എന്റെ വിരലുകൾക്കിടയിൽ പേനവെച്ച് അമർത്തി പിടിച്ചു; ജീവൻ പോകുന്ന വേദന; ബെഞ്ചിൽ ഇരിക്കുന്നത് കണ്ടപ്പോൾ കൈയിൽ വന്ന് മോശമായി സ്പർശിച്ചു..!!; അധ്യാപകന്റെ കൊടുംക്രൂരതയിൽ മനസ്സ് വിഷമിച്ച് വിദ്യാർഥിനിയുടെ കടുംകൈ; എല്ലാ സത്യവും അറിഞ്ഞ് ഞെട്ടൽ മാറാതെ ഉറ്റവർ
ഭോപ്പാൽ: അധ്യാപകൻ്റെ ശാരീരികവും മാനസികവുമായ പീഡനത്തിൽ മനംനൊന്ത് മധ്യപ്രദേശിലെ രേവ ജില്ലയിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. നവംബർ 16-നാണ് സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകൻ്റെ മർദ്ദനവും മോശം പെരുമാറ്റവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന കൈപ്പടയിലെഴുതിയ കുറിപ്പ് കുട്ടിയുടെ നോട്ട്ബുക്കിൽ നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തിൽ വിദ്യാർഥിനിയുടെ കുടുംബം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് നിർണ്ണായകമായ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ആരതി സിംഗ് വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ച വിവരങ്ങൾ പ്രകാരം, അധ്യാപകൻ ശിക്ഷയുടെ മറവിൽ കുട്ടിയോട് മോശമായി പെരുമാറിയെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
അധ്യാപകൻ മർദ്ദിക്കുന്നതിനിടെ തന്റെ കൈ ബലമായി പിടിച്ചുവെന്നും, അടച്ച മുഷ്ടി തുറക്കാൻ വെല്ലുവിളിച്ചു എന്നും കുറിപ്പിൽ പറയുന്നു. കൂടാതെ, ശിക്ഷിക്കുന്നതിൻ്റെ ഭാഗമായി വിരലുകൾക്കിടയിൽ പേന വെച്ച് ശക്തമായി അമർത്തിയതായും കുട്ടി ആരോപിക്കുന്നു. ബെഞ്ചിൽ ഇരിക്കുമ്പോൾ അധ്യാപകൻ അശ്രദ്ധമായി തൻ്റെ കൈകളിൽ പിടിക്കാറുണ്ടായിരുന്നെന്നും, "കൈകൾ എത്ര തണുത്തതാണെന്ന്" പറഞ്ഞ് കമൻ്റ് അടിക്കാറുണ്ടായിരുന്നുവെന്നും കുറിപ്പിൽ പരാമർശമുണ്ട്.
അധ്യാപകൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ അതിക്രമങ്ങൾ വിദ്യാർഥിനിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും, പൊതുവിടങ്ങളിൽ അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്ന തോന്നൽ കുട്ടിയെ തളർത്തുകയും ചെയ്തതായി ബന്ധുക്കളും സംശയം പ്രകടിപ്പിക്കുന്നു.
വിദ്യാർഥിനിയുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്ന് എഎസ്പി ആരതി സിംഗ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പിൻ്റെ ആധികാരികത സ്ഥിരീകരിച്ച ശേഷം, അധ്യാപകനെതിരെ കേസെടുത്ത് ഉടൻ തന്നെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കും. കുട്ടിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവകരമായി കണ്ട്, സ്കൂളിലെ മറ്റ് വിദ്യാർത്ഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.