ഗ്യാസ് പൈപ്പും ഇരുമ്പ് വടിയും മൂര്‍ച്ചയേറിയ ആയുധങ്ങളും കൊണ്ട് രണ്ടുമണിക്കൂറോളം ക്രൂരമര്‍ദ്ദനം; രക്തം വാര്‍ന്നൊലിക്കുമ്പോള്‍ ഒരു അക്രമി സര്‍പാഞ്ചിന്റെ ദേഹത്ത് മൂത്രമൊഴിച്ചു; എല്ലാറ്റിനും തെളിവായി സംഘം തന്നെ വീഡിയോകള്‍ ചിത്രീകരിച്ചു; മഹാരാഷ്ട്ര ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെയുടെ രാജിയില്‍ കലാശിച്ച ദേശ്മുഖിന്റെ ക്രൂരകൊലപാതകത്തിന് പിന്നില്‍
ദേശമുഖിന്റെ ക്രൂരകൊലപാതകത്തിന് പിന്നില്‍
\മുംബൈ: ഡിസംബര്‍ 9 നാണ് സംഭവം. മഹാരഷ്ട്രയിലെ ബീഡിലെ സര്‍പാഞ്ചായ സന്തോഷ് ദേശ്മുഖിനെ ഒരുസംഘം തട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം പീഡിപ്പിച്ച ശേഷം വകവരുത്തി. ഇരുമ്പ് ദണ്ഡ് കൊണ്ട് ദേശ്മുഖിനെ മര്‍ദ്ദിച്ചെന്നും വിവരിക്കാനാവാത്ത ക്രൂരപീഡനത്തിന് ഇരയാക്കിയെന്നുമാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. മൂന്നു മാസം കഴിയുമ്പോള്‍, സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഭക്ഷ്യ മന്ത്രി ധനഞ്ജയ് മുണ്ടെ രാജി വച്ചു. കൊലപാതകത്തില്‍ മുണ്ടെയുടെ അടുത്ത അനുയായി ഉള്‍പ്പെട്ടെന്ന വിവാദത്തെ തുടര്‍ന്നാണ് രാജി.
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാറ്റാടി കമ്പനിയില്‍ നിന്ന് പണം തട്ടാനുളള ശ്രമം തടഞ്ഞതോടെയാണ് ദേശമുഖ്, മുണ്ടെയുടെ അനുയായി വാല്‍മിക് കാരഡിന്റെ കണ്ണിലെ കരടായി മാറിയത്. ഇയാളാണ് കൊലപാതകത്തിന്റെ സൂത്രധാരന്‍. വാല്‍മിക് കാരഡ് അറസ്റ്റിലായതോടെയാണ് മുണ്ടെ രാജി വച്ചത്.
2 കോടി ആവശ്യപ്പെട്ട് ഭീഷണി
ബീഡിലെ മസ്സാജോഗ് ഗ്രാമത്തില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയില്‍ മുഴുകിയിരിക്കുകയായിരുന്നു മുംബൈ കേന്ദ്രമായളള അവാഡാ എന്ന ഹരിതോര്‍ജ്ജ കമ്പനി. കാറ്റാടി പദ്ധതികളുടെ ഫലമായി ബിഡിലും സമീപ ജില്ലകളിലും സമീപ വര്‍ഷങ്ങളില്‍ വലിയ സാമ്പത്തിക മുന്നേറ്റമാണ് ഉണ്ടായത്. എന്നാല്‍, പ്രാദേശിക ക്രിമിനലുകള്‍ ഇതൊരവസരമായി കണ്ടു. ഭീഷണിയും തട്ടിക്കൊണ്ടുപോകലുകളും അരങ്ങേറി. കഴിഞ്ഞ വര്‍ഷം മെയില്‍ ദേശ്മുഖിന്റെ കൊലപാതകത്തിന് ആറുമാസം മുമ്പ് ബീഡില്‍ ക്രൈം സിന്‍ഡിക്കേറ്റിന് നേതൃത്വം നല്‍കുന്ന സുദര്‍ശന്‍ ഗുലെ, അവാഡ കമ്പനിയുടെ പ്രോജക്റ്റ് ഓഫീസര്‍ സുനില്‍ ഷിന്‍ഡെയെ കിഡ്‌നാപ്പ് ചെയ്തു. ഇയാള്‍ പിന്നീട് പൊലീസില്‍ പരാതിപ്പെട്ടു. കൊലപാതക കേസിലെ മറ്റൊരു പ്രതിയായ വിഷ്ണു ഛാട്ടെ, വാല്‍മിക് കാരഡിന്റെ പേരില്‍ അവാഡ ഉദ്യോഗസ്ഥരെ വിളിക്കുകയും 2 കോടി ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ചെയ്തു. പണം തന്നില്ലെങ്കില്‍ കമ്പനി പൂട്ടിക്കുമെന്നായിരുന്നു ഭീഷണി.
ദേശ്മുഖിന്റെ ഇടപെടല്‍ പ്രകോപനമായി
കമ്പനികളെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്നതും പണം തട്ടുന്നതും അവരെ ഗ്രാമത്തില്‍ നിന്ന് അകറ്റുമെന്നും നാട്ടുകാരുടെ സൈ്വരജീവിതത്തെ ബാധിക്കുമെന്നും സര്‍പാഞ്ച് സന്തോഷ് ദേശ്മുഖ് ആശങ്കപ്പെട്ടു. ക്രൈം സിന്‍ഡിക്കേറ്റിന് നേതൃത്വം നല്‍കുന്ന ദര്‍ശന്‍ ഗുലെയെ നേരിടാന്‍ അദ്ദേഹം തീരുമാനിച്ചു. ഡിസംബര്‍ 6 ന് ഗുലെയും സംഘവും ചില അവാഡ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചിരുന്നു. ദേശമുഖും കൂട്ടരും അവിടെ എത്തി അതുതടയാന്‍ ശ്രമിച്ചു.
തങ്ങളുടെ തട്ടിപ്പുകള്‍ക്ക് ദേശമുഖ് തടസ്സമാണെന്ന് കണ്ടാണ് ഗുലെയും സംഘവും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. കൊലപാതക കേസിലെ സൂത്രധാരനായ വാല്‍മിക് കാരഡ് പണം തട്ടലില്‍ തടസ്സമായി വരുന്ന ആരെയും തട്ടിക്കളയാന്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. ദേശ്മുഖിനെ പലവട്ടം ഭീഷണിപ്പെടുത്തി. വഴങ്ങുന്നില്ലന്ന് കണ്ടപ്പോഴാണ് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഗുലെ, കാരഡ്, വിഷ്ണു ഛാട്ടെ എന്നിവര്‍ കൊലയ്ക്ക് മുമ്പ് ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി.
ക്രൂരമായ പീഡനം, ഞെട്ടിക്കുന്ന വീഡിയോകള്‍
ഡിസംബര്‍ 9 ന് ഉച്ചകഴിഞ്ഞ് ഒരു എസ് യുവിയില്‍ എത്തിയ ആറംഗ സംഘമാണ് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയ്. ഡോംഗാവോണ്‍ ടോള്‍ പ്ലാസയില്‍ വച്ച് തട്ടിയെടുത്ത ശേഷം കേജ് താലൂക്കയിലേക്ക് കൊണ്ടുപോയി. അന്നുവൈകിട്ട് ദൈത്‌ന ശിവാറില്‍ ദേശ്മുഖ് ബോധരഹിതനായി കാണപ്പെട്ടു. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
ഗ്യാസ് പൈപ്പ്, ഇരുമ്പ് വടി, തടി കൊണ്ടുള്ള വടി, മൂര്‍ച്ചയേറിയ ആയുധങ്ങള്‍ എന്നിവ കൊണ്ട് രണ്ടുമണിക്കൂറോളം ദേശ്മുഖിനെ ക്രൂരമായി മര്‍ദ്ദിച്ചു. കൊലപാതകത്തിന് മുമ്പ് ക്രൂരമായ പീഡനമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. അക്രമികള്‍ പീഡനത്തിന്റെ 15 വീഡിയോകളും, എട്ടുഫോട്ടോകളും എടുത്തതിന് പിന്നാലെ വീഡിയോ കോളും റെക്കോഡ് ചെയ്തു. ഒരു വീഡിയോയില്‍, അഞ്ചുപേര്‍ ചേര്‍ന്ന് ഒരു വെള്ള പൈപ്പും, വടിയും കൊണ്ട് ദേശ്മുഖിനെ അടിക്കുന്നത് കാണാം. ഇവര്‍ അദ്ദേഹത്തെ തൊഴിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അര്‍ദ്ധനഗ്നനായാണ് ദേശ്മുഖിനെ വീഡിയോയില്‍ കാണുന്നത്. മറ്റൊരു വീഡിയോയില്‍ ദേശ്മുഖിന് വല്ലാതെ രക്തം വാര്‍ന്നൊഴുകുമ്പോള്‍ അദ്ദേഹത്തിന് മേല്‍ ഒരുപ്രതി മൂത്രമൊഴിക്കുന്നത് കാണാം.
മന്ത്രിക്ക് പണി പോയി
കേസിലെ മുഖ്യപ്രതി വാല്‍മിക് കാരാഡ് എന്‍സിപി നേതാവും മന്ത്രിയും ആയിരുന്ന ധനഞ്ജയ് മുണ്ടെയുടെ അടുത്ത അനുയായിയാണ്. കാരാഡിന്റെ പങ്കുപുറത്തുവന്നതോടെ, പ്രതിപക്ഷം നടപടിക്കായി ബഹളം കൂട്ടി. സിഐഡിയുടെ 1200 പേജുള്ള കുറ്റപത്രവും പ്രതിപക്ഷത്തിന് ആയുധമായി. ദേശമുഖിന് അനുഭവിക്കേണ്ടി വന്ന ക്രൂര പീഡന വീഡിയോകള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് കണ്ടില്ലെന്ന് നടിക്കാന്‍ ആവുമായിരുന്നില്ല.
ഉപമുഖ്യമന്ത്രി അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയ ഫഡ്‌നാവിസ് കൊലക്കേസ് രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മനസ്സിലാക്കി മുണ്ടെയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.
ജാതി രാഷ്ട്രീയം
മറാത്ത്വാഡയിലെ സങ്കീര്‍ണമായ ജാതി രാഷ്ട്രീയവും മുണ്ടെയുടെ രാജിക്ക് കാരണങ്ങളില്‍ ഒന്നാണ്. മറാത്ത സംവരണ പ്രക്ഷോഭത്തില്‍ മറാത്തകളും ഒബിസികളായ വഞ്ചാരികളും തമ്മില്‍ സംഘര്‍ഷമായിരുന്നു. ഈ പകയുടെ രാഷ്ട്രീയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.വഞ്ചാരിയായ ബിജെപിയുടെ പങ്കജ് മുണ്ടെ എന്‍സിപി( ശരദ് പവാര്‍) യുടെ മറാത്ത മുഖമായ ബജ്‌റംഗ് സോനാവാനെയോട് തോല്‍ക്കുകയായിരുന്നു. മറാത്തയായ സന്തോഷ് ദേശമുഖ് പങ്കജ് മുണ്ടെയ്ക്ക് വേണ്ടിയാണ് പ്രചാരണം നയിച്ചത്. കൊലപാതക കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും വഞ്ചാരികളാണ്. കൊലയ്ക്ക് പിന്നാലെ മറാത്ത നേതാക്കള്‍ ദേശ്മുഖിന് നീതി തേടി ശബ്ദം ഉയര്‍ത്തി. ഇതോടെയാണ് ധനഞ്ജയ് മുണ്ടെയുടെ രാജിയില്‍ കലാശിച്ചത്.