പരിപാടിയിൽ പങ്കെടുക്കാൻ വീട്ടുകാർ പുറത്തുപോയി; തക്കം നോക്കി പമ്മിയെത്തി കള്ളന്മാർ; മുൻവശത്തെ വാതിൽ പൊളിച്ച് അകത്തുകയറി; സ്വർണം ഉൾപ്പെടെ ലക്ഷങ്ങൾ വിലമതിക്കുന്ന ഉരുപ്പടികൾ അടിച്ചുകൊണ്ടുപോയി; തലയിൽ കൈവച്ച് ഉടമ; നിർണായക ദൃശ്യങ്ങൾ ലഭിച്ചു; വല വിരിച്ച് പോലീസ്; ഫ്ലാറ്റിൽ നടന്നത്!
ബംഗളുരു: നാട്ടിൽ ഇപ്പോൾ മോഷണം പതിവ് സംഭവമാണ്. പട്ടാപകൽ പോലും കള്ളന്മാരെ കൊണ്ട് രക്ഷയില്ല. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ ബംഗളുരുവിൽ നടന്നിരിക്കുന്നത്. വീട്ടുകാർ പുറത്തുപോയ തക്കം നോക്കി മോഷ്ട്ടാക്കൾ എത്തി കവർച്ച നടത്തി. വീട്ടുകാർ പുറത്തുപോയതും പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ 301 ഗ്രാം സ്വർണം ഉൾപ്പെടെ 23 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു.
ബംഗളുരു ബനശങ്കരയിലി മഞ്ജുനാഥനഗറിലാണ് സംഭവം നടന്നത്. മൂന്ന് നിലകളുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഫ്ലാറ്റിലാണ് മോഷണം നടന്നത്. സമീപത്തെ ഒരു സിസിടിവിയിൽ നിന്ന് മോഷ്ടാവെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെ നിർണായക ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു.
കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്. ശങ്കർനഗറിലെ കെംപഗൗഡ പ്ലേ ഗ്രൗണ്ടിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനായി കുടുംബാംഗങ്ങൾ വൈകുന്നേരം അഞ്ച് മണിയോടെ വീട് പൂട്ടി പുറത്തു പോയിരുന്നു. രാത്രി 11.40ഓടെ കൃഷ്ണനും ഭാര്യയും മക്കളും വീട്ടിൽ തിരിച്ചെത്തി. പുറത്തു നിന്ന് നോക്കിയപ്പോൾ തന്നെ മുൻവാതിൽ തകർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് വീട്ടിലുള്ള വിലപിടിപ്പുള്ള സകലതും കള്ളന്മാർ കൊണ്ടുപോയെന്ന് മനസിലായത്. മുറിയിൽ കടന്ന മോഷ്ടാക്കൾ അലമാര തകർത്ത് 301 ഗ്രാം സ്വർണവും 1.7 ലക്ഷം രൂപയും കൊണ്ടുപോയി. കമ്മലുകളും, ബ്രേസ്‍ലെറ്റുകളും, ഒരു നെക്ലേസും, സ്വർണ മാലകളും വെള്ളി ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.
വീട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് പോലീസും വിരലടയാള വിദഗ്ധരും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി. പ്രതികൾക്കായി തിരച്ചിൽ ഉർജ്ജിതമാക്കിയതായും അറിയിച്ചു.