തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ ഭാഗം; തരൂര്‍ സ്വയം തീരുമാനിച്ച് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ച നടത്തുന്നതിന് ബുദ്ധിമുട്ടുകളൊന്നുമില്ല; ഇടതു മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്; വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ മുന്നണിയില്‍ ചേരാം; തരൂരിനെ സ്വാഗതം ചെയ്ത് ടി പി രാമകൃഷ്ണന്‍
തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ ഭാഗം; തരൂര്‍ സ്വയം തീരുമാനിച്ച് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ച നടത്തുന്നതിന് ബുദ്ധിമുട്ടുകളൊന്നുമില്ല
തിരുവനന്തപുരം: ശശി തരൂര്‍ ഇടതുമുന്നണിയുമായി സഹകരിക്കാന്‍ നീക്കം നടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ രംഗത്ത്. ശശി തരൂര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും നിലവില്‍ തരൂര്‍ കോണ്‍ഗ്രസിന്റെ ഭാഗമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇടത് മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ മുന്നണിയില്‍ ചേരാവുന്നതാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെയായിരുന്നു ടി പി രാമകൃഷ്ണന്റെ പ്രതികരണം.
ശശി തരൂര്‍ പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലടക്കം ഇടപെടുന്നയാളുമാണ്. അദ്ദേഹം സ്വയം തീരുമാനിച്ച് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ച നടത്തുന്നതിന് ബുദ്ധിമുട്ടുകളൊന്നുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഉറപ്പിക്കുന്നതിനായി ഇവരെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിന് പ്രശ്നമൊന്നുമില്ല. പക്ഷെ അവര്‍ക്ക് മുന്നില്‍ വെക്കുന്ന ഒരു നിബന്ധന പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിനോട് യോജിക്കണം എന്നതാണ്. തരൂര്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടും കോണ്‍ഗ്രസിന്റേതായിരിക്കും. ശശി തരൂര്‍ പാര്‍ട്ടി വിട്ടാല്‍ ബാക്കി രാഷ്ട്രീയ നയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ശശി തരൂര്‍ എംപിയെ ഇടതുപാളയത്തില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് സൂചനകള്‍. ദുബായിലുള്ള ശശി തരൂര്‍ ഇക്കാര്യത്തില്‍ നിര്‍ണായക ചര്‍ച്ചകളിലേര്‍പ്പെടുമെന്നാണ് വിവരം. ഇടതുപക്ഷവുമായി ബന്ധമുള്ള വ്യവസായി മുഖേനയാണ് ചര്‍ച്ചയ്ക്കുള്ള നീക്കങ്ങള്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ശശി തരൂരുമായി നേതൃത്വം ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്.
കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സജീവമായിരുന്ന ശശി തരൂര്‍ എംപി, അപ്രതീക്ഷിതമായി പരിപാടികള്‍ റദ്ദാക്കി ദുബായിലേക്ക് വിമാനം കയറുകയായിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു തരൂരിന്റെ ഈ 'മിന്നല്‍ യാത്ര'. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെയാണ് തരൂരിന് ആ നിര്‍ണ്ണായക സന്ദേശം ലഭിക്കുന്നത്. പിണറായി വിജയന്റെ അതിവിശ്വസ്തനായ ദൂതന്‍ തരൂരുമായി സംസാരിച്ചതിന് പിന്നാലെ അദ്ദേഹം ദുബായിലേക്ക് തിരിക്കാന്‍ തീരുമാനിക്കുകയായിരുന്ന എന്നാണ് വിവരം. നാളെ രാത്രിയോടെ തരൂര്‍ കേരളത്തില്‍ തിരിച്ചെത്തും.
തരൂരിനെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന വജ്രായുധമാണ് സിപിഎം പുറത്തെടുക്കുന്നത്. 15 സീറ്റുകള്‍ എന്ന 'മെഗാ ഓഫര്‍' തരൂര്‍ സ്വീകരിക്കുമോ എന്നതാണ് അറിയേണ്ടത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നണിയിലെത്തിയാല്‍ ഇടതുപക്ഷത്തിന്റെ ദേശീയ മുഖമായി തരൂര്‍ മാറും. തനിക്ക് കിട്ടുന്ന ഈ 'വമ്പന്‍ ഓഫറിനെ' കുറിച്ച് തരൂര്‍ ഇതുവരെ ആരോടും മനസ്സ് തുറന്നിട്ടില്ല. തന്റെ ഏറ്റവും വിശ്വസ്തരായ ചില അനുയായികളോട് മാത്രമാണ് അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുള്ളത്. ദുബായിലെ ചര്‍ച്ചകള്‍ കഴിഞ്ഞ് നാളെ തിരിച്ചെത്തുന്ന തരൂര്‍ അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. കോണ്‍ഗ്രസും തരൂര്‍ ക്യാമ്പിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്. നിര്‍ണായകമായ വിവരമാണ് വിശ്വസനീയമായ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. കൊച്ചി മഹാപഞ്ചായത്തിലെ അവഗണനയില്‍ തരൂര്‍ അതൃപ്തിയിലാണ്. ഇന്ന് വൈകിട്ടോട് കൂടി മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരു വ്യവസായിയും ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. 27ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ആ യോഗത്തില്‍ തരൂര്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ച സാഹചര്യത്തിലാണ് സിപിഎമ്മില്‍ നിന്നുള്ള ഇത്തരത്തിലുള്ള നീക്കം നടക്കുന്നുവെന്നതിന്റെ സൂചന. അതിനിടെ പ്രിയങ്കാ ഗാന്ധി നേരിട്ട് അനുനയത്തിന് എത്തുമെന്നും സൂചനയുണ്ട്.
സിപിഎമ്മിന്റെ ഈ 'മെഗാ ഓഫര്‍' തരൂര്‍ സ്വീകരിക്കുകയാണെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. ഇടതുപക്ഷത്തിനൊപ്പം ചേരാന്‍ തീരുമാനിച്ചാല്‍ തരൂര്‍ ഉടന്‍ തന്നെ ലോക്സഭാ എംപി സ്ഥാനം രാജിവെയ്ക്കും. ഇതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. നായര്‍-ക്രിസ്ത്യന്‍ വോട്ടുകളിലും യുവാക്കള്‍ക്കിടയിലും തരൂരിനുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാനാണ് പിണറായിയുടെ നീക്കം. തരൂര്‍ കോണ്‍ഗ്രസ് വിടുന്നത് പാര്‍ട്ടിയുടെ ദേശീയ തലത്തിലുള്ള പ്രതിച്ഛായയെപ്പോലും ബാധിക്കും.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വേളയില്‍ ഉണ്ടായ അവഗണനയില്‍ നീറിപ്പുകയുന്ന തരൂരിനെ കൃത്യസമയത്ത് റാഞ്ചാനാണ് എകെജി സെന്റര്‍ ലക്ഷ്യമിടുന്നത്. തരൂര്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ലെങ്കിലും, ദുബായിലെ രഹസ്യ ചര്‍ച്ചകള്‍ക്ക് ശേഷം കേരളം കാത്തിരിക്കുന്നത് വമ്പന്‍ വെളിപ്പെടുത്തലുകള്‍ക്കായിരിക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം സിപിഎം ഉന്നത നേതാവാണ് തരൂരിനെ ബന്ധപ്പെട്ടത്. കേരളത്തില്‍ ഉടനീളം 15 സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. പുതിയ പാര്‍ട്ടിയുണ്ടാക്കി ഇടതു മുന്നണിയിലേക്ക് വരാനാണ് നിര്‍ദ്ദേശം. അര്‍ഹിക്കുന്ന പരിഗണന നല്‍കാമെന്നും തരൂരിനെ മുതിര്‍ന്ന സിപിഎം നേതാവ് അറിയിച്ചു. ഇതിനോട് അനുകൂലമായോ പ്രതികൂലമായോ തരൂര്‍ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുതിര്‍ന്ന നേതാവ് തരൂരിനെ ബന്ധപ്പെട്ടത്.
