കൊച്ചിന്‍ കോര്‍പ്പറേഷനില്‍ എവിടെത്തൊട്ടാലും പണം കിട്ടും; ഉദ്യോഗസ്ഥര്‍ വാങ്ങുന്ന കൈക്കൂലി പണത്തിന്റെ വീതം പറ്റുന്ന രാഷ്ട്രീയക്കാരും; മുമ്പ് പിടിവീണവരുടെ കാര്യത്തിലെ അന്വേഷണത്തില്‍ ഉഴപ്പല്‍; ഓവര്‍സീയറായ സ്വപ്‌ന സ്ഥിരം കൈക്കൂലിക്കാരി; സസ്‌പെന്‍ഷന് പിന്നാലെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം അന്വേഷിക്കും
കൊച്ചിന്‍ കോര്‍പ്പറേഷനില്‍ എവിടെത്തൊട്ടാലും പണം കിട്ടും
കൊച്ചി: കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ കൊച്ചി കോര്‍പ്പറേഷന്‍ വനിതാ ഓവര്‍സിയര്‍ സ്വപ്നയ്ക്ക് സസ്‌പെന്റ് ചെയ്തിരിക്കയാണ്. വൈറ്റിലയില്‍ റോഡരികില്‍ കാറില്‍വെച്ച് പണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. 15,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കോര്‍പ്പറേഷനിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറാണ് സ്വപ്ന. ഇവര്‍ സ്ഥിരം കൈക്കൂലിക്കാരിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിക്കുന്നതിന് ആദ്യം 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന, പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 15000 രൂപയാക്കി കുറച്ചു. അഞ്ചുനിലക്കെട്ടിടത്തിന്റെ ഓരോ നിലയ്ക്കും 5,000 രൂപ വീതം എന്ന നിലയ്ക്കായിരുന്നു പണം ചോദിച്ചിരുന്നത്. ഇതാണ് പിന്നീട് പരാതിക്കാരന്റെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് 15,000 രൂപയാക്കി കുറച്ചത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ജോലികഴിഞ്ഞ് സ്വന്തം കാറില്‍ തൃശ്ശൂര്‍ കാളത്തോടുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കാറില്‍ ഇവരുടെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു. പരിശോധനയില്‍ കാറില്‍നിന്ന് 41,180 രൂപ കണ്ടെത്തിയിരുന്നു. ഈ പണവും കൈക്കൂലിയായി സ്വപ്ന കൈപറ്റിയതാണെന്ന സംശയത്തിലാണ് വിജിലന്‍സ്. സംഭവത്തില്‍ വിജിലന്‍സ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
സ്വപ്ന സ്ഥിരം അഴിമതിക്കാരിയാണെന്ന് വ്യക്തമായിരിക്കുന്നത്. സ്വപ്ന മുന്‍പും കൈക്കൂലി വാങ്ങിയിരുന്നതായുള്ള വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. രണ്ടുവര്‍ഷമായി സ്വപ്ന നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാലയളവിലെ ഇവരുടെ പ്രവര്‍ത്തനങ്ങളും ഇടപാടുകളും സംബന്ധിച്ച് അന്വേഷണം നടത്തും. കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ അഴിമതി കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നേരത്തേ തന്നെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ മേയര്‍ നേരിട്ട് ഇടപെട്ടാണ് സ്വപ്നയുടെ സസ്പെന്‍ഷന്‍ നടപടികള്‍ കൈക്കൊണ്ടത്. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേരുന്നതിന് മുന്‍പായാണ് നടപടി. സ്വപ്ന ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനായി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരൂമാനിച്ചെന്നും മേയര്‍ അനില്‍കുമാര്‍ വ്യക്തമാക്കയിട്ടുണ്ട്. വിജിലന്‍സ് തയാറാക്കിയ അഴിമതി പട്ടികയിലെ മുന്‍നിരക്കാരിയായിരുന്നു സ്വപ്ന. പട്ടികയില്‍ കോര്‍പറേഷന്റെ വൈറ്റിലയിലുള്ള സോണല്‍ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണല്‍ ഓഫിസിനെതിരെ മുന്‍പും അഴിമതി ആരോപണമുയര്‍ന്നിരുന്നു.
അനധികൃത കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് കോര്‍പറേഷനിലെ ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എല്‍ഡിഎഫ് കൗണ്‍സിലറായ പി.എസ്.ബിജു 4 മാസം മുന്‍പ് ആരോപണമുന്നയിച്ചിരുന്നു. കോര്‍പറേഷന്റെ സ്ഥിരം സമിതികളുടെ ചെയര്‍മാന്‍മാര്‍ക്ക് നല്‍കാനാണ് ഈ പണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഇക്കാര്യം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവുകയും മേയര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണം കാര്യമായി എവിടെയും എത്തിയില്ല എന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലും ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ചില സ്ഥലം മാറ്റങ്ങളൊക്കെ നടക്കുകയും ചെയ്തു.
എവിടെത്തൊട്ടാലും പണം കിട്ടുമെന്നതാണ് കോര്‍പറേഷനിലെ അഴിമതിക്ക് പ്രധാന കാരണം. ബില്‍ഡിങ് പെര്‍മിറ്റ്, ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് പുതുക്കലിന് ആരോഗ്യവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, അനധികൃത കെട്ടിടങ്ങള്‍ നമ്പരിടുന്നതിന്, അവ അധികൃതമാക്കുന്നതിന് തുടങ്ങി നഗരത്തിലെ നിര്‍മാണവുമായി ബന്ധപ്പെട്ട് കാശൊഴുകും. വീടോ കെട്ടിടമോ എന്തു നിര്‍മിച്ചാലും ഏതെങ്കിലും വിധത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ക്കറിയാം. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് പണമൊഴുകും.
ഇത്തരത്തില്‍ പണം വാങ്ങിയാലും കാര്യങ്ങള്‍ നടത്തിത്തരും എന്നതാണ് സ്വപ്നയെക്കുറിച്ച് പൊതുവേ പറയാറുള്ളത്. സ്വപ്ന കൈക്കൂലി വാങ്ങുന്നെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. തൃപ്പൂണിത്തറ സ്വദേശിയും എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി ഉടമയുമാണ് സ്വപ്‌നക്കെതിരായ പരാതിക്കാരന്‍. പ്രവാസിയായ ഇയാള്‍ പുതുതായി പണികഴിപ്പിക്കുന്ന 5000 ചതുരശ്ര അടി വിസ്തീര്‍ണവും അഞ്ച് കെട്ടിട നമ്പറുകളും വരുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റിനായി ജനുവരി മാസം 30-നാണ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നത്.
പിന്നീടാണ് ഒരോ നിലയ്ക്കും 25,000 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടത്. ഒടുവില്‍ 15,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. കെട്ടിട ഉടമ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയും അവര്‍ നിരീക്ഷണം തുടങ്ങുകയും ചെയ്തു. സാധാരണ വിശ്വസ്തരായ ഏജന്റുമാരാണ് സ്വപ്നയ്ക്കു വേണ്ടി പണം വാങ്ങാറുള്ളത്. എന്നാല്‍ പിറ്റേന്ന് മേയ് ദിനമായതിനാല്‍ തൃശൂരുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പണം വാങ്ങാനായിരുന്നു സ്വപ്നയുടെ തീരുമാനം. ഇത്തരത്തില്‍ സ്വപ്ന പറഞ്ഞ മൂന്നിടത്ത് വിജിലന്‍സ് നല്‍കിയ പണവുമായി കെട്ടിടം ഉടമ എത്തിയെങ്കിലും സ്വപ്ന വന്നില്ല. ഒടുവില്‍ മൂന്നു മക്കളുമൊത്ത് കാറോടിച്ച് വൈറ്റിലയിലെ പൊന്നുരുന്നി പാലത്തിനടുത്തെത്തി കൈക്കൂലി വാങ്ങാനായിരുന്നു സ്വപ്നയുടെ തീരുമാനം.
ഇതേ സമയം സ്ഥലത്തെത്തിയ വിജിലന്‍സ് സ്വപ്നയെ പിടികൂടി. 3 വയസ്സുള്ള ഇളയ കുട്ടിയടക്കം കാറിലുണ്ടായിരുന്നു. 4 മണിക്കൂറോളം കഴിഞ്ഞ് തൃശൂരില്‍ നിന്ന് ഭര്‍ത്താവ് എത്തിയാണ് കുട്ടികളെ ഏറ്റുവാങ്ങിയത്. ഈ സമയമത്രയും സ്വപ്നയെ കാറില്‍ തന്നെ ഇരുത്തുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തൃശൂരിലായിരുന്ന സ്വപ്ന 2023ലായിരുന്നു കൊച്ചി കോര്‍പഷന്റെ ഓഫിസിലേക്ക് എത്തിയത്. ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിലുള്ള സ്വപ്നയ്ക്ക് ബില്‍ഡിങ് ഇന്‍സ്‌പെക്ടറുടെയും ചുമതല ലഭിച്ചു. കൊച്ചി കോര്‍പറേഷന് ഈ ഉദ്യോഗസ്ഥരുടെ മേല്‍ കാര്യമായ നിയന്ത്രണം ഇല്ലാത്തത് പരാതികള്‍ ഉയര്‍ന്നാലും നടപടിയെടുക്കുന്നതിന് തടസമാകുന്നുവെന്ന് വാദമുണ്ട്.