അമേരിക്കയിലെ യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സിഇഒ ബ്രയന്‍ തോംസന്റെ കൊലയാളി എന്ന് സംശയിക്കുന്ന ആള്‍ പിടിയില്‍; മക്‌ഡോണള്‍ഡ്‌സ് റെസ്റ്റാറ്റാന്റില്‍ എത്തിയ ആളെ തിരിച്ചറിഞ്ഞത് ജീവനക്കാര്‍; ലൂയീജി മാഞ്ചിയോണി കൊല നടത്തിയത് ക്ലെയിം നിഷേധിച്ചതിനോ?
ലൂയീജി മാഞ്ചിയോണി കൊല നടത്തിത് ക്ലെയിം നിഷേധിച്ചതിനോ?
വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്തിന്റെ യൂണിറ്റ് സിഇഒ ബ്രയന്‍ തോംസനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ കൊലയാളി എന്ന് സംശയിക്കുന്ന ആള്‍ പിടിയില്‍. 26കാരനായ ലൂയീജി മാഞ്ചിയോണി എന്നയാളെയാണ് പെന്‍സില്‍വേനിയയിലെ ആല്‍ട്ടൂണ എന്ന സ്ഥലത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന തോക്കും, വ്യാജരേഖകളും കണ്ടെടുത്തു.
ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് 280 മൈല്‍ അകലെയാണ് ആല്‍ട്ടൂണ നഗരം. ഒരു മക്‌ഡോണള്‍ഡ്‌സ് റെസ്റ്റാറ്റാന്റില്‍ എത്തിയ ഈയാളെ ജീവനക്കാരന്‍ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 6.45നായിരുന്നു ബ്രയന്‍ തോംസണ്‍ വെടിയേറ്റ് മരിച്ചത്. മിഡ്ടൗണ്‍ മാന്‍ ഹോട്ടലിന് പുറത്തായിരുന്നു സംഭവം നടന്നത്. ഹെല്‍ത്ത് കെയര്‍ വാര്‍ഷിക സമ്മേള വേദിയായ ഹോട്ടലിലേക്ക് നടന്നുപോവുകയായിരുന്ന തോംസണ് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റയുടന്‍ ഇദ്ദേഹത്തെ ആശുത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
2021 ഏപ്രിലില്‍ കമ്പനി സിഇഒ ആയി ചുമതലയേറ്റ ബ്രയന്‍ തോംസണ്‍ 2004 മുതല്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയാണ് യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍. സിഇഒയുടെ കൊലപാതകത്തിന് പിന്നാലെ നടക്കാനിരുന്ന നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കിയിരുന്നു.
അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നാണ് യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍. ബുധനാഴ്ച രാവിലെ 6.45 ന് തോംസണ്‍ മാന്‍ഹാട്ടനിലെ ന്യൂയോര്‍ക്ക് ഹില്‍ട്ടണ്‍ മിഡ്ടൗണ്‍ ഹോട്ടലില്‍ സ്വന്തം കമ്പനിയുടെ നിക്ഷേപക സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. മാസ്‌കും തൊപ്പിയും ധരിച്ച് പിന്നിലൂടെയെത്തിയ കൊലയാളി പലതവണ നിറയൊഴിച്ച ശേഷം ഇലക്ട്രിക് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
സംഭവം ലോകശ്രദ്ധയാകര്‍ഷിച്ചത് വെടിയുതിര്‍ത്ത തോക്കില്‍നിന്നും വീണ ഷെല്‍ കെയ്‌സിങുകള്‍ കണ്ടെടുത്തപ്പോഴാണ്. അവയില്‍ ഡിലേ, ഡിനൈ, ഡിഫെന്‍ഡ് (വൈകിപ്പിക്കുക, നിരസിക്കുക, പ്രതിരോധിക്കുക) എന്ന് കോറിവച്ചിരുന്നു. ഇവ എന്താണെന്നു മനസ്സിലായല്ലോ- ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിഷേധിക്കാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍! അതോടെ ചര്‍ച്ച വഴി തിരിഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ ആളോ അയാളുടെ ഉറ്റവരോ അര്‍ഹമായ ക്ലെയിം നിഷേധിക്കപ്പെട്ട് ദുരിതമനുഭവിച്ചവരാകാം എന്ന രീതിയില്‍.
അതേസമയം, തോംസണോടുള്ള വ്യക്തിവൈരാഗ്യമടക്കമുള്ള മറ്റെന്തെങ്കിലും കാരണത്താല്‍ കൊലപാതകം നടത്തിയ ശേഷം അന്വേഷണത്തിന്റെ വഴി തിരിച്ചുവിടാന്‍ വേണ്ടിയാണ് കെയ്‌സിങില്‍ ഈ വാക്കുകള്‍ രേഖപ്പെടുത്തിയത് എന്നു വാദവും ഉയര്‍ന്നിരുന്നു. കസ്റ്റഡിയിലുള്ള യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലയ്ക്ക് കാരണം എന്താണെന്ന് വ്യക്തമാകൂ. തോംസന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനികളെ കുറിച്ച് അമേരിക്കയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു വിഭാഗം തോംസന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകരോടും സഹതാപം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുകയും ചെയ്യുന്നു. മറുവിഭാഗം ഇന്‍ഷുറന്‍സ് കമ്പനികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ചിലര്‍ കൊലപാതകം വേണ്ടതായിരുന്നു എന്നുപോലും അഭിപ്രായപ്പെടുന്നു!
2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ യുണൈറ്റഡ് ഹെല്‍ത്ത് അടക്കമുള്ള മൂന്നു വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലെയിം നിഷേധിക്കുന്നത് വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചതായി സെനറ്റ് പെര്‍മനെന്റ് സബ്കമ്മിറ്റി ഇക്കഴിഞ്ഞ ഒക്ടോബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനികള്‍ പ്രെഡിക്ടീവ് അല്‍ഗോരിതത്തിന്റെ സഹായത്തോടെ ക്ലെയിം നിഷേധങ്ങള്‍ കൂട്ടി വരുമാനം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
മുന്‍കൂര്‍ അധികാരപ്പെടുത്തല്‍ (പ്രയര്‍ ഓഥറൈസേഷന്‍, നിശ്ചയിച്ച ചികിത്സ തുടങ്ങുംമുമ്പ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും കിട്ടേണ്ട അനുമതി, അതുണ്ടെങ്കിലേ ക്ലെയിം കിട്ടൂ) വഴി ക്ലെയിം വൈകിപ്പിക്കലും നിഷേധിക്കലും ഗണ്യമായി കൂടി. അത് രോഗികളുടെയും ബന്ധുക്കളുടെയും മേല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിച്ചു. മുന്‍കൂര്‍ അനുമതിയും പ്രെഡിക്ടീവ് അല്‍ഗോരിതവും നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.