മതം മാറി അവരുടെ വീട്ടില്‍ ചെന്നാല്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചൊക്കെ അവര്‍ സോനയോട് പറഞ്ഞിരുന്നു; നീയെന്തിന് ഇപ്പോള്‍ പുറത്തുപോയി എന്നൊക്കെ ചോദിച്ച് അവര്‍ നിന്നെ തെറിവിളിച്ചെന്നിരിക്കും, ചിലപ്പോള്‍ തല്ലിയെന്നിരിക്കും; അവരോട് മറുത്ത് പറയരുതെന്ന് റമീസിന്റെ വീട്ടുകാര്‍ സോനയോട് പറഞ്ഞിരുന്നു; സഹോദരി അനുഭവിച്ച ദുരിതങ്ങള്‍ വിവരിച്ച് സഹോദരന്‍ ബെയ്‌സില്‍
സഹോദരി അനുഭവിച്ച ദുരിതങ്ങള്‍ വിവരിച്ച് സഹോദരന്‍ ബെയ്‌സില്‍
കോതമംഗലം: കോതമംഗലത്തെ സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി സഹോദരന്‍. റമീസും കുടുംബവും സോനയോട് ഇത്രയധികം ക്രൂരതകള്‍ ചെയ്തത് തങ്ങളറിഞ്ഞിരുന്നില്ലെന്ന് സോനയുടെ സഹോദരന്‍ ബെയ്‌സില്‍ പറഞ്ഞു. സോനയുടെ കൂട്ടുകാരിയാണ് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയത്. നിയമപരമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും ബെയ്‌സില്‍ പറഞ്ഞു. റമീസും കുടുംബവും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനു പിന്നാലെയാണ് സോന ജീവനൊടുക്കിയത്.
റമീസും സോനയും പരസ്പരം ഇഷ്ടത്തിലായിരുന്നു. റമീസിന്റെ വീട്ടുകാര്‍ സോനയെ കല്യാണം ആലോചിച്ച് വീട്ടിലെത്തിയിരുന്നു. അവര്‍ വന്നതാകട്ടെ അപ്പന്‍ മരിച്ച സമയത്തും. അപ്പന്‍ മരിച്ച് ഒരുമാസമായിട്ടില്ലായിരുന്നു. അപ്പോള്‍ തന്നെ അവരുടെ സ്വഭാവം മനസ്സിലായി എന്ന് സഹോദരന്‍ ബെയ്‌സില്‍ പറഞ്ഞു. വീട്ടില്‍ വന്ന് കല്യാണം ആലോചിച്ചിട്ടാണ് മതം മാറണമെന്ന് പറഞ്ഞത്. അത് സമ്മതിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് അപ്പന്റെ ആണ്ട് കഴിഞ്ഞ് എല്ലാം ചെയ്യാം എന്ന് സോനയുടെ കുടുംബം പറഞ്ഞു. എന്നാല്‍ അതിനിടെയാണ് അനാശാസ്യത്തിന് റമീസിനെ ലോഡ്ജില്‍ നിന്ന് പിടിച്ചത്. ഇക്കാര്യം റമീസിന്റെ വീട്ടുകാര്‍ രഹസ്യമാക്കി വച്ചു. എന്നാല്‍ സോന ഇതെങ്ങനെയോ അറിഞ്ഞു. ഇതോടെ മതംമാറ്റത്തിന് സമ്മതമല്ലെന്ന് റമീസിനോട് സോന പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളായി.
സോന കൂട്ടുകാരിയുടെ അടുത്തുപോയപ്പോള്‍ അവിടെ റമീസ് എത്തി. രജിസ്റ്റര്‍ മാര്യേജ് ചെയ്യാം എന്ന് പറഞ്ഞു. പള്ളിയില്‍ നിന്നൊക്കെ പുറത്താക്കും, അത് സാരമില്ല എന്നുപറഞ്ഞ് കബളിപ്പിച്ച് സോനയെ നേരെ ആലുവയില്‍ വീട്ടില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. റമീസിന്റെ ഉമ്മയും വാപ്പയും പെങ്ങളും ബന്ധുക്കളും കൂട്ടുകാരും എല്ലാവരുമുണ്ടായിരുന്നു അവിടെ. സോനയെ അവര്‍ പൂട്ടിയിട്ട് മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. പൊന്നാനിക്കുള്ള വണ്ടി റെഡിയായി നില്‍ക്കുകയാണ്. വന്ന് വണ്ടിയില്‍ കയറിയാലേ പൂട്ടുതുറക്കൂവെന്ന് റമീസും വീട്ടുകാരും സോനയോട് പറഞ്ഞു. ഇത് സോന തന്റെ കൂട്ടുകാരിയെ വിളിച്ചുപറഞ്ഞു.
തന്നെ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും സഹോദരന്‍ അറിഞ്ഞാല്‍ ഇത് വലിയ പ്രശ്‌നമാകും, സഹോദരനെ ഒന്നും അറിയിക്കേണ്ടെങ്കില്‍ ഇവരോട് തന്നെ തുറന്നുവിടാന്‍ പറയണമെന്നുമാണ് സോന കൂട്ടുകാരിയോട് പറഞ്ഞത്. ഈ ഫോണ്‍കോള്‍ റമീസിന്റെ വീട്ടുകാര്‍ കേട്ടു. ഇതോടെ ഇനി പ്രശ്‌നമാകുമെന്ന് കരുതി വെളുപ്പിനെ ഇവര്‍ സോനയെ തിരിച്ചു കൊണ്ടുവിട്ടു. ഇതൊന്നും സോനയുടെ അമ്മയോ സഹോദരനോ അറിഞ്ഞില്ല. സോന കൂട്ടുകാരിയുടെ വീട്ടില്‍ പോയതാണെന്ന് കരുതി. പിറ്റേന്ന് പതിവുപോലെ ക്ലാസിലേക്ക് പോയി. മുഖത്ത് പാട് കണ്ട കൂട്ടുകാരി ഇതെന്താണെന്ന് ചോദിച്ചപ്പോഴാണ് റമീസിന്റെ വീട്ടില്‍ വച്ച് തന്നെ ഉപദ്രവിച്ചുവെന്ന കാര്യം സോന പറഞ്ഞത്.
ഇക്കാര്യങ്ങളെല്ലാം സോനയുടെ സംസ്‌കാരം കഴിഞ്ഞപ്പോള്‍ കൂട്ടുകാരി മാറ്റിനിര്‍ത്തി പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് സഹോദരന്‍ പറയുന്നു. അവള്‍ക്ക് അവനിലൊരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അവന്‍ സോനയോട് മരിക്കാനാണ് പറഞ്ഞത്. കഞ്ചാവ് കേസുകളടക്കം പലതിലും റമീസ് ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷേ ഇതൊന്നും തങ്ങളറിഞ്ഞിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു. വീട്ടില്‍ വന്ന സമയത്തെ റമീസിന്റെ വീട്ടുകാരുടെ സംസാരം തന്നെ മോശമായിരുന്നു.
മതം മാറി അവരുടെ വീട്ടില്‍ ചെന്നാല്‍ പാലിക്കേണ്ട മര്യാദകളെകുറിച്ചൊക്കെ അവര്‍ സോനയോട് പറഞ്ഞിരുന്നു. മൂത്താപ്പയുടെ മകന്‍, അല്ലെങ്കില്‍ അതുപോലെ ബന്ധുക്കളൊക്കെയുണ്ടാകും വീട്ടില്‍. നീയെന്തിന് ഇപ്പോള്‍ പുറത്തുപോയി എന്നൊക്കെ ചോദിച്ച് അവര്‍ നിന്നെ തെറിവിളിച്ചെന്നിരിക്കും, ചിലപ്പോള്‍ തല്ലിയെന്നിരിക്കും. അവരോട് മറുത്ത് പറയരുതെന്ന് റമീസിന്റെ വീട്ടുകാര്‍ സോനയോട് പറഞ്ഞുവെന്ന് സഹോദരന്‍ പറയുന്നു. ഇതൊക്കെ കേട്ടിട്ട് എങ്ങനെ മിണ്ടാതിരിക്കും, അവള്‍ ഈ വീട്ടില്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും വളര്‍ന്ന കുട്ടിയാണ്. തട്ടത്തില്‍ കേറി എന്നുപറഞ്ഞ് ഒരുബന്ധവുമില്ലാത്തയാള്‍ എന്റെ പെങ്ങളെ തല്ലാന്‍ പറ്റുമോ? അവളുടെ സ്വഭാവം വച്ച് അവള്‍ പ്രശ്‌നമുണ്ടാക്കുമെന്ന് മറുപടി കൊടുത്തു. ഇതിന് അവളുടെ സ്വഭാവം ശരിയല്ലെന്ന് ആങ്ങള തന്നെ പറഞ്ഞു എന്നാണ് അവര്‍ പറഞ്ഞുണ്ടാക്കിയതെന്നും സഹോദരന്‍ പറഞ്ഞു.