രണ്ടാം കുട്ടിയുടെ ഗര്‍ഭധാരണ സമയത്ത് തന്നെ ഭര്‍ത്താവിനെ മടുത്തു; ശ്രീജിത്തിനെ ഒഴിവാക്കാന്‍ പുറത്തെടുത്തത് വജ്രായുധം! മകളുടെ ദുരൂഹ നീക്കങ്ങളെ എതിര്‍ത്ത അച്ഛന്‍; 62-ാകരന്‍ ഉദയന്റെ മരണവും അസ്വാഭാവികമെന്ന സംശയം ഇപ്പോഴും; അപ്പൂപ്പന്‍ മരിച്ച് 16-ാം ദിനത്തില്‍ ദേവേന്ദുവും യാത്രയായി; സഹോദരന്റെ 'മാനസിക' അവസ്ഥ മുതലെടുത്ത ശ്രീതു; ബാലരാമപുരത്ത് 'വാട്സാപ്പ്' നിര്‍ണ്ണായകമായി; പാലക്കാടന്‍ അറസ്റ്റില്‍ തെളിയുന്നതും വഴിവിട്ട ബന്ധം
തിരുവനന്തപുരം: ബാലരാമപുരത്ത് 'ശ്രീതുവിനെ' ചുറ്റിപ്പറ്റി ദുരൂഹതകള്‍ മാത്രം. രണ്ടാമത്തെ കുട്ടിയുടെ ഗര്‍ഭധാരണ സമയത്ത് തന്നെ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ശ്രീതു തന്ത്രപരമായ നീക്കം നടത്തി. ഇതിന് രഹസ്യ സ്വഭാവമുള്ള വിശദീകരണം പോലും ശ്രീതു നടത്തിയെന്നാണ് സൂചന. താലി കെട്ടിയ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ 'വജ്രായുധം' ആയിരുന്നു ശ്രീതു പുറത്തെടുത്തത്. എന്നിട്ടും കുട്ടികളെ ഓര്‍ത്ത് ശ്രീജിത്ത് തുടര്‍ന്നു. ശ്രീജിത്തിന്റെ വീട്ടില്‍ നിന്നും പ്രശ്നങ്ങള്‍ കാരണമാണ് ശ്രീതു ബാലരാമപുരത്തേക്ക് എത്തിയത്. അതിന് ശേഷം തീര്‍ത്തും ദുരൂഹമായിരുന്നു ജീവിതം. ശ്രീതുവിന്റെ അച്ഛന്‍ ഉദയന്റെ മരണത്തിലും നാട്ടുകാര്‍ ദുരൂഹത കണ്ടിരുന്നു. മകളുടെ നിലപാടുകളെ ഉദയന്‍ എതിര്‍ത്തിരുന്നു. അതിന്റെ വിലയാണോ ഉദയന്റെ മരണമെന്ന സംശയം സജീവാണ്. തന്ത്രപരമായി കളിക്കുന്ന ശ്രീതുവിന് പിന്നില്‍ വമ്പന്‍ തോക്കുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. ചെറിയ മാനസിക പ്രശ്നമുള്ള ഹരികുമാറിനെ കൊലപാതകിയാക്കി കേസില്‍ നിന്നും തടിയൂരാനുള്ള ശ്രീതുവിന്റെ നീക്കവും ചര്‍ച്ചയായിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം ശ്രീതുവിലേക്ക് കടക്കുന്നില്ല. ഹരികുമാറിന്റെ കുറ്റസമ്മതമായിരുന്നു തടസ്സം. ഈ കുറ്റസമ്മതവും ഉന്നത തല ഗൂഡാലോചനയാകാന്‍ സാധ്യത ഏറെയാണെന്ന വിലയിരുത്തല്‍ എത്തി. എന്നാല്‍ ജയിലില്‍ കിടന്ന് ഹരികുമാര്‍ സത്യം പറഞ്ഞു. ഇതിനൊപ്പം മൊബൈല്‍ തെളിവും എത്തി. ഇതോടെ ശ്രീതു അകത്തായി. പാലക്കാട് നിന്നാണ് ശ്രീതുവിനെ അറസ്റ്റു ചെയ്തത്.
കൊലപാതകത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രം പ്രതിയെനായിരുന്നു ആദ്യ നിഗമനം. ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റില്‍ നിന്നു രണ്ടു വയസ്സുകാരി ദേവേന്ദുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മാവന്‍ ഹരികുമാര്‍ കുട്ടിയെ മുറിയില്‍ നിന്നും എടുത്തുകൊണ്ടുപോയി കിണറ്റില്‍ എറിയുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹരികുമാറിനു തന്റെ സഹോദരിയോടുള്ള വഴിവിട്ട താല്‍പര്യത്തില്‍ അവര്‍ തയാറാക്കാത്തതിനു കുട്ടിയൊരു തടസ്സമായി കണ്ടത്തിനെത്തുടര്‍ന്നാണ് കൊലപാതകം എന്നതിലേക്ക് കടന്നതെന്നായിരുന്നു കാരണമായി പൊലീസ് കണ്ടെത്തിയിരുന്നത്. പിന്നീട് കുട്ടിയെ കൊന്നത് താന്‍ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നില്‍ എന്നുമാണ് ഹരികുമാര്‍ പിന്നീട് മൊഴി നല്‍കിയത്. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പിക്കാന്‍ പൊലീസ് തയാറാകുന്നതിനിടെയാണ് ഹരികുമാറിന്റെ പുതിയ മൊഴി പുറത്തുവന്നത്. നേരത്തേ ദേവേന്ദുവിന്റെ അച്ഛനും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യ അന്വേഷണത്തില്‍ ശ്രീതുവിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കൊലപാതകത്തില്‍ അച്ഛന്‍ ശ്രീജിത്തിനും അമ്മൂമ്മയ്ക്കും ബന്ധമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഹരികുമാറിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അതിന് എല്ലാ സഹായവും സഹോദരി ചെയ്തു കൊടുത്തുവെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഹരികുമാറിന് അത്തരം പ്രശ്നങ്ങളുളളതായി ആര്‍ക്കും അറിയില്ല. ഹരികുമാറിനു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം മാത്രമാണുണ്ടായിരുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് ചെണ്ട അഭ്യസിക്കാന്‍ പോയി. ഉത്സവങ്ങളിലും മറ്റും ചെണ്ടമേളത്തിനും പോകാറുണ്ടായിരുന്നു. മൂന്നു വര്‍ഷം ആലപ്പുഴയിലെ ഒരു ദേവീക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നുവെന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരായിരുന്നു. അടുത്തടുത്ത മുറികളില്‍ നിന്ന് ഇരുവരും നിരന്തരം വാട്സാപ് ചാറ്റും വിഡിയോ കോളും ചെയ്യാറുണ്ടായിരുന്നു. ഇത്തരം വീഡിയോ കോളിന് പിന്നില്‍ സഹോദരിയുടെ സമ്മര്‍ദ്ദമാണോ എന്ന സംശയവും സജീവമായി. ശ്രീതുവിനോട് ഹരികുമാര്‍ വഴിവിട്ടു പെരുമാറാന്‍ ശ്രമിച്ചിരുന്നെന്നും അടുപ്പത്തിനു കുഞ്ഞ് തടസ്സമാകുമെന്നു കരുതിയാണ് കൊലപ്പെടുത്തിയതെന്നുമാണ് ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന ഒരു നിഗമനം. എന്നാല്‍ ഇതിന് ഉത്തരം കിട്ടിയില്ല. ഇതിന് വേണ്ടി പോലീസ് വാട്‌സാപ്പ് ചാറ്റുകള്‍ വീണ്ടെടുത്തു. ഈ ഫോറന്‍സിക് തെളിവില്‍ കൊലപാതകം അമ്മയും അറിഞ്ഞാണെന്നും തെളിഞ്ഞു.
ഹരികുമാര്‍ മാനസികരോഗത്തിന് 6 വര്‍ഷമായി ചികിത്സയിലാണെന്നാണ് കുടുംബം പറയുന്നത്. ശ്രീതുവിന്റെയും ഹരിയുടെയും കുടുംബം അന്ധവിശ്വാസികളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത ജോത്സ്യന്‍ കരിക്കകം സ്വദേശി ശംഖുംമുഖം ദേവീദാസന്റെ അനുയായികളായിരുന്നു ശ്രീതുവും ഹരികുമാറും എന്നാണ് പോലീസ് കരുതുന്നത്. ഹരികുമാര്‍ ഒന്നര വര്‍ഷത്തോളം ഇയാളുടെ കീഴില്‍ ജോലി ചെയ്തിരുന്നെന്നും പറയുന്നു. വീടുവാങ്ങാനെന്ന പേരില്‍ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായി ദേവീദാസന്‍ തട്ടിയെടുത്തെന്നാണ് ശ്രീതു ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ദേവീദാസനെ ചോദ്യം ചെയ്തതെങ്കിലും അയാള്‍ നിഷേധിച്ചു. ഹരികുമാര്‍ മറ്റൊരു മന്ത്രവാദിയുടെ സഹായിയായി പോയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീതു മതപരമായ പൂജകളില്‍ പങ്കെടുക്കുകയും പ്രഭാഷണങ്ങള്‍ക്ക് പോകുകയും ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
അതേസമയം ദേവസ്വം ബോര്‍ഡില്‍ താല്‍ക്കാലിക ജീവനക്കാരിയാണെന്നാണ് ശ്രീതു നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇതു പച്ചക്കള്ളമായിരുന്നു. ശ്രീതുവിന്റെയും ഹരികുമാറിന്റെയും സാമ്പത്തിക ഇടപാടുകളിലും ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ശ്രീതു ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും വലിയതുക കടം വാങ്ങിയിരുന്നു. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകള്‍ നടത്താനും കുടുംബം ശ്രമിച്ചതായി സൂചനയുണ്ട്. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പണം കടം നല്‍കിയ പലരും വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനു നാട്ടുകാരും സാക്ഷികളാണ്. സ്വന്തം വീട് തകര്‍ന്നു തുടങ്ങിയതിനാല്‍ കോട്ടുകാല്‍കോണത്ത് വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ശ്രീതുവിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണശേഷം വഴിപാടെന്ന പേരില്‍ മകള്‍ ദേവനന്ദയുടെ തല മൊട്ടയടിച്ചിരുന്നു. പിന്നാലെ ശ്രീതുവും തല മൊട്ടയടിച്ചു. തനിക്ക് ക്യാന്‍സറാണെന്നും ചില ബന്ധുക്കളോട് ശ്രീതു പറയുകയും ചെയ്തു.
ശ്രീതുവും രണ്ട് മക്കളും അമ്മയും അച്ഛനും കഴിയുന്ന വീട്ടില്‍ തന്നെയാണ് സഹോദരന്‍ ഹരിയും കഴിഞ്ഞിരുന്നത്. പല ദിവസങ്ങളിലും ജോലിക്കൊന്നും പോകാറുണ്ടായിരുന്നില്ല. പുറത്ത് അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു. കൂടുതല്‍ സമയവും വീട്ടില്‍ തന്നെ കഴിയും. ഒരേ വീട്ടില്‍ കഴിയുന്ന ശ്രീതുവും ഹരിയും തമ്മില്‍ ദിവസവും ഒട്ടേറെ വാട്സാപ് ചാറ്റുകള്‍ നടത്തി. ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റുകളില്‍ പലതും വോയിസ് മെസേജുകളാണ്. പകലും രാത്രിയുമെല്ലാം മെസേജുകള്‍ അയച്ചിട്ടുണ്ട്. ഭൂരിഭാഗവും ഡിലീറ്റ് ചെയ്ത അവസ്ഥയിലായിരുന്നു. കൊലപാതകത്തിന് ശേഷം ഡിലീറ്റ് ചെയ്തവയല്ല. ഓരോ മെസേജും അയച്ച് കഴിഞ്ഞ് അധികം വൈകാതെ ഡിലീറ്റ് ചെയ്യും. ഹരിയ്ക്ക് എഴുതാനും വായിക്കാനും അറിവില്ല എന്നതാകാം വോയിസ് മെസേജുകള്‍ അയക്കാന്‍ കാരണമെന്നും പൊലീസ് വ്യക്തമാക്കുന്നു. വാട്സാപ്പുകളിലെ സന്ദേശങ്ങള്‍ വീണ്ടെടുത്തതോടെയാണ് കൊലപാതക കേസില്‍ എല്ലാം വ്യക്തമായത്. അയക്കുന്ന മെസേജുകള്‍ എന്തിനാണ് വേഗം ഡിലീറ്റ് ചെയ്യുന്നത് എന്നതിന് ഇതില്‍ നിന്നും വ്യക്തത വന്നു.
ദേവേന്ദുവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ജ്യോതിഷി ദേവീദാസന്‍ പറഞ്ഞിരുന്നു. കൊവിഡിന് മുന്‍പാണ് ഹരികുമാര്‍ തന്റെ അടുത്ത് ജോലി ചെയ്തിരുന്നത്. ചില മാനസിക വൈകല്യങ്ങള്‍ പ്രകടിപ്പിച്ചതുകൊണ്ട് താന്‍ പറഞ്ഞ് വിടുകയായിരുന്നു. ഹരികുമാറിന്റെ ശമ്പളം വാങ്ങാന്‍ വന്നിരുന്നത് അമ്മയും സഹോദരിയുമാണ്. അങ്ങനെയാണ് കുടുംബത്തെ പരിചയമെന്നും പണം വാങ്ങിയിട്ടില്ലെന്നും ദേവീദാസന്‍ പറഞ്ഞിരുന്നു. കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെയും ദേവീദാസന്‍ മൊഴി നല്‍കിയിരുന്നു. ശ്രീതുവിനെ അവസാനമായി കാണുന്നത് ആറേഴുമാസങ്ങള്‍ക്ക് മുന്‍പാണ്. അന്ന് ശ്രീതുവിന്റെ ഒപ്പം മറ്റൊരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ രണ്ടാം ഭര്‍ത്താവാണെന്നാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി എന്നും ദേവീദാസന്‍ പൊലീസിന് മൊഴി നല്‍കി. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രുതു വന്നത്. കുടുംബവുമായി യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഇല്ലെന്നും തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ദേവീദാസന്‍ പൊലീസിനോട് പറഞ്ഞിരുന്നു.