ബസില്‍ തിരക്കിനിടെ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചു; ശേഷം ഒളിവിൽ പോയി; സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം; വയനാട്ടിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്നതായി വിവരം; ഒടുവിൽ പ്രതി പോലീസിന്റെ പിടിയിൽ
കൊണ്ടോട്ടി: കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസിന്റെ പിടിയിൽ. ബസില്‍ തിരക്കിനിടയിലാണ് പ്രതി പാദസരം മോഷ്ടിച്ചത്. കേസിൽ ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി തയ്യില്‍ സബാഹ് (30) ആണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആന്റി തെഫ്റ്റ് സ്ക്വാഡും, പോലീസും സംയുക്തമായി അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
സെപ്റ്റംബര്‍ രണ്ടിന് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടെയാണ് മോഷണമുണ്ടാവുന്നത്. യാത്രക്കാരുടെ തിരക്കിനിടെ അടുത്തുണ്ടായിരുന്ന കുഞ്ഞിന്റെ പാദസരം പ്രതി ഊരിയെടുക്കുകയായിരുന്നു. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.
ഒളിവില്‍ പോയ സബാഹ് വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞുവരുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് വയനാട് പോലീസിന്റെ സഹായത്തോടെ കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ പി.എം. ഷമീറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ആന്റി തെഫ്റ്റ് സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മോഷണ കുറ്റം ഉൾപ്പെടെയുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തത്.
മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ എസ്.കെ. പ്രിയന്, എ.എസ്.ഐ ശശികുമാര്‍ അമ്പാളി, സ്ക്വാഡ് അംഗങ്ങളായ സഞ്ജീവ്, രതീഷ്, സുബ്രമണ്യന്‍, മുസ്തഫ, രതീഷ്, ഋഷികേശ്, അമര്‍നാഥ്, ബിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.