സ്കൂൾ ബസിൽ പതിവായി പോകുന്ന കുട്ടികളെ നോട്ടമിട്ടു; പിന്നാലെ മുഖം മറച്ചെത്തി യു.കെ.ജി വിദ്യാർഥിനിയെ ഭയപ്പെടുത്തി മോഷണം; സ്വർണവള ഊരിയെടുത്തത് കറുത്ത ഷർട്ടും പാന്റും ധരിച്ചയാളെന്ന് മൊഴി നൽകി പെൺകുട്ടി; നിർണായകമായത് സി.സി.ടി.വി ദൃശ്യങ്ങൾ

Update: 2025-12-13 07:41 GMT

മലപ്പുറം: യു.കെ.ജി വിദ്യാർഥിനിയുടെ അരപ്പവൻ സ്വർണവള മോഷ്ടിച്ച കേസിലെ പ്രതിയെ പിടിയിൽ. അരിമ്പ്ര പുതനപ്പറമ്പ് തോരക്കാട്ട് ഉമ്മർ (36) ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളിലെ നിർണായകമായ തുമ്പാണ് പ്രതിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സഹായകമായത്. മോഷ്ടിച്ച സ്വർണവളയും വിറ്റ് ലഭിച്ച പണവും പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് പുതനപ്പറമ്പിലായിരുന്നു സംഭവം. സ്കൂൾ ബസിൽ പതിവായി പോകുന്ന കുട്ടികളുടെ സ്വർണാഭരണങ്ങൾ പ്രതി നേരത്തെ നോട്ടമിട്ടിരുന്നു. സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന അരിമ്പ്ര പുതനപ്പറമ്പ് പള്ളിയാളി സൈതലവിയുടെ മകളായ യു.കെ.ജി വിദ്യാർഥിനിയെ, വഴിക്ക് കുറുകെയുള്ള വാഴത്തോട്ടത്തിലൂടെ മുഖം മറച്ചെത്തിയ പ്രതി ഭയപ്പെടുത്തുകയും കൈത്തണ്ടയിൽ നിന്ന് സ്വർണവള ബലമായി ഊരിയെടുക്കുകയുമായിരുന്നു. കറുത്ത ഷർട്ടും പാന്റും ധരിച്ച് മുഖം തുണികൊണ്ട് മറച്ചയാളാണ് വള തട്ടിയെടുത്തതെന്ന് കുട്ടികൾ മൊഴി നൽകിയിരുന്നു.

രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കേസെടുത്ത കൊണ്ടോട്ടി പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. കറുത്ത വസ്ത്രം ധരിച്ചയാളെ തുടക്കത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, കുട്ടികൾ ഇറങ്ങിയ ബസ് സ്റ്റോപ്പിന് മുന്നിലൂടെ വെള്ള ഷർട്ട് ധരിച്ചൊരാൾ പോകുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. കുട്ടികളുടെ മുന്നിലേക്ക് പ്രതി എടുത്ത് ചാടുന്ന അവ്യക്തമായ ദൃശ്യങ്ങൾ ആവർത്തിച്ച് പരിശോധിച്ചതിൽ, ധരിച്ചിരുന്ന കറുത്ത വസ്ത്രത്തിനടിയിൽ വെള്ള നിറത്തിലുള്ള ഭാഗം കണ്ടതാണ് അന്വേഷണത്തിൽ നിർണായകമായ തുമ്പായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉമ്മറിനെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കാവനൂരിലെ ഒരു സ്ഥാപനത്തിൽ വിറ്റ വളയും, അത് വിറ്റതിലൂടെ ലഭിച്ചതും പിന്നീട് ചെലവഴിച്ചതുമായ പണവും പൊലീസ് കണ്ടെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടർ പി.എം. ഷമീർ അറിയിച്ചു. കുറ്റം ചെയ്യാനായി ധരിച്ചിരുന്ന വെള്ള ഷർട്ടിന് മുകളിൽ ജോലിക്ക് ഉപയോഗിക്കുന്ന കറുത്ത ടീ ഷർട്ട് ധരിക്കുകയായിരുന്നുവെന്ന് ഉമ്മർ പൊലീസിന് മൊഴി നൽകി.

Tags:    

Similar News