വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറി; ശേഷം അലമാര കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; കവർച്ച വീട്ടിൽ ആളില്ലാത്ത തക്കം നോക്കി; മോഷ്ടിച്ച ആഭരണങ്ങൾ ജ്വല്ലറിയിൽ വിറ്റു; പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതി
കല്‍പ്പറ്റ: വയനാട് വെണ്ണിയോട് പ്രദേശത്ത് ദിവസങ്ങളോളം ഭീതി പടർത്തിയ മോഷ്ടാവിനെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം. നിരവധി മോഷണ കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടില്‍ ഇജിലാല്‍ എന്ന അപ്പു (30) വിനെയാണ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിൽ നടന്ന മോഷണത്തെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലായിരുന്നു അറസ്റ്റ്. കല്‍പ്പറ്റ ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഈ മാസം 22ന് പുലര്‍ച്ചെയാണ് സംഭവം. വെണ്ണിയോട് സ്വദേശിയായ മോയിന്‍ഹാജിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മകളെ വിദേശത്തേക്ക് യാത്ര അയക്കാനായി കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് കുടുംബസമേതം പോയ സമയത്തായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. വീടിന്റെ വാതില്‍ പൊളിച്ചാണ് പ്രതി അകത്ത് കയറിയത്. ശേഷം അലമാര കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. കവർച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പ്രതി ജ്വല്ലറിയിൽ വിൽക്കുകയായിരുന്നു.
ഈ സ്വര്‍ണാഭരണങ്ങള്‍ മാനന്തവാടിയിലെ ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. മോഷണ ശേഷം ഇയാള്‍ മൈസൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. ആരാധനാലയങ്ങളിലെ നേര്‍ച്ചപ്പെട്ടികള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതിന് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇജിലാലിനെതിരെ കേസുകള്‍ ഉണ്ട്.
വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശ പ്രകാരം കല്‍പ്പറ്റ ഡി വൈ എസ് പി ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം. കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം എ സന്തോഷ്, സബ് ഇന്‍സ്പെക്ടര്‍ പി സി റോയ്, അസി സബ് ഇന്‍സ്പെക്ടര്‍ ആനന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി കെ നൗഫല്‍, കെ കെ വിപിന്‍, നിസാര്‍, സെന്തവിന്‍ സെല്‍വം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി പി ജിഷ്ണു, മുഹമ്മദ് സക്കറിയ, കിരണ്‍, ഉനൈസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.