പെറ്റമ്മയെ മകന്‍ കൊലപ്പെടുത്തിയത് തുരുതുരാ വെട്ടി; സുബൈദയുടെ ശരീരത്തില്‍ പതിനേഴു വെട്ടുകള്‍; ഒരേ സ്ഥലത്തു തന്നെ കൂടുതല്‍ തവണ വെട്ടി എണ്ണം കൃത്യമായി നിര്‍ണയിക്കാനാവാത്ത നിലയില്‍ മുറിവുകള്‍; നടന്നത് അതിക്രൂര കൊലപാതകം
പെറ്റമ്മയെ മകന്‍ കൊലപ്പെടുത്തിയത് തുരുതുരാ വെട്ടി;
താമരശ്ശേരി: താമരശ്ശേരിയില്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ സ്വന്തം മാതാവിനെ മകന്‍ വെട്ടിക്കൊന്ന സംഭവം കേരളക്കരയെ നടുക്കുന്നതായിരുന്നു. സംഭവത്തിന്റെ നടുക്കം വര്‍ധിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കല്‍ സുബൈദ(52)യെ മകന്‍ മുഹമ്മദ് ആഷിഖ് (25) വെട്ടിക്കൊന്നത് അതിക്രൂരമായെന്ന് സാക്ഷ്യപ്പെടുത്തി ദേഹത്തേറ്റ മുറിവുകള്‍
പിതാവ് ഉപേക്ഷിച്ചസമയത്ത് ഒന്നരവയസ്സ് മാത്രമുള്ളതന്നെ നാളിത്രയും കാലം പാചകസഹായിയായും കൂലിവേലചെയ്തുമെല്ലാം വളര്‍ത്തി വലുതാക്കിയ ഉമ്മയെ മകന്‍ മുഹമ്മദ് ആഷിഖ് (25) കൊലപ്പെടുത്തിയത് ദേഹത്ത് തുരുതുരാവെട്ടിയാണ്. ഒരു മകന്‍ മാതാവിനോട് ചെയ്യുന്ന കൊടിയ ക്രൂരതയാണ് ആഷിഖ് സുബൈദയോട് ചെയ്തത്. ആഴത്തിലുള്ള പതിനേഴുമുറിവുകളാണ് കൊടുവാള്‍ കൊണ്ടുള്ള വെട്ടില്‍ സുബൈദയുടെ ദേഹത്തേറ്റതെന്ന് താമരശ്ശേരി പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഒരേസ്ഥലത്തുതന്നെ കൂടുതല്‍തവണ വെട്ടി എണ്ണം കൃത്യമായി നിര്‍ണയിക്കാനാവാത്ത നിലയിലായിരുന്നു മുറിവുകള്‍. അതിനാല്‍ത്തന്നെ വെട്ടുകളുടെ എണ്ണം അതിലും കൂടുതലുണ്ടാവാമെന്ന നിരീക്ഷണമാണ് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട പ്രാഥമികറിപ്പോര്‍ട്ടിലുള്ളത്. വെട്ടുകളുടെ എണ്ണവും ആഴവും കൊലപാതകത്തിലെ പൈശാചികത വെളിപ്പെടുത്തുന്നു. മുറിവുകളിലേറെയും നല്ല ആഴത്തിലുള്ളതായിരുന്നു. വെട്ടേറ്റത് അധികവും കഴുത്തിനും തലയ്ക്കുമാണ്.
അതേസമയം, സുബൈദ കൊല്ലപ്പെട്ട വേനക്കാവിലെ വീടിന്റെ ചുറ്റുവട്ടത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യില്‍ കൊലപാതകത്തിന് മുന്‍പും ശേഷവുമുള്ള മുഹമ്മദ് ആഷിഖിന്റെ ചെയ്തികള്‍ പതിഞ്ഞ വീട്ടുമുറ്റത്തെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സുബൈദയെ കൊലപ്പെടുത്തുന്നതിനായി അയല്‍വാസിയുടെ വീട്ടില്‍ നിന്ന് തേങ്ങ പൊതിക്കാനെന്ന പേരില്‍ കൊടുവാള്‍ വാങ്ങാന്‍പോവുന്നതിന്റെയും, കൊടുവാളുമായി മടങ്ങുന്നതിന്റെയും കൊലയ്ക്കുശേഷം ചോരപുരണ്ട കൊടുവാള്‍ വീട്ടുമുറ്റത്തെ ടാപ്പില്‍വെച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സൈബര്‍ സെല്‍ സംഘം ശേഖരിച്ചത്.
കൊലപാതകം സംബന്ധിച്ച് വിശദമായ അന്വേഷണത്തിനും കൊല നടന്ന വീട്ടിലെ തെളിവെടുപ്പിനുമായി പ്രതി മുഹമ്മദ് ആഷിഖിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയില്‍ ബുധനാഴ്ച അപേക്ഷ നല്‍കുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. കൊലപാതകം നടന്ന പുതുപ്പാടി ചോയിയോട് ഷക്കീലയുടെ വീട്ടില്‍ ഇന്നലെ ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ എത്തി പരിശോധന നടത്തിയിരുന്നു.
കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ.സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് തെളിവെടുത്തു. റിമാന്‍ഡിലായ പ്രതിയെ പൊലീസ് കസ്റ്റഡയില്‍ വാങ്ങി വീണ്ടും തെളിവെടുപ്പ് നടത്തും. കുറച്ചു ദിവസം പ്രതി വീട്ടില്‍ എത്താതിരുന്നതിന്റെ പേരിലുള്ള വാക്കുതര്‍ക്കവും പണം ആവശ്യപ്പെട്ടപ്പോള്‍ കിട്ടാതിരുന്നതും സ്വത്ത് വിഷയവുമാണു പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമായി പ്രതി പൊലീസിനോട് പറഞ്ഞത്.