ഷഹബാസിന് കട്ടിയേറിയ ആയുധം കൊണ്ട് അടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; വലതുചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു; നെഞ്ചിന് കിട്ടിയ ഇടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി; ചെവിയുടെ പിന്നിലും കണ്ണിലും മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങള്‍

ഷഹബാസിന് കട്ടിയേറിയ ആയുധം കൊണ്ട് അടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്;

Update: 2025-03-01 09:53 GMT

കോഴിക്കോട്: താമരശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്താം ക്ലാസുകാരന്‍ ഷഹബാസ് മരിച്ചത് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഷഹബാസിന്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു, നെഞ്ചിനേറ്റ മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി. ചെവിയുടെ പിന്നിലും, കണ്ണിലും മര്‍ദ്ദനമേറ്റതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ട് ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയെ ചൊല്ലിയുള്ള തര്‍ക്കവും സംഘര്‍ഷവുമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചത്. മരിച്ച ഷഹബാസ് വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. അഞ്ച് പേരെയും വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിച്ചു.

കഴിഞ്ഞ ഞായറാഴ്ച ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ സെന്റ് ഓഫുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് അടിപിടിയിലും ഷഹബാസിന്റെ മരണത്തിലും കലാശിച്ചത്.എളേറ്റില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിക്കുന്നതിനിടെ പാട്ട് നിന്നപ്പോള്‍ താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഫോണ്‍ തകരാറിലായി പാട്ട് നിലയ്ക്കുകയും ഡാന്‍സ് തടസപ്പെടുകയുമായിരുന്നു. പിന്നാലെ കൂക്കി വിളിച്ച കുട്ടികളോട് എളേറ്റില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ദേഷ്യപ്പെട്ടു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയിലെത്തിയത്.

കുട്ടികള്‍ ഏറ്റുമുട്ടിയതോടെ അദ്ധ്യാപകര്‍ ഇടപെട്ട് പരിപാടി നിറുത്തിച്ചു. വിദ്യാര്‍ത്ഥികളെ പറഞ്ഞുവിടുകയും ചെയ്തു. ഇതിനിടെ കണക്ക് തീര്‍ക്കണമെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ആഹ്വാനങ്ങളും ചര്‍ച്ചകളുമുണ്ടായി. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് സംഘം ചേര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തിയ കുട്ടികള്‍ ചേരി തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് തലയില്‍ ആന്തരിക രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ഷഹബാസിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണപ്പെട്ടത്.താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഷഹബാസിനെ മര്‍ദ്ദിച്ചതെന്നാണ് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഷഹബാസിനെ മര്‍ദ്ദിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ട് ദിവസം മുന്‍പ് ഷഹബാസിന്റെ മറ്റൊരു സുഹൃത്തിന് മര്‍ദ്ദനമേറ്റതായും ഇവര്‍ പറഞ്ഞു. അതേസമയം, ഷഹബാസിനെ ആരാണ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്ന് അറിയില്ലെന്നും ഇവര്‍ വെളിപ്പെടുത്തി.

Tags:    

Similar News