ജവഹര്‍ നഗറിലെ 10 കോടിയുടെ വീടും സ്ഥലവും തട്ടിയെടുക്കാന്‍ സബ് രജിസ്ട്രാര്‍ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് വാങ്ങിയത് 10 ലക്ഷവും 10 സ്മാര്‍ട്ട് ഫോണും! ലക്ഷ്മി ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കാനും ഉദ്യോഗസ്ഥ കൂട്ടുനിന്നെന്ന് കണ്ടെത്തല്‍; ഇടപാടുകള്‍ നടത്തിയത് രജിസ്ട്രാര്‍ ഓഫീസിന് പുറത്തുവെച്ച്
തട്ടിയെടുക്കാന്‍ സബ് രജിസ്ട്രാര്‍ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് വാങ്ങിയത് 10 ലക്ഷവും 10 സ്മാര്‍ട്ട് ഫോണും!
തിരുവനന്തപുരം: കവടിയാറിന് സമീപം ജവഹര്‍ നഗറിലെ 10 കോടിയോളം രൂപ വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്ത കേസ് തലസ്ഥാന വാസികളെ ശരിക്കും നടുക്കുന്നതായിരുന്നു. പ്രവാസികള്‍ക്കിടയില്‍ അടക്കം കടുത്ത ആശങ്കയ്ക്കുന്ന സംഭവമായിരുന്നു ഈ ഭൂമി തട്ടിപ്പു കേസ്. തലസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയ തന്നെ ഈ സംഘത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠനും സംഘവുമാണ് ഈ കേസില്‍ പിടിയിലായത്. ഈ കേസിലെ ഒടുവിലെ കണ്ണിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ് ലക്ഷ്മി.
ശാസ്തമംഗലം സബ് രജിസ്ട്രാര്‍ എസ് ലക്ഷ്മിയും മുഖ്യപ്രതിയും കോണ്‍ഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠനുമായി നിരന്തരം ഫോണില്‍ സംസാരിച്ചതിന്റെ സൈബര്‍ തെളിവുകള്‍ അടക്കം പേലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിയെടുക്കാന്‍ വ്യാജരേഖയുണ്ടാക്കിയതിനാണ് കേസിലെ ഒന്‍പതാം പ്രതിയായ ലക്ഷ്മി അറസ്റ്റിലായത്.
തട്ടിപ്പിന് കൂട്ടുനില്‍ക്കാന്‍ മണികണ്ഠനില്‍ നിന്ന് ലക്ഷ്മി 10 ലക്ഷം രൂപയും 10 വിലകൂടിയ സ്മാര്‍ട്ട് ഫോണുകളും കൈക്കൂലിയായി വാങ്ങിയെന്ന് പോലീസ് കണ്ടെത്തി. ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കാനും ഉദ്യോഗസ്ഥ കൂട്ടുനിന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മ്യൂസിയം പോലീസിന്റെ നടപടി.കേസില്‍ ആള്‍മാറാട്ടം നടത്തിയവരും ഒത്താശ ചെയ്തവരും ഉള്‍പ്പെടെ എട്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് സ്ഥലവും 6,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുമാണ് സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഡോറയുമായി രൂപസാദൃശ്യമുള്ള വട്ടപ്പാറ സ്വദേശി വസന്തയെ ഡോറയായും, പുനലൂര്‍ സ്വദേശി മെറിനെ ചെറുമകളായും ആള്‍മാറാട്ടം നടത്തിയാണ് പ്രമാണം രജിസ്റ്റര്‍ ചെയ്തത്. ഡോറ തന്റെ സ്വത്ത് ചെറുമകള്‍ക്ക് ഇഷ്ടദാനം നല്‍കിയെന്ന വ്യാജ കരാറാണ് ആദ്യം നിര്‍മിച്ചത്. രജിസ്ട്രാര്‍ ഓഫീസിന് പുറത്തുവെച്ച് നടന്ന ഈ ഇടപാടില്‍ ആള്‍മാറാട്ടം നടത്തിയവരുടെ രേഖകള്‍ പരിശോധിക്കാന്‍ സബ് രജിസ്ട്രാര്‍ തയ്യാറായില്ലെന്ന് പോലീസ് കണ്ടെത്തി.
വ്യവസായിയായ അനില്‍ തമ്പിക്ക് വേണ്ടിയാണ് അനന്തപുരി മണികണ്ഠന്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. 2013 മുതല്‍ ജവാഹര്‍ നഗറിലെ വസ്തു കൈവശപ്പെടുത്തണമെന്ന് ആഗ്രഹമുള്ള അനില്‍ തമ്പി പലവട്ടം വസ്തു വില്‍ക്കുന്നതിനെക്കുറിച്ച് ആവശ്യപ്പെട്ടിട്ടും ഉടമ വില്‍ക്കാന്‍ തയാറായില്ല. തുടര്‍ന്ന് അനില്‍ തമ്പി കടക്കെണിയിലായിരുന്ന മണികണ്ഠന് 40 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയാണ് പദ്ധതി നടപ്പാക്കിയത്.
വിദേശത്ത് താമസിക്കുന്ന ജവഹര്‍ സ്വദേശി ഡോറയുടെ ഉടമസ്ഥതയിലുള്ള വീടും 14.5 സെന്റ് സ്ഥലവുമാണ് കഴിഞ്ഞ ജനുവരിയില്‍ വ്യാജ ആധാരം ചമച്ച് പ്രതികള്‍ കൈക്കലാക്കിയത്. ഡോറയുടെ വളര്‍ത്തുമകളാണെന്ന വ്യാജേന മണക്കാട് പുതുപറമ്പില്‍ വീട്ടില്‍ മെറിന്‍ ജേക്കബിന്റെ പേരില്‍ വസ്തു ധനനിശ്ചയം ചെയ്തു. തുടര്‍ന്ന് മരുതംകുഴി സ്വദേശി ചന്ദ്രസേനന് വിലയാധാരം എഴുതിക്കൊടുക്കുകയായിരുന്നു.
