹനം ആവശ്യപ്പെട്ടു തലയ്ക്കടിച്ചു മകന്‍; സുനില്‍കുമാറിന്റെ മരണം ചികിത്സയില്‍ കഴിയവേ
മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ ചൊടിപ്പിച്ചു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തേക്ക്. മക്കള്‍ ആവശ്യപ്പെട്ടതെല്ലാം വാങ്ങി നല്‍കുന്ന മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം നടുക്കുന്ന വാര്‍ത്തയാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടായത്. അതിയന്നൂര്‍ പഞ്ചായത്തിലെ പട്ട്യക്കാല വടക്കരിക് സംഗീത് ഭവനില്‍നിന്ന് കാഞ്ഞിരംകുളം പിനനിന്നയില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുനില്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സിജോയ് സാമുവലിനെ കോടതി റിമാന്‍ഡ് ചെയ്തത്.
ജൂണ്‍ 11-നാണ് സിജോയ് സാമുവല്‍ അച്ഛനെ ആക്രമിച്ചത്. തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന സുനില്‍കുമാര്‍ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങി. മകന്റെ മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ ചൊടിപ്പിച്ചിരുന്നു. അന്ന് മുതല്‍ തന്നെ മാതാപിതാക്കളുമായി ഉടക്കുന്ന ശൈലിയായിരുന്നു സിജോയിക്ക്.
ഇതിനിടെയാണ് സിജോയ് ആവശ്യപ്പെട്ടതുപ്രകാരം രക്ഷിതാക്കള്‍ ബൈക്ക് വാങ്ങിനല്‍കിയത്. എന്നാല്‍, ഈ ബൈക്ക് സിജോയിക്ക് ഇഷ്ടപ്പെട്ടില്ല.
ഇതിന് മൈലേജില്ലെന്ന് പറഞ്ഞ് മറ്റൊരു ബൈക്ക് വാങ്ങിത്തരാന്‍ സിജോയ് വാശിപിടിച്ചു. ഇതോടെ സിജോയ് മാതാപിതാക്കളെ മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇവര്‍ വെണ്‍പകലിലെ വീട്ടില്‍നിന്ന് കാഞ്ഞിരംകുളത്തെ വാടകവീട്ടിലേക്ക് താമസം മാറി.
ഇതിനുശേഷവും ബേക്കറി ഉടമയായ സുനില്‍കുമാര്‍ എല്ലാദിവസവും മകന്‍ താമസിക്കുന്ന വീട്ടിലേക്ക് ഭക്ഷണം എത്തിച്ചിരുന്നു. ദിവസവും പോക്കറ്റ് മണിയായി 150 രൂപയും നല്‍കി. ന്നാല്‍, ഭക്ഷണംകൊണ്ടുവരുന്ന സമയത്തും യാതൊരു പ്രകോപനവുമില്ലാതെ സിജോയ് അച്ഛനെ മര്‍ദിച്ചിരുന്നതായാണ് വിവരം. ജൂണ്‍ 11-നും സമാനരീതിയില്‍ ആക്രമിച്ചപ്പോഴാണ് സുനില്‍കുമാറിന് തലയ്ക്കടിയേറ്റത്.
അടിയേറ്റ് വീണ സുനില്‍ കുമാറിനെ നാട്ടുകാരാണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കാല്‍ വഴുതി വീണു എന്നാണ് ആദ്യം ആശുപത്രി അധികൃതരോട് സുനില്‍ കുമാര്‍ പറഞ്ഞത്. വീഴ്ചയില്‍ സംഭവിച്ച പരുക്കുകളല്ലെന്നു മനസ്സിലാക്കിയ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സുനില്‍ കുമാര്‍ ലളിത കുമാരി ദമ്പതികളുടെ 3 മക്കളില്‍ ഇളയവനാണ് സിജോയി. സുനില്‍ കുമാറിന്റെ സംസ്‌കാരം നടത്തി.