കോളേജിലെ തര്‍ക്കത്തിനെ തുടര്‍ന്ന് കൊലപാതകം; ഉത്സവം കാണാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍; പിടിയിലായത് അച്ഛനും രണ്ട് മക്കളും; അക്രമി സംഘത്തില്‍ പതിഞ്ചോളം പേര്‍
കോഴിക്കോട്: പാലക്കോട്ടുവയലില്‍ കോളജ് വിദ്യാര്‍ത്ഥിയായ സൂരജിനെ (20) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമ്പലക്കണ്ടി സ്വദേശിയും ശ്രീനാരായണ കോളജിലെ വിദ്യാര്‍ത്ഥിയുമായ സൂരജിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചുകൊലപ്പെടുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാല്‍ അറിയാവുന്ന 15 പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
കോഴിക്കോട് പാലക്കോട്ടുവയലില്‍ കോളജ് തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സൂരജിനെ (20) കൂട്ടി കൊണ്ടുപോയി മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ശ്രീനാരായണ കോളജില്‍ വച്ച് മരിച്ച സൂരജിന്റെ സുഹൃത്തിനും കസ്റ്റഡിയിലുള്ള രണ്ടുപേരും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയത് എന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
ഇന്നലെ പാലക്കോട് വയലിലെ അമ്പലത്തില്‍ ഉത്സവത്തിന് എത്തിയ സൂരജിനെ ഒരുസംഘം ആളുകള്‍ കൂട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചു. നാട്ടുകാര്‍ ഇടപെട്ട് ആദ്യഘട്ടത്തില്‍ പ്രശ്‌നം നീക്കിയെങ്കിലും പിന്നീട് വീണ്ടും സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് സൂരജിനെ മര്‍ദിച്ച് കൊലപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് ശ്രീനാരായണ കോളജ് വിദ്യാര്‍ഥികളായ അജയ് (20), വിജയ് (19) എന്നിവര്‍ക്കും അവരുടെ പിതാവായ മനോജ്ക്കും എതിരെയാണ് നടപടി. മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സൂരജിന്റെ മരണത്തിന് പിന്നാലെ നാട്ടുകാര്‍ കൃത്യസ്ഥലത്ത് പ്രതിഷേധവുമായി എത്തി. പ്രതികളുടെ വീടും വാഹനവും തകര്‍ത്തു. റോഡ് ഉപരോധവും നടന്നു. പ്രദേശത്ത് വലിയ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂരജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.